ദുബായ്- 20 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതോടെ സൗദി അറേബ്യയിലേക്ക് വരുന്നതിനായി ദുബായില്‍ 14 ദിവസം ചെലവഴിക്കാനെത്തിയവര്‍ ആശങ്കയിലായി.
മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ചെലവഴിച്ച് 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമായിരുന്നു. സൗദിയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നേരത്തെ നിലനില്‍ക്കുന്നതിനാല്‍ തിരിച്ചുവരവ് അത്യാവശ്യമുള്ളവര്‍ ഈ മാര്‍ഗമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്രകാരം ദുബായില്‍ എത്തിയവരാണ് പുതിയ തീരുമാനത്തോടെ വെട്ടിലായത്.
സൗദിയിലേക്ക് പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ പ്രഖ്യാപിച്ച 20 രാജ്യങ്ങളില്‍ എവിടെയെങ്കിലും 14 ദിവസം താമസിച്ചവര്‍ക്കും സൗദിയിലേക്ക് വരാന്‍ കഴിയില്ലെന്ന് പുതിയ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മലയാളികളായ നിരവധി പേര്‍ ദുബായിലെത്തി 14 ദിവസം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയായിരുന്നു. ഇവരില്‍ മിക്കവരും രണ്ടാഴ്ചത്തെ സന്ദര്‍ശക വിസയിലാണ് വന്നിട്ടുള്ളത് എന്നതിനാല്‍ വിസ കാലാവധി നീട്ടുകയോ മടങ്ങിപ്പോകുകയോ ചെയ്യേണ്ടിവരും.
ബ്രിട്ടനില്‍ കോവിഡ് വകഭേദം കണ്ടെത്തിയ ഉടന്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചപ്പോഴും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ചക്കകം വിമാന സര്‍വീസ് വിലക്ക് നീക്കിയതോടെ പലര്‍ക്കും സൗദിയില്‍ എത്താനായി. പക്ഷെ ഇത്തവണ യാത്രാനിരോധം നീണ്ടുപോകാനാണ് സാധ്യത.