സൗദിയില്‍ തവക്കല്‍നാ ആപ് നിര്‍ബന്ധമാകുന്നു; എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഫീസുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തവക്കല്‍നാ ആപ് നിര്‍ബന്ധമാണ്. കോവിഡ് വ്യാപനം തടയുന്നതിന് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ആപാണ് തവക്കല്‍നാ. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വികസിപ്പിച്ച ആപില്‍ കളര്‍ കോഡ് നല്‍കിയാണ് നിങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് കാണിക്കുന്നത്. വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ളതാണ് ആപ്.

ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും സന്ദര്‍ശനം നടത്തുമ്പോള്‍ ആവശ്യപ്പെടുന്നവര്‍ക്കു മുന്നില്‍ നിങ്ങളുടെ ഫോണിലെ തവക്കല്‍നാ ആപിലുള്ള സ്റ്റാറ്റസ് കാണിക്കേണ്ടി വരും.
എന്തു ചെയ്യണം?
ആദ്യം ഐ.ഒ.എസ്, ആന്‍ഡ്രോയിഡ്, ഹ്വാവെ എന്നിങ്ങനെ നിങ്ങളുടെ സ്മാര്‍ട് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ച് തവക്കല്‍നാ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ഇഖാമ നമ്പറും ജനനതീയതിയും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ അബ്ശിറില്‍ നില്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏതു പ്രായക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
തുടര്‍ന്ന് ലൊക്കേഷനും ആരോഗ്യം സംബന്ധിച്ച ഏതാനും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണം.
ശരിയായ ഉപയോഗിത്തിന് ഫോണ്‍ എപ്പോഴും ഇന്റര്‍നെറ്റുമായും ജി.പി.എസുമായി കണക്ട് ചെയ്യണം.
തവക്കല്‍നാ ആപില്‍ ഇന്ന് (വ്യാഴം) സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
രജിസ്റ്റര്‍ ചെയ്യാനും ലോഗിന്‍ ചെയ്യാനും മറന്നുപോയ പാസ് വേഡ് ലഭിക്കാനും തടസ്സം നേരിടുന്നുണ്ടെങ്കില്‍ അല്‍പ സമയം കാത്തിരുന്നു വീണ്ടും ശ്രമിക്കണം.

 

 

Latest News