Sorry, you need to enable JavaScript to visit this website.

ലയ സിംസൺ: മകളിലൂടെ സിനിമയിലേക്ക്

മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം
സംവിധാകൻ ജിത്തു ജോസഫിനൊപ്പം

ലയവിന്യാസംമകൾക്ക് പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും പിന്നീട് സിനിമയിലെത്തുകയും ചെയ്ത നടിയാണ് ലയ സിംസൺ.
കുട്ടിക്കാലംതൊട്ടേ മോഡലിംഗിനോടും ഫാഷനോടും താൽപര്യമുണ്ടായിരുന്ന ലയ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെയും മക്കളുടെയും സഹകരണത്തോടെയാണ് തന്റെ ഇഷ്ട ലോകത്തേയ്ക്കു കടന്നത്. മമ്മൂട്ടി നായകനായ ഗാനഗന്ധർവനിലൂടെയായിരുന്നു തുടക്കം. തുടർന്ന് മഞ്ജു വാര്യരോടൊപ്പം പ്രതി പൂവൻ കോഴിയിലും മമ്മൂട്ടിക്കൊപ്പംതന്നെ ഷൈലോക്കിലും മോഹൻലാലിനൊപ്പം ദൃശ്യം 2 വിലും ജയസൂര്യക്കൊപ്പം വെള്ളത്തിലും വേഷമിട്ടു. കൂടാതെ മാലിക്ക്, വൺ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു. ചെറിയ വേഷങ്ങളാണെങ്കിലും പലതും ശ്രദ്ധിക്കപ്പെട്ടവയായിരുന്നുവെന്ന് ലയ പറയുന്നു.
കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദധാരിയായ ലയ നാലുവർഷത്തോളം കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽ ലക്ചറ്റായിരുന്നു. വിവാഹാനന്തരം ജോലി ഉപേക്ഷിക്കേണ്ടിവന്ന ലയ പിന്നീട് കുടുംബപരമായ തിരക്കുകളിൽ മുഴുകി. ബാങ്കിൽ ജോലി നോക്കിയിരുന്ന ഭർത്താവിന് ഇടയ്ക്കിടെയുണ്ടായിരുന്ന സ്ഥലം മാറ്റം കാരണം ജോലി തുടർന്നുകൊണ്ടുപോകാനാകാതെ വന്നപ്പോഴാണ് രാജിവെച്ചത്.


എറണാകുളത്തേയ്ക്കു തിരിച്ചെത്തിയപ്പോൾ വീണ്ടും ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിക്കു ചേരാനൊരുങ്ങവേയാണ് ഭർത്താവിന് വീണ്ടും മലപ്പുറത്തേയ്ക്കു സ്ഥലംമാറ്റമുണ്ടാകുന്നത്. അതോടെ ആ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണ് വീട്ടിൽനിന്നുതന്നെ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചിന്തയുണ്ടായത്. കുട്ടിക്കാലംതൊട്ടേ പാചകത്തിൽ തൽപരയായിരുന്നതിനാൽ 'ലയാസ് കിച്ചൺ' എന്ന പേരിൽ ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനം തുടങ്ങി.
കാക്കനാട്ടെ ഡി.എൽ.എഫ് ഫഌറ്റിലായിരുന്നു താമസം. വാട്ട്‌സ്അപ്പ് വഴി ഓർഡർ ശേഖരിച്ചുള്ള ഭക്ഷണവിതരണമായിരുന്നു തുടക്കത്തിൽ. കൂടാതെ ബർത്ത്‌ഡേ പാർട്ടിപോലുള്ള ചെറിയ പരിപാടികളും ഏറ്റെടുത്തു നടത്താൻ തുടങ്ങി. ഡി.എൽ.എഫിൽ ഒട്ടേറെ സിനിമാപ്രവർത്തകർ താമസക്കാരായുണ്ടായിരുന്നു. നടൻ കൂടിയായ ജീൻസ് ഭാസ്‌കറാണ് ഒരിക്കൽ കെ.എസ്.എഫ്.ഇയുടെ പരസ്യചിത്രത്തിലേയ്ക്ക് മകളെ ക്ഷണിച്ചത്. അവൾക്കും താൽപര്യമുണ്ടായിരുന്നതുകൊണ്ട് സമ്മതം മൂളി. മകളോടൊപ്പം ലൊക്കേഷനിൽ പോയത് ഞാനായിരുന്നു. പാപ്പിനു എന്ന സിനിമാഫോഗ്രാഫറായിരുന്നു ഷൂട്ട് ചെയ്തത്. പരസ്യചിത്രത്തിൽ ഒരു സീനിൽ വസ്ത്രത്തിന്റെ ഷേഡ് ലഭിക്കാനായി എന്നോടും മകളുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ഷൂട്ട് കഴിഞ്ഞപ്പോൾ നല്ല ക്യാമറാ ഫേസുണ്ടെന്നും പരസ്യചിത്രങ്ങളിൽ അഭിനയിക്കണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാൽ ഞാനതൊന്നും കാര്യമായെടുത്തില്ല.
പിന്നീട് ഒരു മലയാളം മാഗസിനിന്റെ കവർ പേജിലേയ്ക്കുവേണ്ടി എന്റെ ഫോട്ടോയെടുത്തു. ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വഴിത്തിരിവായത്. പലരും പരസ്യചിത്രത്തിലേയ്ക്കു ക്ഷണിച്ചുതുടങ്ങി. അതിനിടയിൽ മകൾക്ക് രണ്ടാമതൊരു പരസ്യചിത്രത്തിലേക്ക് അവസരം ലഭിച്ചു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് സഹസംവിധായികയായ പാർവ്വതിയെ പരിചയപ്പെടുന്നത്. ഈ അടുപ്പമാണ് എന്നെയും പരസ്യചിത്രത്തിലെത്തിച്ചത്.


മമ്മൂക്ക നായകനായ ഗാനഗന്ധർവനായിരുന്നു ആദ്യ സിനിമ. സിനിമയിൽ എന്റെ വേഷം മുകേഷേട്ടനൊപ്പമായിരുന്നു. 
ഹരിഹർ നഗർ പോലുള്ള ഒട്ടേറെ ചിത്രങ്ങളിലൂടെ മനസ്സിൽ സ്ഥാനമുറപ്പിച്ച അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. സെറ്റിലാണെങ്കിൽ എപ്പോഴും സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. പല വിഷയങ്ങൾ, മറ്റു സെറ്റുകളിൽ നടന്ന സംഭവങ്ങൾ എല്ലാം നർമ്മത്തിലൂടെ അദ്ദേഹം പറയും. ചിത്രത്തിന്റെ സംവിധായകനായ രമേഷ് പിഷാരടിയും വ്യത്യസ്തമായിരുന്നില്ല. അവർ രണ്ടുപേരും അഞ്ചു മിനിട്ട് സംസാരിച്ചാൽ നമുക്ക് പത്തു മിനിട്ട് ചിരിക്കാനുണ്ടാവും.
സിനിമയിൽ അവസരം ലഭിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് നമ്മൾ സ്‌ക്രീനിൽ കണ്ട പല നടീനടന്മാരെയും നേരിട്ട് കാണാമല്ലോ എന്നായിരുന്നു. എന്നാൽ ദൈവാനുഗ്രഹമെന്നു പറയട്ടെ, ഇവരെയെല്ലാം നേരിട്ടു കാണുക മാത്രമല്ല, ഇവരോടൊപ്പം അഭിനയിക്കാനും കഴിഞ്ഞു. ഒന്നും വെറുതെ വന്നു പോവുന്ന സീനുകളായിരുന്നില്ല. അവരോടൊപ്പം ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കഴിഞ്ഞു.


മമ്മൂക്കക്കൊപ്പം അഭിനയിക്കുക എന്നത് വലിയ പേടിയായിരുന്നു. തെറ്റിപ്പോയാൽ വഴക്കു പറയുമോ, ആരാണ് ഇവരെ കാസ്റ്റ് ചെയ്തത് എന്നു ചോദിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ പരിചയപ്പെട്ടപ്പോൾതന്നെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. മമ്മൂക്കയുമായുള്ള ആദ്യ സീനിൽ അദ്ദേഹത്തോട് തട്ടിക്കയറുന്ന രംഗമായിരുന്നു. ഇത്രയും സീനിയറായ ഒരു നടനോട് ഒരു തുടക്കക്കാരിയായ ഞാനെങ്ങനെ തട്ടിക്കയറും എന്നാലോചിച്ചു. എങ്കിലും മനസ്സിൽ ഒന്നുറപ്പിച്ചു. ഒരു നടിയെന്ന നിലയിൽ നിലനിൽപിന്റെ പ്രശ്‌നമാണ്. ഈ അവസരം കളഞ്ഞുകുളിച്ചാൽ പിന്നീട് ഒരിക്കലും ഇങ്ങനെയൊരു അവസരം ലഭിച്ചെന്നു വരില്ല. എത്ര വലിയ നടനായാലും നമ്മൾ അഭിനയിക്കുകയാണെന്ന് അവർക്ക് മനസ്സിലാവും. അങ്ങനെ ചിന്തിച്ചതുകൊണ്ട് ആ സീൻ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. സംവിധായകനും ഹാപ്പിയായി. ഓരോ സംവിധായകനും മോൾഡ് ചെയ്ത് പാകപ്പെടുത്തിയെടുക്കുന്നതാണ് ഒരു അഭിനേതാവുമെന്ന ചിന്തയാണ് എന്റേത്.


ഒരു വർഷത്തിനകം 15 ഓളം പരസ്യചിത്രങ്ങളിലും പത്തോളം സിനിമകളിലും ലയ വേഷമിട്ടുകഴിഞ്ഞു. ഈയിടെ ഒടിഞ്ഞ കൈയും തൂക്കിയുള്ള ലയയുടെ മോഡൽ ഫോട്ടോ ഷൂട്ട് സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി. കോവിഡ് കാലത്ത് ഒട്ടേറെ വൈറൽ ഫോട്ടോ ഷൂട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു ലയയുടെ ഈ ഫോട്ടോഷൂട്ട്.
ഫഌറ്റിൽ ബാഡ്മിന്റൺ കളിക്കുന്ന ഒരു ഗ്രൂപ്പുണ്ട്. അവർക്കൊപ്പം കളിക്കുന്നതിനിടെ വീണാണ് കൈക്ക് ചെറിയ ചതവു പറ്റിയത്. അതിനിടയിൽ വന്ന ചില പ്രോജക്ടുകൾ വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു. ഫോട്ടോഷൂട്ടുകളും വേണ്ടെന്നു കരുതിയതാണ്. എന്നാൽ വെറുതെയിരുന്നപ്പോൾ എന്തുകൊണ്ട് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തിക്കൂടാ എന്നു തോന്നിയത്. ഫോട്ടോഗ്രാഫറായ ബിഗിൽ കെ. ബിനോയിയും കൂടെ നിന്നപ്പോൾ സംഗതി ഓ.കെയായി. ചെറിയ അസുഖങ്ങൾ വന്നാൽപോലും വീട്ടിലിരിക്കുന്നവർക്കുള്ള താക്കീതാണ് ഈ ഫോട്ടോ ഷൂട്ടെന്ന് ലയ പറയുന്നു.
സിനിമയിൽ അഭിനയിച്ചുതുടങ്ങിയപ്പോൾ പ്രൊഫഷനായി സ്വീകരിക്കാൻ തോന്നി. തുടർന്നും അഭിനയിക്കാനാണ് താൽപര്യം. നല്ല വേഷങ്ങൾ ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജിയോജിതിലെ ജനറൽ മാനേജരാണ് ഭർത്താവ് ബിബിൻ വിൻസെന്റ്. ആന്റണിയും ജോസഫും എയ്ഞ്ചലുമാണ് മക്കൾ.

Latest News