കോഴിക്കോട്- സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചേക്കാവുന്ന ക്രിസ്ത്യൻ അപ്രീതി യു.ഡി.എഫിനെ തുറിച്ചു നോക്കുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി. ജില്ലയിലെ മലയോര ഗ്രാമങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഒരു ക്രിസ്ത്യാനിയെ സ്ഥാനാർഥിയാക്കാനായാൽ വിജയം സുനിശ്ചിതമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇവിടെ നിന്ന് ഏറ്റവും മികച്ച ഭൂരിപക്ഷത്തിന് നിയമസഭയിലെത്തിയത് തൃശ്ശൂർ ജില്ലക്കാരനായ പി.പി.ജോർജ് ആയിരുന്നു.
ക്രിസ്ത്യൻ സമുദായത്തിന് നല്ല സ്വാധീനമുള്ളതും അതുകൊണ്ടു കൂടി ഐക്യ ജനാധിപത്യമുന്നണിക്ക് വേരുറപ്പുള്ളതുമായ ഈ മണ്ഡലത്തിൽ 1991 മുതൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് മുസ്‌ലിംലീഗാണ്. 1991ൽ 6102 വോട്ടിനും 1996ൽ 5122 വോട്ടിനും കോൺഗ്രസ് എസിലെ സിറിയക് ജോണിനെ എ.വി.അബ്ദുറഹിമാൻ ഹാജി പരാജയപ്പെടുത്തി. 2001ൽ എൻ.സി.പിയിലെത്തിയ സിറിയകിനെ ലീഗിലെ സി.മോയിൻകുട്ടിയാണ് തോൽപിച്ചത്. 2006ൽ വിജയം പ്രതീക്ഷിച്ചെത്തിയ എം.സി.മായിൻഹാജിയെ 5479 വോട്ടിന് തോൽപിച്ച് സിപി.എമ്മിലെ മത്തായി ചാക്കോ നിയമസഭ കണ്ടു. മത്തായി ചാക്കോയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം. വിജയം ആവർത്തിച്ചു. മുസ്‌ലിംലീഗിലെ വി.എം. ഉമ്മർ മാസ്റ്ററെ ജോർജ് എം. തോമസ് പരാജയപ്പെടുത്തി. 2011ൽ ജോർജ് എം. തോമസിനെ സി. മോയിൻ കുട്ടി അടിയറവ് പറയിക്കുമ്പോൾ മണ്ഡലത്തിന്റെ സ്വഭാവത്തിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിർത്തികൾ മാറി. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളുള്ള താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകൾ കൊടുവള്ളിയിലേക്ക് പോകുകയും ഇടതുപക്ഷ സ്വാധീനമുള്ള മുക്കം, കാരശ്ശേരി പഞ്ചായത്തുകൾ കടന്നുവരികയും ചെയ്തിരുന്നു. എന്നിട്ടും താമരശ്ശേരിക്കാരനായ മോയിൻകുട്ടി 3831 വോട്ടിന് മണ്ഡലത്തെ വലത്തോട്ട് ചേർത്തു നിർത്തി. എന്നാൽ 2016ൽ ജോർജ് എം.തോമസ് തിരിച്ചുവന്നു, വി.എം.ഉമ്മർ മാസ്റ്ററായിരുന്നു എതിരാളി.
1991ൽ എ.വി.അബ്ദുറഹിമാൻ ഹാജി വന്നതു മുതൽ ഓരോ തെരഞ്ഞെടുപ്പിലും സ്വന്തം സ്ഥാനാർഥിക്കായി ക്രിസ്ത്യൻ സഭാധികാരികൾ യു.ഡി.എഫിനോട് അഭ്യർഥിക്കുക പതിവാണ്. 2006ൽ യു.ഡി.എഫ്. സ്ഥാനാർഥി തോറ്റത് മറ്റൊരു കാരണത്താലല്ല. 2011ൽ സി.മോയിൻകുട്ടി വീണ്ടും തിരുവാമ്പാടിയിലെത്തുമ്പോൾ അടുത്ത തവണ കോൺഗ്രസിന് എന്ന് ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് 2016ലെ സീറ്റ് വിഭജന കാലത്ത് പൊന്തിവന്നുവെങ്കിലും ജയിച്ച മണ്ഡലങ്ങളിൽ മാറ്റമില്ലെന്ന യു.ഡി.എഫിന്റെ പൊതു തീരുമാനം തിരുവാമ്പാടിക്കും ബാധകമായി. ഫലമോ? ലീഗ് സ്ഥാനാർഥി തോറ്റു.
ഇടതുമുന്നണിയിൽ ഈ മണ്ഡലം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകുമെന്ന സൂചനയുണ്ട്. യു.ഡി.എഫിലായിരുന്ന കേരള കോൺഗ്രസ് ജില്ലയിൽ ഒരു മണ്ഡലത്തിൽ മത്സരിക്കുക പതിവാണ്. യു.ഡി.എഫിൽ മത്സരിച്ചു പോരുന്ന പേരാമ്പ്ര സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ മണ്ഡലം കേരള കോൺഗ്രസിന് വിട്ടുകിട്ടുക പ്രയാസം. തിരുവാമ്പാടി വിട്ടുകൊടുക്കുന്നതിൽ ഇടതിന് പ്രയാസം കുറയുകയും ചെയ്യും.
ഇവിടെ യു.ഡി.എഫ്. നിലപാട് പ്രധാനമാണ്. സ്ഥാനാർഥി നിർണയത്തിലെ അപാകം കൊണ്ടു മാത്രം ഒരു മണ്ഡലം കൈവിട്ടുപോകുന്നത് തടയാൻ യു.ഡി.എഫിന് കഴിയുമോ? ചുമര് വായിക്കാൻ ലീഗിന് കഴിയുമോ?
രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പെട്ടതാണ് തിരുവാമ്പാടി. 54471 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് മണ്ഡലം നല്കിയത്. ഇടതു സ്ഥാനാർഥിക്ക് ആകെ കിട്ടിയത് 36681 വോട്ടാണ്. കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, തിരുവാമ്പാടി പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയും അടങ്ങിയതാണ് മണ്ഡലം. ഇതിൽ കൂടരഞ്ഞി ഒഴികെ പഞ്ചായത്തുകളിൽ വിജയിച്ചത് യു.ഡി.എഫാണ്. മുക്കം മുനിസിപ്പാലിറ്റിയിൽ വിമതരുടെ പിന്തുണയോടെ ഇടത് അധികാരത്തിൽ വന്നു.
സീറ്റ് ലീഗിന് തന്നെയെങ്കിൽ മത്സരിക്കാനൊരുങ്ങിയവർ സി.പി.ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, വി.എം. ഉമർ മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവരുണ്ട്. കോൺഗ്രസിനെങ്കിൽ ടി.സിദ്ദീഖോ പ്രാദേശിക നേതാക്കളോ വരും. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് വരുന്നില്ലെങ്കിൽ കോഴിക്കോട് മേയറായ ബീന ഫിലിപ്പിനെ പരിഗണിച്ചേക്കും. ജോർജ് എം. തോമസ് മത്സരിക്കാനില്ലെന്നാണ് സൂചന.