കുവൈത്തില്‍ ഏഴാംനിലയില്‍നിന്ന് വീണ് മലയാളി യുവാവിന്റെ മരണം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ മലയാളി യുവാവ് ഫഌറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ച സംഭവത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി സ്വദേശി സി.എം വിനോദ് (37) മരിച്ച കേസിലാണ് ദുരൂഹത സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.  അല്‍ അഹ്്മദി പ്രവിശ്യയിലെ മങ്കഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിനു സമീപത്തുള്ള ഫഌറ്റില്‍ നിന്നാണ് വിനോദ് വീണു മരിച്ചത്.  അഹ്്മദി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് മെഡിക്കല്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു.
ഒരു പുരുഷനെയും സ്ത്രീയേയുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന ഫഌറ്റില്‍ നിന്നാണ് വിനോദ് വീണു മരിച്ചത്.  മൂവരും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടക്കും.
വിനോദിന്റെ ഭാര്യ ജ്യോതി കുവൈത്തില്‍തന്നെ നഴ്‌സാണ്. അഞ്ചു മാസം പ്രായമുള്ള ഇളയ മകന്‍ ആദിവ് ഇവരോടൊപ്പവും മൂത്ത മകന്‍ അദ്വിക് നാട്ടിലുമാണ്.

 

Latest News