അമ്മയുടെ സിനിമയ്ക്ക് പേര് നിര്‍ദേശിക്കൂ, സമ്മാനം നേടാം 

കലൂര്‍-അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാന വേളയില്‍ 'അമ്മ' നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'ട്വന്റി  20' മാതൃകയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ടി കെ രാജീവ് കുമാറാണ്. പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം  ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും വലിയ വിജയമാവാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. ചിത്രത്തിനു പേര് നിര്‍ദേശിക്കാനായി പ്രേക്ഷകര്‍ക്ക് ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിക്ക് സമ്മാനം ഉണ്ടാവും.
'സംഘടനയ്ക്ക് മുന്നോട്ടുപോകാനുള്ള സാമ്പത്തിക അടിത്തറയ്ക്കുവേണ്ടി എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചപ്പോള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ഷോ നടത്തുക ബുദ്ധിമുട്ടാണെന്ന് മനസിലായി. അങ്ങനെയാണ് ട്വന്റി  20 മാതൃകയില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അതിന് വളരെ ഹൃദയഹാരിയായ ഒരു കഥ കിട്ടി. 135-140 ഓളം ആര്‍ട്ടിസ്റ്റുകള്‍ക്ക് അതില്‍ വര്‍ക്ക് ചെയ്യാം. അങ്ങനെയൊരു കഥയാണ്. ഇതൊരു ബൃഹത്തായ സിനിമയാണ്. അമ്മയ്ക്കുവേണ്ടി ആശിര്‍വാദ് ആണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം ടി കെ രാജീവ് കുമാര്‍. വളരെ ബ്രില്യന്റ് ആയ ഒരു ക്രൈം  ത്രില്ലര്‍ ആണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഏറ്റവും നന്നായി ഓടാവുന്ന ഒരു സിനിമയായി അത് മാറാന്‍ സാധ്യതയുണ്ട്.' മോഹന്‍ ലാല്‍ പറഞ്ഞു.
 

Latest News