പത്തനംതിട്ട- നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വർഗീയത വളർത്തുകയും ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഐവാൻ ഡിസൂസ ആരോപിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട രാജ്യദ്രോഹപരമായ സ്വർണകള്ളകടത്ത് കേസ് ഒതുക്കി തീർക്കാൻ മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരും തമ്മിൽ ധാരണ ഉണ്ടാക്കിയതായി അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ തെളിയിക്കുന്നുണ്ട്. അഴിമതി നിറഞ്ഞ കേരളത്തിലെ ഇടത് മുന്നണി ഭരണം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്നും ഐവാൻ ഡിസൂസ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം വിജയ സാധ്യത മാത്രം പരിഗണിച്ചായിരിക്കും. നിർജീവമായ കോൺഗ്രസ് ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ എ.ഐ.സി.സി സെക്രട്ടറി നിർദ്ദേശം നൽകി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 17ന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ വൻ വരവേൽപ്പ് നൽകുന്നതിന് ഡി.സി.സി നിർവാഹക സമിതി യോഗം തീരുമാനിച്ചു. യാത്രയുടെ ഒരുക്കങ്ങൾക്കായി വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് യു.ഡി.എഫ് ഘടകങ്ങളുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, പഴകുളം മധു, സെക്രട്ടറിമാരായ ആർ.ബി.രാജേഷ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, യു.ഡി.എഫ് കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ റെജി തോമസ്, കെ.ജയവർമ്മ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, കാട്ടൂർ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.






