റിയാദ്- സൗദിയിൽ വൈകാതെ വിവിധ കമ്പനികളുടെ കോവിഡ് വാക്‌സിനുകൾ യഥേഷ്ടം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. കോവിഡ് പരിശോധനക്കുള്ള 'തതമൻ' ക്ലിനിക്കുകളുടെ എണ്ണം 230 ആയി ഉയർന്നിട്ടുണ്ട്. ലോകത്ത് ഏറ്റവുമാദ്യം കൊറോണ വാക്‌സിൻ ലഭ്യമാക്കിയ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഡിസംബർ 17 മുതൽ രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചക്കിടെ രാജ്യത്ത് കേസുകൾ വർധിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും മുൻകരുതലുകൾ കർക്കശമാക്കാനും ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്. കോവിഡ് പ്രത്യക്ഷപ്പെട്ട ശേഷം രാജ്യത്ത് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി 60 ശതമാനം തോതിൽ ഉയർത്തിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗങ്ങളിലെ കിടക്കകളുടെ എണ്ണം 13,000 ആയി ഉയർന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.







 
  
 