Sorry, you need to enable JavaScript to visit this website.

വാട്സാപ്പ് ഗ്രൂപ്പുമായി യു.എ.ഇയില്‍ കുടുങ്ങിയ സൗദി മലയാളികള്‍

അബുദാബി- യു.എ.ഇയില്‍ കുടുങ്ങിയ സൗദി മലയാളികള്‍ വാട്‌സ്ആപ് കൂട്ടായ്മയ്ക്കു രൂപം നല്‍കി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി കുടുങ്ങിയവരെ ഒന്നിപ്പിക്കാന്‍ ദുബായ്- ടു സൗദി എന്ന പേരിലാണ് വാട്‌സ്ആപ് കൂട്ടായ്മ.

താമസം, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ സാധ്യതകള്‍ പങ്കുവയ്ക്കുകയും സഹായിക്കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. തൃത്താല സ്വദേശി നൗഷാദ് അലി (+966 53 121 4356)യും സുഹൃത്തുക്കളും ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. 

യു.എ.ഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ അപ്രതീക്ഷിത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയില്‍ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടു വിമാന സര്‍വീസില്ലാത്തതിനാല്‍ യു.എ.ഇയിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലേക്ക് പോയിരുന്നത്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ നല്‍കി എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും.

യു.എ.ഇയില്‍ കുടുങ്ങിയ മലയാളികളെ കേന്ദ്രത്തെ ഏല്‍പിച്ച് പിണറായി സര്‍ക്കാര്‍

പാക്കേജ് കാലാവധി കഴിഞ്ഞതോടെ ഇവരില്‍ പലരും താമസിക്കാനും ഭക്ഷണത്തിനും വകയില്ലാതെ പ്രയാസത്തിലാണ്. കുടുങ്ങിയവരുടെ മൊത്തം വിവരങ്ങള്‍ നോര്‍ക്കക്ക് എത്തിച്ച് സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാക്കാനുള്ള ശ്രമവും നടന്നുവരുന്നു. 

യാത്രാ വിലക്കുമൂലം ഇതു രണ്ടാം തവണയാണ് സൗദി പ്രവാസികള്‍  യു.എ.ഇയില്‍ കുടുങ്ങുന്നത്. കഴിഞ്ഞ തവണ കുടങ്ങിയപ്പോള്‍ കെ.എം.സി.സി, ഐ.സി.എഫ് സംഘടനകള്‍ സഹായിച്ചിരുന്നു. 

യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ നടപടികള്‍ തുടങ്ങിയതായി ഇന്‍കാസ് ദുബായ് യൂത്ത് വിങ് ഭാരവാഹികള്‍ അറിയിച്ചു. എമിറേറ്റ്‌സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇവര്‍ക്ക് ഫുജൈറയില്‍ താമസവും ഭക്ഷണവും ഒരുക്കുമെന്നും അവര്‍ വ്യക്തമാക്കി. തങ്ങളുമായി ബന്ധപ്പെട്ട 60 പേരെ അടിയന്തരമായി ഇന്നു കൊണ്ടുപോകുമെന്നും ബാക്കിയുള്ളവര്‍ക്കും സൗകര്യമൊരുക്കുമെന്നും അവർ അറിയിച്ചു.

Latest News