ദുബായ്- കോവിഡ് കാലത്തെ മാന്ത്രിക ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അഭിപ്രായപ്പെട്ടു.
ഇരട്ട നികുതി ഒഴിവാക്കാനും എന്‍.ആര്‍.ഐക്കാര്‍ക്ക് ഇന്ത്യയില്‍ ഏക ഉടമ സംരംഭം ആരംഭിക്കാനും നിര്‍ദേശം നല്‍കുന്ന രണ്ട് കാര്യങ്ങളാണ് പ്രവാസികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രവാസികള്‍ക്ക് ഗുണകരമാകുന്ന ബജറ്റാണിത്. നേരത്തെ ഇന്ത്യയില്‍ ലിമിറ്റഡ് കമ്പനി ആരംഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ പേര്‍ വേണമായിരുന്നു. ഇത് പൂര്‍ണമായും ഒരാള്‍ മാത്രമുള്ള കമ്പനിയായി മാറി.
പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കിയതും അഭിനന്ദനാര്‍ഹമാണ്. പൊതുവേ, വളരെ മികച്ച ബജറ്റ് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍, പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരെ അഭിനന്ദിക്കുന്നതായും യൂസഫലി പറഞ്ഞു.
ഇന്ത്യ അഞ്ച് ട്രില്യന്‍ സാമ്പത്തികനിലയിലേയ്ക്ക് കുതിക്കുമ്പോഴായിരുന്നു കോവിഡ് മഹാമാരി വ്യാപകമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിന് 36,000 കോടി രൂപ വകയിരുത്തിയത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും.
ആരോഗ്യം, അടിസ്ഥാനസൗകര്യം, കാര്‍ഷിക മേഖലകളെയെല്ലാം ബജറ്റ് പരിഗണിച്ചു. ആത്മനിര്‍ഭര്‍ ഭാരത്, കൊവിഡ് പാക്കേജ് പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല മൂന്ന് പ്രഖ്യാപനങ്ങള്‍ നടത്തി. സംസ്ഥാനം ഇന്ന് അനുഭവപ്പെടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നായ ഗതാഗതമേഖലയിലെ പ്രശ്‌നപരിഹാരത്തിന് 65,000 കോടി രൂപ വകയിരുത്തി.
കൊച്ചി മെട്രോയ്ക്കും സഹായം പ്രഖ്യാപിച്ചു. കൊച്ചിയെ ഏറ്റവും വലിയ മത്സ്യബന്ധന ഹാര്‍ബറാക്കി മാറ്റുമ്പോള്‍ അത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും യൂസഫലി പറഞ്ഞു.