റിയാദ് - ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷമുള്ള ആദ്യ മൂന്നു ദിവസത്തിനിടെ (ബുധൻ, വ്യാഴം, വെള്ളി) സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ പിടിയിലായത് 23,938 നിയമ ലംഘകർ. ഇവരിൽ 15,702 പേർ ഇഖാമ നിയമ ലംഘകരും 3883 പേർ നുഴഞ്ഞുകയറ്റക്കാരും 4353 പേർ തൊഴിൽ നിയമ ലംഘകരുമാണ്. ഏറ്റവും കൂടുതൽ നിയമ ലംഘകർ പിടിയിലായത് മക്ക പ്രവിശ്യയിലാണ്.

പിടിയിലായ നിയമ ലംഘകരിൽ 42 ശതമാനത്തെയും മക്ക പ്രവിശ്യയിൽ നിന്നാണ് സുരക്ഷാ വകുപ്പുകൾ പിടികൂടിയത്. 19 ശതമാനം പേരെ റിയാദ് പ്രവിശ്യയിൽ നിന്നും 11 ശതമാനം പേരെ അസീർ പ്രവിശ്യയിൽ നിന്നും ആറു ശതമാനം പേരെ ജിസാനിൽ നിന്നും അഞ്ചു ശതമാനം പേരെ കിഴക്കൻ പ്രവിശ്യയിൽ നിന്നും പിടികൂടി. മൂന്നു ദിവസത്തിനിടെ അതിർത്തി വഴി നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 394 പേരെയും സുരക്ഷാ സൈനികർ പിടികൂടി.
8433 നിയമ ലംഘകർക്കെതിരെ വിദേശി നിരീക്ഷണ വകുപ്പുകൾ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇവരിൽ 7591 പേർ പുരുഷന്മാരും 942 പേർ വനിതകളുമാണ്. നിയമ ലംഘകർക്ക് യാത്രാ, താമസ സൗകര്യങ്ങൾ നൽകിയതിന് 25 സൗദികളെയും മൂന്നു ദിവസത്തിനിടെ പിടികൂടി.






