Sorry, you need to enable JavaScript to visit this website.

കലാകാരന്മാരെ അപമാനിച്ച മുഖ്യമന്ത്രി  മാപ്പ് പറയണം -പിടി തോമസ് 

തൃപ്പുണുത്തുറ- കോവിഡിന്റെ പേരില്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജേതാക്കള്‍ക്ക് നേരിട്ട് നല്‍കാത്തതില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി പിടി തോമസ് എം.എല്‍.എ. കലാകാരന്മാര്‍ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാന്‍ ഗര്‍വ് കാണിച്ചതെന്ന് പിടി തോമസ് വിമര്‍ശിച്ചു. കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയന് ഉറപ്പിച്ചുവെന്നും അവാര്‍ഡ് ജേതാക്കളെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും എം.എല്‍.എ ഫേ്‌സ്ബുക്കില്‍ കുറിച്ചു.

പി.ടി. തോമസിന്റെ ഫേ്‌സ്ബുക്ക് കുറിപ്പ്

പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്‌ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്. ഇവിടെ കയ്യുറയും മുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണേവന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കൊ ' എന്ന ധാര്‍ഷ്ട്യമാണ് കാണിച്ചത്. കലാകാരന്‍മാര്‍ വെറും അടിമകള്‍ ; ഏമാന്‍ തൊടില്ല ; തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രോം. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചു ; അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്‍പം എടുത്ത് പൊയ്‌ക്കോളാന്‍ ആജ്ഞ. കലാകാരന്മാര്‍ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാന്‍ ഗര്‍വ് കാണിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാന്‍ പാര്‍ട്ടിക്കൂറ് കാണിച്ചു, സുവനീര്‍ നേരിട്ട് കൊടുത്തായി പ്രകാശനം. കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം. അവാര്‍ഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. വിളിച്ചു വരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നട്ടെല്ലുള്ള കലാകാരന്‍മാര്‍ തയ്യാറാകണം.
 

Latest News