Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.സുധാകരൻ പറഞ്ഞതിൽ ജാതി ആക്ഷേപമില്ല- ഡോ. ആസാദ്

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയത് ജാതി അധിക്ഷേപമല്ലെന്ന് ഇടതുചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ്. ചെത്തുകാരന്റെ കുടുംബം എന്നത് തൊഴിലാളിവർഗത്തിന്റെ പാരമ്പര്യം എന്ന അർത്ഥത്തിലാണ് സുധാകരന്റെ പ്രസംഗത്തിലുള്ളത്. എന്നാൽ ചെത്തുകാരൻ എന്നാൽ ഈഴവൻ എന്നു മനസ്സിലുറപ്പിച്ച ജാതിവാദികൾക്ക് ഏതു പാർട്ടിക്കൊടി പുതച്ചാലും ജാതിപ്പനി വിട്ടുപോവില്ല. ചെത്തെന്നേ കേട്ടുള്ളു. ജാത്യധിക്ഷേപം എന്നു മുറവിളിയായെന്നും ആസാദ് വ്യക്തമാക്കി.
ആസാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കെ.സുധാകരൻ പറഞ്ഞത്:
''പിണറായി വിജയൻ ആരാ. എനിക്കും നിങ്ങൾക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തിൽനിന്ന് അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാല ഏറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുന്നിൽ നിന്ന് നിങ്ങൾക്കു നേതൃത്വം കൊടുത്ത പിണറായി വിജയൻ ഇന്നെവിടെ. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽനിന്നുയർന്നു വന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലൻ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അഭിമാനമോ. നിങ്ങൾക്ക് അപമാനമോ ആണോ. സി പി എമ്മിന്റെ നല്ലവരായ പ്രവർത്തകന്മാർ ചിന്തിക്കണം.''
ഇതു കേട്ടിട്ട് എന്തു തോന്നുന്നു? സുധാകരൻ ജാതിയധിക്ഷേപം നടത്തിയെന്നാണോ? പിറന്ന വർഗവും പ്രവർത്തിക്കുന്ന വർഗവും തമ്മിലുള്ള താരതമ്യം തൊഴിലാളിവർഗത്തിന് അഹിതകരമാവുമോ? ഇ എം എസ് താൻ തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രൻ മാത്രമാണെന്ന് ഖേദിച്ചിട്ടുണ്ട്. ജനിച്ച വർഗം മാറ്റാൻ കഴിയില്ലല്ലോ. എന്നാൽ ജീവിക്കേണ്ട ( പ്രവർത്തിക്കുന്ന) വർഗം തനിക്കു നിശ്ചയിക്കാം. സ്വത്തു മുഴുവൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിനു നൽകി അദ്ദേഹം തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രനാവാൻ നിശ്ചയിച്ചു. എന്നാൽ തൊഴിലാളി വർഗത്തിൽ പിറന്ന പലരും മുതലാളിവർഗത്തിന്റെ പുത്രവേഷത്തിൽ തിമർക്കുന്നു. ഇതു ചൂണ്ടിക്കാണിക്കുന്നത് അപരാധമാവുമോ?
ചെത്തുകാരന്റെ കുടുംബം എന്നത് തൊഴിലാളിവർഗത്തിന്റെ പാരമ്പര്യം എന്ന അർത്ഥത്തിലാണ് സുധാകരന്റെ പ്രസംഗത്തിലുള്ളത്. എന്നാൽ ചെത്തുകാരൻ എന്നാൽ ഈഴവൻ എന്നു മനസ്സിലുറപ്പിച്ച ജാതിവാദികൾക്ക് ഏതു പാർട്ടിക്കൊടി പുതച്ചാലും ജാതിപ്പനി വിട്ടുപോവില്ല. ചെത്തെന്നേ കേട്ടുള്ളു. ജാത്യധിക്ഷേപം എന്നു മുറവിളിയായി. സൈബറിടങ്ങളിൽ പ്രതിഷേധമിരമ്പി.
എല്ലാ പാർട്ടികളിലും ബുദ്ധിജീവികളിലുമുണ്ട് ചില മാന്യതാവേഷങ്ങൾ. അവർ ജാതി  മത വിവേചനങ്ങൾക്കെതിരെ സംസാരിക്കാനുള്ള ഒരവസരവും പാഴാക്കില്ല. സുധാകരൻ ചെത്തെന്നു പറഞ്ഞപ്പോഴേയ്ക്കും ഉള്ളിലെ ജാതി നുരച്ചു പൊന്തി. നവോത്ഥാന വിപ്ലവ ആഭിമുഖ്യം വെളിപ്പെടുത്താൻ കിട്ടിയ അവസരമാണ്. സുധാകരനെ തള്ളിപ്പറയാം. ചാനലുകൾ ചർച്ച ചെയ്തു. സുധാകരൻ മാത്രം പറഞ്ഞു. 'ഞാൻ തിരുത്തുകയില്ല.' പറഞ്ഞത് വർഗ പ്രശ്‌നമാണ്. പലർക്കുമത് സ്വത്വപ്രശ്‌നമാക്കാൻ താൽപ്പര്യം കാണും.
വർഗ പ്രശ്‌നത്തെ സ്വത്വപ്രശ്‌നമാക്കി ജാതി/മത വിഭാഗീയതകളിലേക്കും കലഹാസ്പദ വിപരീതങ്ങളിലേക്കും സമൂഹത്തെ തള്ളിവിടുന്ന പ്രക്രിയയിലാണ് പലരും ഇപ്പോൾ ഏർപ്പെട്ടു പോരുന്നത്. ഫാഷിസത്തിന്റെ കാലത്ത് അതത്ര നിഷ്‌കളങ്കമല്ല. ജാതി ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയിൽ ഒപ്പുവെക്കലാണ്. അതു നടപ്പാക്കലാണ്.
തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം വഴിയിൽ ഉപേക്ഷിച്ചവരെന്ന് അധിക്ഷേപിക്കുകയാണ് സുധാകരൻ ചെയ്തത്. ജാത്യധിക്ഷേപത്തെക്കാൾ കഠിനമായ വിമർശനമാണത്. അതിനുള്ള മറുപടി പറയാതെ ജാതിമറയിൽ ഒളിക്കാനുള്ള ശ്രമം ലജ്ജാകരമാണ്.
 

Latest News