തലസ്ഥാന നഗരിയായ ദൽഹിയുടെ പ്രാന്തങ്ങളിൽ മാസങ്ങളായി സമരം ചെയ്യുന്ന കർഷകരെയും അവരെ പിന്തണക്കുന്നവരെയും നിന്ദിച്ചുകൊണ്ടും രാജ്യത്തിനെതിരായ ഒറ്റുകാരാക്കിയും കേന്ദ്ര സർക്കാരും സംഘ്പരിവാറും മുന്നോട്ടു പോകുകയാണ്. രാജ്യാന്തര തലത്തിൽ ദിവസം കഴിയുംതോറും ഇന്ത്യക്കാർ നാണം കെട്ടുകൊണ്ടിരിക്കുന്നത് അവർക്കൊരു പ്രശ്നമില്ലാതായിരിക്കുന്നു. ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകൾ പരസ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് ബി.ജെ.പിയുടെ മന്ത്രിമാരിൽനിന്നും നേതാക്കളിൽനിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കർഷകരെ കൈകാര്യം ചെയ്യുന്നതിനും അവരെ പിന്തുണക്കുന്നവരെ സമൂഹ മാധ്യമങ്ങളിൽ കൈകാര്യം ചെയ്യുന്നതിനും ഹിന്ദുത്വത്തിന്റെ പേരിൽ ധാരാളം പേർ രംഗത്തു വന്നിരിക്കുന്നു.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസിന്റെ കോലം കത്തിച്ചവർ പരിസ്ഥിതിക്ക് വേണ്ടി ശബ്ദമുയർത്തി ലോക ശ്രദ്ധ നേടിയ ഗ്രേറ്റ തുൻബർഗിന്റെ സഹായിയും മലയാളിയുമായ ആദർശ് പ്രതാപിനെ പോലും വെറുതെ വിടുന്നില്ല. കർഷകരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി രംഗത്തു വന്നതാണ് അന്താരാഷ്ട്ര സെലിബ്രിറ്റികൾ വേട്ടയാടപ്പെടാൻ കാരണം. ഹിന്ദു ഐക്യവേദിക്കാരാണ് മീന ഹാരിസിന്റെ കോലം കത്തിച്ചത്. കർഷകരുടെ പൗരാവകാശങ്ങൾക്കു വേണ്ടി ശബ്ദുച്ചുവെന്നല്ലാതെ താനൊന്നും ചെയ്തിട്ടില്ലെന്ന് മീന ഹാരിസ് ട്വീറ്റ് ചെയ്യുന്നു.
വിരട്ടി നിശ്ശബ്ദനാക്കാനാവില്ലെന്നും കർഷകർക്കൊപ്പം തന്നെ നിലകൊള്ളുമെന്നും മീന ഹാരിസ് ആവർത്തിച്ചു.
ഗ്രേറ്റ തുൻബർഗിന് വിവരങ്ങൾ നൽകി അവരെ രാജ്യത്തിനെതിരെ തിരിക്കുന്നുവെന്ന് ആരോപിച്ചാണ് അവരുടെ ഫേസ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആദർശിനെതിരെ സൈബർ ആക്രമണം. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. യുദ്ധസന്നാഹത്തോടെ കർഷകരെ നേരിടുന്ന ബി.ജെ.പി സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുന്ന പ്രതിഷേധത്തെ മൊത്തത്തിൽ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിലും ഭ്രാന്തമായ ദേശീയതയിലും വരവുവെച്ച് നേരിടാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ഇന്ത്യ ഒറ്റക്കെട്ട് എന്ന പേരിൽ ആരംഭിച്ച കാമ്പയിനാകട്ടെ ചോദ്യം ചെയ്യപ്പെടുകയാണ്. കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിഛേദിച്ചുകൊണ്ടാണ് സർക്കാരിന്റെ പ്രതിരോധം. ഇതാകട്ടെ രാജ്യാന്തര തലത്തിൽ വലിയ വിമർശനത്തിനും കാരണമായി. ആശയവിനിമയത്തിനുള്ള സൗകര്യങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി പുതിയതല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടന്ന വേളിയിലും കശ്മീരിനുണ്ടായിരുന്ന പ്രത്യേകാധികാരം എടുത്തു മാറ്റിയപ്പോഴും സർക്കാർ ഇന്റർനെറ്റ് നിരോധം പ്രധാന ആയുധമാക്കിയിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു നടന്ന സംഭവങ്ങൾ രാജ്യത്തിനു വലിയ നാണക്കേടായി മാറിയിരുന്നു. സമരക്കാരെ നേരിട്ട രീതിയും സമരക്കാരിൽ ചിലർ ദേശീയ പതാക മാത്രം പാറിക്കാറുള്ള ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയതും അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പുറംലോകത്തെത്തിച്ചത്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഉയർത്തുന്ന എതിർശബ്ദം അടിച്ചമർത്താൻ ഉരുക്കുമുഷ്ടി ഉപയോഗിക്കുന്നതിനു പകരം ചർച്ചകളുടെയും അനുരഞ്ജനത്തിന്റെയും മാർഗം സ്വീകരിക്കണമെന്ന് വിവിധ രാജ്യങ്ങൾ ഉപദേശിച്ചിട്ടും ജനവിധിയുണ്ടെന്ന അഹങ്കാരത്താൽ കേന്ദ്ര സർക്കാർ അതെല്ലാം തള്ളിക്കളയുകയാണ്. കർഷക പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്കയുടെ പ്രസ്താവനയിൽ വിപണിക്കനുകൂലമായ തീരുമാനങ്ങളിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്ന വാക്കുകളിലാണ് കേന്ദ്ര മന്ത്രിമാർ ആശ്വാസം കണ്ടെത്തുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് മാസത്തിലേറെയായി വിവിധ കർഷക സംഘടനകൾ സമരം നടത്തിവരുന്നത്.
റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെ കരുതലോടെയാണ് കർഷക നേതാക്കൾ മുന്നോട്ടു നീങ്ങുന്നത്. ദേശവ്യാപകമായി ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന റോഡ് ഉപരോധം ദൽഹിയിൽ നടത്തുന്നില്ല. ദൽഹിക്കു പുറത്ത് ദേശീയ, സംസ്ഥാന പാതകളിൽ മൂന്ന് മണിക്കൂർ ഉപരോധം നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചക്ക ജാം സമരത്തിൽ കുടുങ്ങുന്നവർക്ക് വെള്ളവും ഭക്ഷണവും സമരക്കാർ തന്നെ എത്തിക്കുമെന്നും കേന്ദ്ര സർക്കാർ കാണിക്കുന്ന അനീതിയെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുമെന്നുമാണ് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരിക്കുന്നത്. വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്ന് പിറകോട്ട് പോകില്ലെന്നും നവംബറിൽ ആരംഭിച്ച സമരം വേണ്ടിവന്നാൽ അടുത്ത ഒക്ടോബർ വരെ കൊണ്ടുപോകുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഗ്രാമീണർ തങ്ങളുടെ സമരത്തിനു പിന്തുണ നൽകുമെന്നും ടിക്കായത്ത് അവകാശപ്പെടുന്നു. രണ്ട് ട്രാക്ടറുകൾ വീതം സമരത്തിനെത്തിക്കുമെന്നും അവർ മടങ്ങുമ്പോൾ പുതിയ ട്രാക്ടറുകളുമായി കർഷകർ എത്തുമെന്നും അദ്ദേഹം പറയുന്നു.
വിചിത്ര വാദങ്ങളുമായി കേന്ദ്ര സർക്കാരും സംഘ്പരിവാറും സമരത്തിനു പിന്തുണ നൽകുന്ന സെലിബ്രിറ്റികളെ ആക്രമിക്കുമ്പോൾ അവരെ കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ് കർഷക നേതാവിന്റെ പ്രതികരണം. പണത്തിനു വേണ്ടിയാണ് രാജ്യത്തെ ഒറ്റുകൊടുക്കുന്നവർ കർഷക സമരത്തെ പിന്തുണക്കുന്നതെന്ന് വിശ്വസിപ്പിക്കാനാണ് ആഭ്യന്തര മന്ത്രി ശ്രമിക്കുന്നത്.
പട്ടിണിപ്പാവങ്ങളായ കർഷകർ അവരുടെ അവസാന നിലനിൽപും സ്വകാര്യ കുത്തകകൾക്കു മുന്നിൽ അടിയറ വെക്കാതിരിക്കാനാണ് എല്ലാവിധ കഷ്ടനഷ്ടങ്ങളും സഹിച്ച് സമര രംഗത്ത് തുടരുന്നത്. പോരാട്ടത്തിനിടെ മരിച്ചുപോയവരും കാണാതായവരുമുണ്ട്. മരിച്ച കർഷകരുടെ വിധവകൾക്കു മുന്നിലാണ്, പട്ടിണിപ്പാവങ്ങളായ കർഷകരിൽനിന്ന് പണം വാങ്ങിയാണ് അന്താരാഷ്ട്ര സെലിബ്രിറ്റികൾ ശബ്ദമുയർത്തുന്നതെന്ന വിചിത്ര വാദം സർക്കാർ ഉയർത്തുന്നത്. യഥാർഥത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടവരാണ് ഇന്ത്യക്കാർ. അതാണ് അവരുടെ പാരമ്പര്യം. മനുഷ്യാവകാശ ലംഘനം എവിടെ നടന്നാലും ലോകത്തുള്ള ഏതൊരാൾ ക്കും പ്രതികരിക്കാം. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അധികാരമില്ലെന്ന് വാദിക്കുമ്പോൾ അത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യത്തെ ഇകഴ്ത്തലാണ്. ഹിറ്റ്ലറുടെ പാതയും ഫാസിസ്റ്റ് പ്രവണതയുമാണ്.
ഇന്ത്യയിൽ നടക്കുന്നത് ഞങ്ങളുടെ സ്വന്തം കാര്യമാണെന്നും മറ്റാരും ഇടപെടരുതെന്ന് ആവശ്യപ്പെട്ടും ഇന്റർനെറ്റ് വിഛേദിച്ചും ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടണമെന്ന നാണം കെട്ട ആവശ്യം ഉന്നയിച്ചും എത്രകാലം ഫാസിസ്റ്റുകൾക്ക് മുന്നോട്ടു പോകാൻ കഴിയും.
ജനവിധിയുണ്ടെന്ന അഹങ്കാരത്തിൽ ഈ സമരം കൂടി അടിച്ചമർത്താൻ കഴിഞ്ഞാൽ മറ്റെല്ലാം എളുപ്പമാകുമെന്ന കേന്ദ്ര സർക്കാരിന്റെയും സംഘ്പരിവാറിന്റെയും കണക്കുകൂട്ടലുകളാണ് ഓരോ ദിവസവും തെറ്റുന്നത്. ജനാധപത്യ വിരുദ്ധ നടപടികളിലൂടെ ജനങ്ങളുടെ എതിർശബ്ദങ്ങൾ ഇല്ലാതാക്കാൻ നടത്തുന്ന ഓരോ ശ്രമവും ഇന്ത്യക്കാരന് ആഗോള തലത്തിൽ നാണക്കേടും നിന്ദയുമാണ് സമ്മാനിക്കുന്നത്. കർഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സെലിബ്രിറ്റി റിഹാനയെ അനുകൂലിച്ച് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി തന്നെ രംഗത്തു വന്നിരിക്കേയാണ്, ട്വിറ്റർ ഉപയോഗിച്ച് ശിങ്കിടികളെ രംഗത്തിറക്കാനുള്ള അമിത് ഷായുടെ ശ്രമം നാണക്കേട് ഇരട്ടിപ്പിക്കുന്നത്.
ഹീറോകളെ തെരഞ്ഞെടുക്കുമ്പോൾ വിവേകത്തോടെ വേണമെന്നും നട്ടെല്ലുള്ളവരെ തെരഞ്ഞെടുക്കണമെന്നുമുള്ള നടൻ സിദ്ധാർഥിന്റെ പ്രതികരണം ഇതോട് ചേർത്തു വായിക്കണം. അമിത് ഷായെ പിന്തുണച്ച് രംഗത്തുവന്ന അക്ഷയ്കുമാർ അടക്കമുള്ള നടന്മാർക്കെതിരേയും സചിൻ അടക്കമുള്ള കായിക താരങ്ങൾക്കെതിരേയും തുടരുന്ന പ്രതിഷേധമാണ് ഈ വാക്കുകളിൽ.
സച്ചിനെ അറിയില്ലെന്ന് രണ്ട് വർഷം മുമ്പ് പറഞ്ഞപ്പോൾ ടെന്നിസ് താരം മരിയ ഷാരപ്പോവയെ തെറി വിളിച്ച മലയാളികൾ ഇപ്പോൾ സച്ചിൻ ഇനി തങ്ങളുടെ ദൈവമല്ലെന്ന് വ്യക്തമാക്കി ഷാരപ്പോവയോട് മാപ്പ് പറയുന്ന തിരക്കിലാണ്.






