ദോഹ- ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തൊന്നാമത് ഇന്റർസ്‌കൂൾ കോമ്പറ്റീഷൻസിൽ 62 പോയിന്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 45 പോയിന്റുകൾ നേടിയ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും 40 പോയിന്റുകൾ നേടി ബിർള പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ 8 വേദികളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പതിനൊന്ന് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർഥി, വിദ്യാർഥിനികളാണ് പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മനഃപാഠം, ഗ്രൂപ്പ് ഡിസ്‌കഷൻ, സെൽഫി ടോക്ക് തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്. ദോഹ മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് നടത്തിയ രണ്ടാമത് ഇന്റർസ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ഡിബേറ്റിൽ ബിർള പബ്ലിക് സ്‌കൂൾ ഒന്നാമതെത്തിയപ്പോൾ എം.ഇ.എസ്, ശാന്തിനികേതൻ സ്‌കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാർലെ മില്ലൻ യൂണിവേഴ്‌സിറ്റി എജ്യുക്കേഷനൽ സപ്പോർട്ട് ലോറ റമിറെസ് മോഡറേറ്ററായി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ഡി.ഐ.സി.ഐ.ഡി. ഡയറക്ടർ ബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ: മുഹമ്മദ് അലി അൽ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം കൊണ്ടേ ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കാൻ കഴിയൂവെന്നും അത്തരമൊരു ലക്ഷ്യം മുന്നിൽ കണ്ട് വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സര പരിപാടികൾ ഒരുക്കിയ ഈ സംരംഭം മഹനീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധമുള്ള പുതു തലമുറയെ വാർത്തെടുക്കാനുതകുന്ന ഇത്തരം സംരംഭങ്ങൾക്ക് ഡി.ഐ.സി.ഐ.ഡിയുടെ എല്ലാ വിധ സഹകരണങ്ങൾ ഉണ്ടാകുമെന്നും ഡോ: അൽ ഗാമിദി പറഞ്ഞു.
യൂത്ത്‌ഫോറം ആക്ടിങ്ങ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് ജനറൽ കൺവീനർ ജംഷീദ് ഇബ്രാഹീം സാഗതം പറഞ്ഞു. ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ: മഹമൂദ്, യൂത്ത്‌ഫോറം രക്ഷാധികാരി എം.എസ്.എ റസാഖ്, കാർലെ മില്ലൻ യൂണിവേഴ്‌സിറ്റി എജ്യുക്കേഷണൽ സപ്പോർട്ട് ലോറ റെമിറസ്, യൂത്ത്‌ഫോറം ജനറർ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറിമാരായ അസ്‌ലം ഈരാറ്റുപേട്ട, തൗഫീഖ് അബ്ദുല്ല തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെതു. മുഖ്യാതിഥി ഡോ: മുഹമ്മദ് അലി അൽ ഗാമിദി ഇന്റർ സ്‌കൂൾ ഡിബേറ്റ് വിജയികൾക്കുള്ള ഡി.ഐ.സി.ഐ.ഡി.യുടെ ഉപഹാരങ്ങളും ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫികളും സമ്മാനിച്ചു.






