ആന്ദ്രെ ഇനിയെസ്റ്റയായിരുന്നു ബാഴ്‌സലോണ മധ്യനിരയിലെ മജീഷ്യൻ. ഇനിയെസ്റ്റ ക്ലബ് വിട്ട ശേഷം അത്തരമൊരു കളിക്കാരനായി കാത്തിരിക്കുകയായിരുന്നു ബാഴ്‌സലോണ ആരാധകർ. പതിനെട്ടുകാരൻ പെഡ്രി ഗോൺസാലസ് ആ കാത്തിരിപ്പ് അവസാനിപ്പിക്കുമോ? ബാഴ്‌സലോണയിൽ ഉജ്വലമായ ആദ്യ സീസണിന്റെ മധ്യത്തിലാണ് ഈ കളിക്കാരൻ. ഇതിനകം പ്ലേമേക്കിംഗിലെ ചന്തവും ചാരുതയും കൊണ്ട് പെഡ്രി ആരാധകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
ബാഴ്‌സലോണ സ്ഥിതി ചെയ്യുന്ന കാറ്റലോണിയ പ്രദേശത്ത് ജനിച്ചു വളർന്ന കളിക്കാരനാണ് പെഡ്രി. ചെറുപ്പം മുതൽ ഇനിയെസ്റ്റയുടെ ആരാധകനായിരുന്നു. ടെനറിഫെ ദ്വീപിൽ മുത്തച്ഛൻ സ്ഥാപിച്ച ബാഴ്‌സലോണ ആരാധകക്കൂട്ടത്തിൽ ചേർന്ന് ആകാവുന്നിടത്തോളം കളി ആസ്വദിച്ചാണ് പെഡ്രി വളർന്നത്. ഇന്റർനെറ്റിൽ ഇനിയെസ്റ്റയുടെ കളി വീക്ഷിക്കുകയായിരുന്നു ഹോബി.
ഇനിയെസ്റ്റയായിരുന്നു എന്റെ ഹീറോ. ഇനിയെസ്റ്റയുടെ ശൈലിയോട് അത്രക്കും പ്രണയമായിരുന്നു. കളിക്കളത്തിൽ മാത്രമല്ല കളത്തിനു പുറത്തും ഇനിയെസ്റ്റയുടെ രീതികളെയാണ് ഞാൻ മാതൃകയാക്കിയത്. ഇനിയെസ്റ്റയാണ് ഫുട്‌ബോളിൽ എന്റെ മാനദണ്ഡം -പെഡ്രി പറഞ്ഞു.
ഇനിയെസ്റ്റയുമായി കളി ശൈലിയിൽ മാത്രമല്ല, രൂപഭാവങ്ങളിലും പെഡ്രിക്ക് അസാധാരണമായ സാമ്യതകളുണ്ട്. ഇനിയെസ്റ്റയെ പോലെ പന്ത് കിട്ടിയാൽ പട്ടിന്റെ പകിട്ടോടെയാണ് പെഡ്രിയുടെ നീക്കങ്ങൾ. എത്ര ചെറിയ സ്‌പെയ്‌സിലും ഡ്രിബഌംഗും പാസിംഗും അനായാസമാണ് പെഡ്രിക്കും. ഇനിയെസ്റ്റയെ പോലെ എത്ര കടുത്ത സമ്മർദത്തിലും സംയമനം പാലിക്കാൻ പെഡ്രിക്കും സാധിക്കുന്നു. പന്ത് കാലിൽ നിൽക്കേ നിമിഷാർധത്തിൽ തീരുമാനമെടുക്കേണ്ടി വരുമ്പോൾ അതേ ജാഗ്രത പെഡ്രിക്കുമുണ്ട്.
ഫുട്‌ബോളിന് പുറത്തും ഈ സാമ്യത നിലനിൽക്കുന്നു. കുടുംബമാണ് പെഡ്രിയുടെയും കേന്ദ്രം. കനേറി ദ്വീപിൽ നിന്ന് പിതാവ് തന്നെയും ജ്യേഷ്ഠനെയും കാണാൻ ബാഴ്‌സലോണയിലേക്ക് വരുമ്പോൾ മൂവരും ഒരുമിച്ചിരുന്ന് ബോർഡ് ഗെയിമുകൾ കളിക്കും.
ഈ സീസണിൽ പെഡ്രി മൂന്നു ഗോളടിച്ചു. എന്നാൽ ഗോളിനെക്കാളേറെ പാസിംഗും പന്തുമായുള്ള കുതിപ്പുമാണ് ഈ യുവ താരത്തെ വേറിട്ടു നിർത്തുന്നത്. ഈ സീസണിൽ രണ്ടു തവണയാണ് അനായാസമെന്നു തോന്നുന്ന രീതിയിൽ പിൻകാലു കൊണ്ട് തട്ടിയുയർത്തി ലിയണൽ മെസ്സിക്ക് ഗോളടിക്കാൻ പെഡ്രി വഴിയൊരുക്കിയത്. ഇത്തരം മാന്ത്രിക നിമിഷങ്ങളാണ് ഇനിയെസ്റ്റയെ ഓർമിപ്പിക്കുന്നത്. കഠിനാധ്വാനം തുടരണമെന്ന് ഇനിയെസ്റ്റ ഇടക്കിടെ പെഡ്രിക്ക് സന്ദേശം അയക്കാറുമുണ്ട്.
ഇനിയെസ്റ്റയുടെ എല്ലാ കളികളും ഞാൻ കണ്ടിട്ടുണ്ടാവും. യുട്യൂബിൽ ഇനിയെസ്റ്റയുടേതായി ഒരു വീഡിയോയും ഞാൻ കാണാത്തതായി ഉണ്ടാവില്ല. അതിൽ ചിലതൊക്കെ മനസ്സിൽ തറച്ചിട്ടുണ്ടാവാം. ആ കഴിവുകളിൽ ചിലത് എനിക്കും കിട്ടിയിട്ടുണ്ടാവാം. കാരണം ഈ നിമിഷങ്ങളിൽ പൊടുന്നനെ കളിക്കളത്തിൽ സംഭവിക്കുന്നതാണ്. ആസൂത്രിതമായി ചെയ്യുന്നതല്ല. പെട്ടെന്ന് മെസ്സിയുടെ വിളി കേൾക്കുമ്പോൾ പന്ത് എത്തിച്ചു കൊടുക്കേണ്ടതുണ്ട്. മെസ്സി അപകടം വിതക്കുമെന്നും സ്വതഃസിദ്ധമായ ശൈലിയിൽ സ്‌കോർ ചെയ്യുമെന്നും എല്ലാവർക്കുമറിയാം -പെഡ്രി പറഞ്ഞു.
ഒരു യുവതാരത്തിന്റെ ശരീരത്തിൽ വസിക്കുന്ന പരിചയ സമ്പന്നനായ കളിക്കാരൻ എന്നാണ് പെഡ്രിയെ സ്‌ട്രൈക്കർ മാർടിൻ ബ്രാതവൈറ്റ് വിശേഷിപ്പിക്കുന്നത്. പക്ഷേ ചെറുപ്പം മുതൽ ഇതാണ് പെഡ്രിയുടെ രീതി. ഈ ശാന്തത എപ്പോഴുമുണ്ടായിട്ടുണ്ടെന്ന് പെഡ്രി പറയുന്നു. ടെഗസ്റ്റയിലെ ജന്മദേശത്ത് കളിച്ച അതേ രീതിയിൽ തന്നെയാണ് നൗകാമ്പിലും ഞാൻ കളിക്കുന്നത് -യുവതാരം പറഞ്ഞു.
ഈ സീസണിൽ ബാഴ്‌സലോണയുടെ ഏറ്റവും വലിയ കരാറുകളിലൊന്നായിരുന്നു പെഡ്രിയുടേത്. ഫിലിപ്പെ കൗടിഞ്ഞൊ, ഉസ്മാൻ ദെംബെലെ, ആന്റോയ്ൻ ഗ്രീസ്മാൻ തുടങ്ങിയവർക്കായി കോടികൾ ചെലവിട്ട ബാഴ്‌സലോണക്ക് ചെറിയ തുകയിൽ കിട്ടിയ വലിയ ഭാഗ്യമാണ് പെഡ്രി. മാർക്കൊ അസൻസിയോയെ പോലുള്ള സ്പാനിഷ് യുവതാരങ്ങളെ തലനാരിഴക്ക് നഷ്ടപ്പെട്ട ബാഴ്‌സലോണ ഇത്തവണ അവസരം മുതലെടുത്തു. അസൻസിയോയുടെ ഏജന്റ് അവസാന ഘട്ടം വരെ ബാഴ്‌സലോണയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ താരത്തെ റയൽ മഡ്രീഡ് റാഞ്ചി.
കനേറി ദ്വീപിൽ ലാസ്പാൽമാസിന് കളിക്കുമ്പോഴാണ് പെഡ്രിയെ 2019 ൽ ബാഴ്‌സലോണ 50 ലക്ഷം യൂറോക്ക് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ലാസ്പാൽമാസിൽ തന്നെ കഴിയാൻ ബാഴ്‌സലോണ അനുവദിച്ചു.
ഒരു ദിവസം കോച്ച് റോണൾഡ് കൂമൻ അരികിൽ വിളിച്ചു. ഞാൻ കളിക്കുന്നത് അധികം കണ്ടിട്ടില്ലെന്നും പരിശീലനത്തിൽ കഴിവ് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. അത് പ്രചോദനമായി. ബാഴ്‌സലോണയിൽ സ്ഥാനം ലഭിക്കാൻ കഠിനാധ്വാനം വേണമെന്ന് അറിയാമായിരുന്നു -പെഡ്രി വെളിപ്പെടുത്തി. കൂമൻ പലതവണ ടീമിൽ മാറ്റം വരുത്തിയിരുന്നു. പക്ഷേ പെഡ്രി എന്നും പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിർത്തി. സ്‌ട്രൈക്കർ പദവിയിലൊഴികെ മധ്യനിരയിലെ എല്ലാ അറ്റാക്കിംഗ് പൊസിഷനിലും പെഡ്രിയെ കൂമൻ കളിപ്പിച്ചു. ഒടുവിൽ ഫ്രെങ്കി ഡിയോംഗിനൊപ്പം ഇൻസൈഡിൽ സ്ഥിരമാക്കി. ഈ സീസണിൽ കൂടുതൽ മത്സരം കളിച്ച ബാഴ്‌സലോണ താരം പെഡ്രിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് പെഡ്രിക്കെന്ന് കൂമൻ കരുതുന്നു. പെഡ്രിയുമായി കളിക്കളത്തിൽ ഒരു ബന്ധം വളർത്തിയെടുക്കാൻ മെസ്സിക്കും സാധിച്ചിട്ടുണ്ട്. ഈ സീസണിനു ശേഷവും ബാഴ്‌സലോണയിൽ തുടരാൻ അത് മെസ്സിയെ പ്രേരിപ്പിച്ചേക്കുമെന്ന് കരുതുന്നവരേറെയാണ്. മെസ്സി ക്ലബ് വിടില്ലെന്നും മെസ്സിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നുമാണ് പെഡ്രി കരുതുന്നത്. വിലപ്പെട്ട ഉപദേശമാണ് മെസ്സിയിൽ നിന്ന് കിട്ടുന്നത്. എങ്ങനെ പൂർണ ശ്രദ്ധ നിലനിർത്തണമെന്ന്, പ്രതിരോധത്തിലെയും മധ്യനിരയിലെയും വിള്ളലുകളിലൂടെ എങ്ങനെ കടന്നുകയറാമെന്ന്. ക്ലബ് വിടണമോ വേണ്ടയോ എന്നത് മെസ്സിയുടെ തീരുമാനമാണ്. ഇവിടെയുള്ള കാലത്തോളം മെസ്സിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് എല്ലാവരുടെയും കടമ. ആ കാലം ഏറെ നീണ്ടുനിൽക്കണമെന്നാണ് ആഗ്രഹം -പെഡ്രി പറഞ്ഞു.