ദോഹ- കോവിഡിന്റെ രണ്ടാം തരംഗം തടയാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ വീണ്ടും പ്രാബല്യത്തിലായി. ഘട്ടം ഘട്ടമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു മുന്നറിയിപ്പുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ എത്രമാത്രം പാലിക്കുന്നുണ്ടെന്നത് അനുസരിച്ചാകും തുടര്‍ നടപടികള്‍. ഓരോ മൂന്നാഴ്ച കൂടുമ്പോഴും സാഹചര്യങ്ങള്‍ വിലയിരുത്തും. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തിയിട്ടുണ്ടാകാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
4 ഘട്ടങ്ങളിലായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയം കോവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വെളിപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് നിരക്ക് കുറഞ്ഞില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ മിതമായവ മുതല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരെ നിയന്ത്രണം. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നാലാം ഘട്ടത്തില്‍ സമ്പൂര്‍ണ ലോക്ഡൗണുമാണ് നടപ്പാക്കുക.






