കണ്ണൂര്‍ - സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വമാണെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ബന്ധുക്കള്‍ രംഗത്ത്. കൊയിലേരിയന്‍ സുജിത് (32) എന്ന ദളിത് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കലകട്‌റേറ്റ് മാര്‍ച്ച് അടക്കമുള്ള സമരവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
2018 ഫെബ്രുവരി നാലിന് രാത്രിയാണ് പെരളശ്ശേരിക്കടുത്ത് പെരിയ എന്ന സ്ഥലത്തുവെച്ച് ജോലിക്കിടെ സുജിത് കൊല്ലപ്പെട്ടത്. സി.പി.എം ചെക്കിക്കുളം ബ്രാഞ്ച് അംഗമായിരുന്ന സുജിത് ചിത്രകാരന്‍ കൂടിയായിരുന്നു. കേരള സംസ്ഥാന സഹകരണ കോണ്‍ഗ്രസിനോടനുബന്ധിച്ച് ആശംസാ ബോര്‍ഡുകള്‍ എഴുതാന്‍ പോയതായിരുന്നു. പിറ്റേന്ന് രാവിലെയാണ് സുജിത് മരിച്ച വിവരം അറിഞ്ഞത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു പ്രചരിപ്പിച്ചത്. മൃതദേഹം കാണാന്‍ പോലും ബന്ധുക്കളെ അനുവദിച്ചില്ല. മൃതദേഹത്തിന്റെ കണ്ണില്‍ അടക്കം പരിക്കുകളുണ്ടായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷാള്‍ പോലുള്ള സാധനമുപയോഗിച്ച് കഴുത്തു മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ സുജിത്തിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.പി.എം നേതൃത്വം ശ്രമിച്ചതെന്ന് പറയുന്നു. പരാതി നല്‍കരുതെന്ന് ഉന്നത നേതാക്കളടക്കം വീട്ടിലെത്തി നിര്‍ദേശം നല്‍കിയെന്ന് ബന്ധുക്കള്‍ പറയുന്നു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയെങ്കിലും സി.പിഎം സ്വാധീനം മൂലം അന്വേഷണം നടന്നില്ല. ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഡിവൈ.എസ്.പി റഹിമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി.
പിന്നീട് കേസന്വേഷണം ഏറ്റെടുത്ത കണ്ണൂര്‍ ഡിവൈ.എസ്.പി, പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിച്ചത്. സുജിത് സ്വയം കഴുത്തു ഞെരിച്ചു മരിച്ചുവെന്നാണ് ഈ ഉദ്യോഗസ്ഥന്‍ ബന്ധുക്കളോട് പറഞ്ഞത്.
സി.പി.എം പ്രാദേശിക നേതൃത്വത്തിലെ രണ്ട് പേര്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ട്. ജോലി ചെയ്തതുമായി ബന്ധപ്പെട്ട പണം ചോദിച്ചതാണ് വിരോധത്തിനും പിന്നീട് കൊലപാതകത്തിനും കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നിലും 14 ന് കോളനിയിലും പിന്നീട് കലക്ടറ്റിന് മുന്നില്‍ അനിശ്ചിതകാല സമരവും ആരംഭിക്കുമെന്ന് സുജിത്തിന്റെ അമ്മ കൊയിലേരിയന്‍ കമല, കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ജന.സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.






