ഇക്കിഗായി അഥവാ ആനന്ദസൂക്തം

ജീവിതത്തിൽ വിജയവും സന്തോഷവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് പരിശ്രമിക്കുന്നതും. എന്നാൽ അധികമാളുകൾക്കും ലഭിക്കാതെ പോകുന്നതും മഹത്തായ ഈ രണ്ട് കാര്യങ്ങളാണെന്നതാണ് യാഥാർഥ്യം. നാം സന്തോഷത്തിനും വിജയത്തിനും പിന്നാലെ പായുമ്പോൾ അവ രണ്ടും നമ്മിൽ നിന്നും പറന്നകലുന്ന പ്രതീതിയാണുണ്ടാകുന്നത്. എത്തിപ്പിടിക്കാനാവാത്ത മരീചികയായി അവ മാറിയെന്നും വരാം. ഈ പശ്ചാത്തലത്തിലാണ് ഇക്കിഗായ് എന്ന ജാപ്പനീസ്് ചിന്ത നമ്മെ ആകർഷിക്കുന്നത്. ‘നിലനിൽക്കുന്നതിനുള്ള ഒരു കാരണം' എന്നതാണ് ഈ ചിന്ത പ്രതിനിധാനം ചെയ്യുന്നത്. ഇക്കി ജീവിക്കാൻ, ഗായ് കാരണം എന്നീ രണ്ട് പദങ്ങൾ ചേർന്നാണ് ഈ ആശയം രൂപീകൃതമായത്.
ഇക്കിഗായ് ജീവിതത്തിൽ ഒരു ദിശയോ ലക്ഷ്യമോ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. അത് ഒരാളുടെ ജീവിതത്തെ മൂല്യവത്താക്കും. ഒപ്പം ഒരു വ്യക്തി സ്വതഃസിദ്ധവും സന്നദ്ധവുമായ പ്രവർത്തനങ്ങൾ നടത്തുന്നത് അവർക്ക് സംതൃപ്തിയും ജീവിതത്തിന് അർത്ഥബോധവും നൽകുമെന്നാണ് ഈ ആശയം പറയുന്നത്.
ജീവിതത്തിലെ ലക്ഷ്യബോധം, പ്രചോദനവുമെല്ലാം ഇക്കിഗായ്ക്ക് പ്രധാനമാണ്. ചിലപ്പോൾ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെക്കുറിച്ചും വ്യക്തിക്ക് അനായാസം അനുഭവപ്പെടുന്ന ഒരു മാനസികാവസ്ഥയെക്കുറിച്ചും വിവരിക്കാൻ ഇക്കിഗായ് എന്ന പദം ഉപയോഗിക്കാറുണ്ട്. ഒരാൾക്ക് ഇക്കിഗായി അനുഭവപ്പെടാൻ അനുവദിക്കുന്ന പ്രവർത്തനങ്ങൾ ഒരു വ്യക്തിയെ നിർബന്ധിക്കുന്നില്ല; അവ സ്വതഃസിദ്ധമാണെന്ന് മനസിലാക്കുകയും മനപ്പൂർവ്വം ഏറ്റെടുക്കുകയും ചെയ്യുന്നതിനാൽ ആവേശം കൂടുമെന്നാണ് പറയുന്നത്.
ജപ്പാൻകാരെ സംബന്ധിച്ച്, എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ട്  അതായത്, ജീവിക്കാൻ ഒരു കാരണം. ലോകത്തിൽ ഏറ്റവുമധികം ദീർഘായുസ്സോടെ ആളുകൾ ജീവിക്കുന്ന ജപ്പാൻ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തിൽ, ആഹ്ലാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ  അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത്  ഓരോ ദിനവും അർഥനിർഭരമാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാൻകാർ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ ൃലശേൃല എന്നതിന് തുല്യമായ അർഥമുള്ള ഒരു വാക്ക് വാസ്തവത്തിൽ ജപ്പാൻ ഭാഷയിൽ ഇല്ല). അതിനാൽ ഓരോ ജപ്പാൻകാരനും സജീവമായി അവർക്കിഷ്ടമുള്ള കാര്യങ്ങളിലേർപ്പെടുന്നു, എന്തുകൊണ്ടെന്നാൽ, അവർ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട്  സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹഌദം.2016 ൽ ജപ്പാൻകാരനായ ഹെക്ടർ ഗാർസിയ തന്റെ സ്പാനിഷ് സുഹൃത്ത് ഫ്രാൻസെസ്‌ക് മിറാലെസുമായി ചേർന്നെഴുതിയ ശസശഴമശ, വേല ഷമുമിലലെ ലെരൃല േീേ ഹീിഴ മിറ വമുു്യ ഹശളല എന്ന കൃതി ഈ ആശയത്തിന്റെ സവിശേഷമായ സ്വഭാവങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പ്രസ്തുത കൃതി ലോക് ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ച രചനകളിൽ മുമ്പിലാണ്.
പുസ്തകം വായിക്കാൻ തുടങ്ങുന്ന നിമിഷം തന്നെ നമ്മുടെ നെഗറ്റീവ് മനസ്സ് പോസിറ്റീവായി മാറുമെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ മനസിന്റെ ഓരോ വികാരങ്ങളും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഈ ചിന്ത ജീവിതത്തിന്റെ അർഥതലങ്ങളും നിയോഗങ്ങളും തിരിച്ചറിയാൻ പ്രേരണ നൽകുകയും യാഥാർഥ്യ ബോധത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യും.
ജപ്പാനിലെ ഒഗിനാവ എന്ന ഗ്രാമത്തെ കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ സന്തോഷത്തോടും ദീർഘായുസ്സോടെയും ജീവിക്കുന്നവരുടെ ഗ്രാമം, അവിടത്തെ വിചിത്രമായ ആചാരങ്ങൾ, വിനോദപരിപാടികൾ, പ്രായമായാലും തളർന്നുപോകാതെ സദാസമയം ജോലികളിൽ മുഴുകിയ ഗ്രാമീണ ജനത. തികച്ചും നമ്മളെക്കാൾ വ്യത്യസ്തമായ ജീവിതം നയിക്കുന്നവർ. ഇവയോരോന്നും ജീവിതലക്ഷ്യവും നിയോഗവും തിരിച്ചറിയുവാൻ നാമറിയാതെ നമ്മെ സ്വാധീനിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നിടത്താണ് പുസ്തകത്തിന്റെ വിജയം.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട സ്ഥലമാണ് ഒഗിനാവ. യുദ്ധഭൂമി എന്ന നിലക്കുമാത്രമല്ല, യുദ്ധത്തിനുശേഷം പട്ടിണിയുടെയും വിഭവങ്ങളില്ലായ്മയുടെയും കൊടിയ ദുരിതമനുഭവിച്ച സ്ഥലം. അതു കൊണ്ടുതന്നെ 1940കളിലും 50കളിലും ശരാശരി പ്രതീക്ഷിത ആയുർദൈർഘ്യം ഏറെ ഉയർന്നതായിരുന്നില്ല. ഒഗിനാവക്കാർ തകർച്ചയിൽനിന്ന് കരകയറിയപ്പോൾ, അവർ രാജ്യത്തെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ജനതയായി മാറി എന്ന് പുസ്തകം വായിക്കുമ്പോൾ നമ്മുക്ക് മനസ്സിലാകും.എങ്ങനെ അവർ അതിജീവിച്ചു? , എന്തെല്ലാം ത്വജിക്കേണ്ടിവന്നു? ഇതൊക്കെയാണ് ലളിതമായ രീതിയിൽ പുസ്തകം വിശകലനം ചെയ്യുന്നത്. നമുക്കും ഒരു ഇക്കിഗായ് ഉണ്ട്. അത് കണ്ടെത്തിയാൽ മാത്രമേ നമ്മുടെ ജീവിതത്തിലും സന്തോഷവും വിജയവും സ്ഥിരമാവുകയുള്ളൂവെന്നതാണ് പുസ്തകം നൽകുന്ന ലളിതമായ സന്ദേശം.
നാം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം ചെയ്യുമ്പോൾ, അത് നമ്മുടെ അഭിനിവേശമായി മാറുന്നു. അതിൽനിന്ന് നമുക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അത് നമ്മുടെ തൊഴിലായി മാറുന്നു. ലോകത്തിന് ഉപകാരപ്രദവും നാം ഇഷ്ടപ്പെടുന്നതുമായ ഒരു കാര്യം നാം ചെയ്യുമ്പോൾ അത് നമ്മുടെ നിയോഗമായി നാം മനസ്സിലാക്കുന്നു. ഈയർഥത്തിൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ഒരു തത്വചിന്തയാണ് ഇക്കിഗായ്. അത് നമ്മുടെ ജീവിതത്തിന് ലക്ഷ്യബോധവും, വിജയവും കൈവരിക്കാൻ സഹായിക്കുന്നു.
എന്നാൽ ഒരു ഇക്കിഗായ് ആയി മാറാൻ നാല് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഒന്നാമതായി നാം ചെയ്യുന്ന കാര്യങ്ങൾ നാം ആത്മാർഥമായും ഇഷ്ടപ്പെടുന്നവയുമാകണം. നാം അതിൽ മികവുള്ളവരായിരിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമതായി നമുക്ക് അതിൽ നിന്ന് ജീവിതമാർഗം കണ്ടെത്താൻ കഴിയണം. നാം ചെയ്യുന്ന കാര്യം ലോകത്തിന് ഉപകാരപ്രദമായിരിക്കണം എന്നതാണ് നാലാമത്തെ കാര്യം. ഈ നാലു കാര്യങ്ങളും യോജിക്കുമ്പോഴാണ് നാം സന്തുഷ്ടരും വിജയികളുമാവുകയെന്നാണ് ഇക്കിഗായ് വിശദീകരിക്കുന്നത്.
ജപ്പാനിലെ ഒഗിനാവ ദ്വീപിലെ ജനങ്ങളിൽ നിന്നും മിറാലെസും ഹെക്ടർ ഗാർസിയയും മനസിലാക്കിയ സന്തോഷത്തിന്റെയും ആയുസ്സിന്റെയും വിജയത്തിന്റേയും താക്കോൽ ഇനി പറയുന്ന പത്ത് കാര്യങ്ങളാണ്.
ഒന്ന് നിങ്ങൾ സ്‌നേഹത്തോടെ ചെയ്യുന്ന ഒരു കാര്യവും ഒരു കാരണവശാലും നിർത്തരുത്. ജാപ്പനീസ് ഭാഷയിൽ ‘വിരമിക്കുക' എന്നൊരു വാക്കില്ല. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നത് ഉപേക്ഷിച്ചാൽ ജീവിതത്തിന്റെ ലക്ഷ്യം നഷ്ടമാകും. അതിനാൽ സദാ സജീവമായി നിലനിൽക്കുക. ഒരിക്കലും വിരമിക്കാതിരിക്കുക. ഉത്സാഹത്തോടെ ഓടിനടന്ന പലരും വിരമിക്കുന്നതോടെ പല തരം രോഗങ്ങൾക്കും ഇരയാകുന്നത് നാം കാണാറില്ലേ. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഉത്സാഹമുള്ള ഒരു മനസ്സ് ആരോഗ്യമുള്ള ഒരു ശരീരത്തെ പരിപോഷിപ്പിക്കുന്നു. അതിൽ സക്രിയവും സജീവവുമായ ജീവിതമെന്നത് വളരെ പ്രദാനമാണ്.
രണ്ട്. എല്ലാ കാര്യങ്ങളിലും ധൃതി വേണ്ട. ജീവിതത്തിൽ ചടുലത അത്യാവശ്യമാണ്. എന്നാൽ ചില കാര്യങ്ങളിലെങ്കിലും അവധാനതയാണ് അഭികാമ്യം. അനാവശ്യധിറുതി ഉപേക്ഷിക്കുമ്പോൾ, ജീവിതവും സമയവും നിങ്ങൾക്ക് കൂടുതലുള്ളപോലെ തോന്നും . ‘സാവധാനം നടക്കൂ നിങ്ങൾക്ക് വളരെ ദൂരം നടക്കാം’ എന്ന പഴഞ്ചൊല്ല് പുസ്തകം ഉദ്ധരിക്കുന്നുണ്ട്.
മൂന്ന് . അമിത ആഹാരം ഒഴിവാക്കുകയും, ഗുണമുള്ള ആഹാരം മാത്രം കഴിക്കുകയും ചെയ്യുക. പരമാവധി 80ശതമാനം നിറയുന്നതുവരെ മാത്രമേ ഭക്ഷണം കഴിക്കാവൂ. നിങ്ങളുടെ ഭക്ഷണമാണ് നിങ്ങളുടെ മരുന്ന് എന്നത് നാം ഓർക്കുക.
നാല്. ചുറ്റും നല്ല കൂട്ടുകാരും സൗഹൃദവും ഉറപ്പുവരുത്തുക. സഹകരണത്തോടും, സ്‌നേഹത്തോടും കൂടി കഴിയുന്നത് ജീവിതത്തിൽ ഒറ്റപ്പെടൽ ഒഴിവാക്കാൻ സഹായിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
അഞ്ച്. ക്രിയാത്മക മനോഭാവം പുലർത്തുക. നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതം രൂപകൽപന ചെയ്യുന്നത്. ക്രിയാത്മക ചിന്തകൾ ജീവിതത്തിന് അർഥതലങ്ങൾ നൽകും.
ആറ്. സദാ സുസ്‌മേര വദനരാവുക. പുഞ്ചിരി ഒരു വലിയ അനുഗ്രഹമാണ്. ജീവിതം സമാധാനപരവും ആരോഗ്യകരവുമാക്കുവാൻ ഏറെ സഹായിക്കുന്ന ഒരു വികാരമാണത്. അതിൽ ഒട്ടും പിശുക്ക് കാണിക്കാതിരിക്കുക. ഒരു പുഞ്ചിരി ആയിരം വാക്കുകൾക്ക് തുല്യമാണെന്നാണ് പറയുക.
ഏഴ് . പ്രകൃതിയുമായി ഇണങ്ങുക. മണ്ണിനോടും വിണ്ണിനോടും പ്രണയിക്കുമ്പോഴാണ് മനുഷ്യ ജീവിതം കൂടുതൽ മനോഹരമാകുക. മിക്ക ഒഗിനവാന്മാർക്കും പൂന്തോട്ടം ഒരു പുണ്യസ്ഥലമാണ്. സൂര്യോദയസമയത്തും സൂര്യാസ്തമയ സമയത്തും അവർ തോട്ടങ്ങളിൽ ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പൂക്കളുടെ സൗന്ദര്യവും പരിമളവും മനസിനും ശരീരത്തിനുമുണ്ടാക്കുന്ന അവാച്യമായ അനുഭൂതി ആരോഗ്യവും സന്തോഷവും സമ്മാനിക്കുന്നതാണ്.
എട്ട്. ജീവിതത്തിൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായി തീരുക. ജീവിത യാത്രയിൽ നമ്മെ സഹായിക്കുന്നവരെ, പിന്തുണക്കുന്നവരെ നന്ദിയോടെ ഓർക്കുക. എല്ലാ പ്രതിസന്ധികൾക്കിടയിലും ജീവിച്ചിരിക്കുകയെന്നത് തന്നെ ഒരു മഹാഭാഗ്യമാണ് . അതിനാൽ എപ്പോഴും കൃതാർഥരാവുക.
ഒമ്പത്. ഇന്നിൽ ജിവിക്കുക, എന്നും ജീവിക്കുക. ഇന്നലെകളുടെ കുറ്റബോധങ്ങളോ നാളെയെക്കുറിച്ച ആശങ്കകളോ ഇന്നിന്റെ സന്തോഷത്തിന്റെ പ്രഭ കെടുത്താതെ നോക്കുകയെന്നത് ജീവിതത്തിൽ സുപ്രധാനമായൊരു സന്ദേശമാണ്.
പത്ത്. നിങ്ങളുടെ ഇക്കിഗായ് പിന്തുടരുക, അഥവാ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
ഇതെല്ലാമാണ് രചയിതാക്കളുടെ ഭാഷയിൽ സന്തോഷം നിറഞ്ഞ ഒരു നല്ല ജീവിതത്തിലേക്കുള്ള ചവിട്ടുപടികൾ...
പലപ്പോഴും ആളുകൾ അവരുടെ ജീവിതകാലം മുഴുവൻ മറ്റുള്ളവർക്കായി ജോലിചെയ്യുന്നു, വിട്ടുവീഴ്ചകൾ ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർക്ക് സന്തോഷം നൽകുന്നത് എന്താണെന്ന് മാത്രം അവർ തിരിച്ചറിയുന്നില്ല.അതിനാൽ, നമ്മുടെ ഇക്കിഗായ് കണ്ടെത്താൻ നാം പരിശ്രമിക്കണം. ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുന്ന കാര്യം എന്താണെന്ന് നാം തിരിച്ചറിയുക. അതിനെ പിന്തുടരുക,അതിൽ മികച്ചതാവുക. സന്തോഷവും വിജയവും താനെ നമ്മെ തേടിയെത്തും.

Latest News