സൗദിയില്‍ വിവാഹ പാർട്ടി ഉള്‍പ്പെടെ ചടങ്ങുകള്‍ക്ക് വിലക്ക്, തിയേറ്ററുകളും ജിമ്മുകളും അടക്കും

റിയാദ്- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പുതിയ നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു.  ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളുമാണ് ആഭ്യന്തര മന്ത്രാലയം വിലക്കിയത്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.

സനിമാ തിയേറ്ററുകള്‍ക്കു പുറമെ, വിനോദ കേന്ദ്രങ്ങളും റെസ്‌റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവയും പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു.
ആവശ്യമാണെന്ന് വിലയിരുത്തുകയാണെങ്കില്‍ വിലക്ക് നീട്ടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വെഡിംഗ് ഹാളുകളില്‍ നടക്കുന്ന വിവാഹ പാർട്ടികള്‍ക്കു പുറമെ, ഹോട്ടലുകളിലും മറ്റും നടക്കുനന്ന കോർപറേറ്റ് മീറ്റിംഗ് പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മറ്റു സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് ഇരുപത് പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ.  സാമൂഹിക ചടങ്ങുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിനോദ പരിപാടികള്‍ റദ്ദാക്കിയതും ഇന്ന് (വ്യാഴം) രാത്രി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News