രണ്ട് പതിറ്റാണ്ടിന് ശേഷം മുല്ലപ്പെരിയാറില്‍ വീണ്ടും വൈദ്യുതി വെളിച്ചം

ഇടുക്കി-20 വര്‍ഷത്തെ ഇടവേളക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതി എത്തി. ഡാമിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഉപകരണങ്ങളില്‍നിന്നുള്ള അളവുകള്‍ ലഭിക്കുന്നതിനും വേണ്ടി 1980ല്‍ കെ. എസ്.ഇ.ബി അണക്കെട്ടില്‍ വൈദ്യുതി ലഭ്യമാക്കിയിരുന്നു. എന്നാല്‍ ലൈനിന്റെ കാലപ്പഴക്കംമൂലവും വന്യജീവികള്‍ക്ക് ഭീഷണി ഉണ്ടാകുന്നതായി കണ്ടതിനാലും വനംവകുപ്പിന്റെയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ 2000 ത്തില്‍ കണക്ഷന്‍ വിച്ഛേദിച്ചു.
2003ല്‍ മന്ത്രിതല ചര്‍ച്ചയില്‍ ഓവര്‍ ഹെഡ് ലൈനിന് പകരം വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലേക്ക് 11 കെ.വി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് വന്യ ജീവികള്‍ക്ക് ഭീഷണിയാകാത്ത രീതിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാന്‍ തീരുമാനമായി. ഇതിനു വേണ്ടിവരുന്ന മുഴുവന്‍ തുകയും തമിഴ്നാട് സര്‍ക്കാര്‍ വഹിക്കാമെന്ന് ഏറ്റു. 5.125 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനായി 2005ല്‍ തമിഴ്നാട് സര്‍ക്കാര്‍ 91 ലക്ഷം രൂപ ബോര്‍ഡിന് നല്‍കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ വനംവകുപ്പിന്റെ അനുമതി ലഭ്യമാകാന്‍ കാലതാമസം നേരിട്ടതിനാല്‍ കോണ്‍ട്രാക്ടര്‍ ജോലി ഉപേക്ഷിച്ചു.
2016 ല്‍ കേബിള്‍ റൂട്ടില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി കേബിളിന്റെ നീളം 5.125 കിലോമീറ്ററില്‍നിന്ന് 5.65 കിലോമീറ്ററായി പുനര്‍നിശ്ചയിച്ചു. തുക  ഒരു കോടി 65 ലക്ഷം രൂപയായി ഉയര്‍ത്തി. അധിക തുക തമിഴ്നാട് സര്‍ക്കാര്‍ 2016 ല്‍ നല്‍കി. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനായി 0.2583 ഹെക്ടര്‍ വനഭൂമി ആവശ്യമായി വന്നു. വനഭൂമി വക മാറ്റുന്നതിനായി 1347035 രൂപ വനംവകുപ്പിന് നല്‍കി. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോലി തുടങ്ങുന്നതിനുള്ള അനുമതി നല്‍കി. 2021 ജനുവരി 13ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുകയും ചെയ്തു.

 

Latest News