Sorry, you need to enable JavaScript to visit this website.

അവാര്‍ഡ് സ്വീകരിച്ചവര്‍ക്കില്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിന്?  കമല്‍

തൃശൂര്‍- കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത പ്രവൃത്തി ഒരുവിഭാഗം ആളുകള്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സന്ദേശം എന്ന രീതിയിലാണ് മുഖ്യമന്ത്രി അവാര്‍ഡ് മേശപ്പുറത്തു നിന്ന് ഓരോരുത്തരോടും എടുത്തുകൊള്ളാന്‍ പറഞ്ഞത്. അവാര്‍ഡ് സ്വീകരിച്ച 53 പേര്‍ക്കും ഇല്ലാത്ത പരാതികളാണ് പുറത്തുനിന്നുള്ളവര്‍ക്കെന്നും കമല്‍ പറഞ്ഞു.
കമലിന്റെ വാക്കുകള്‍: മുഖ്യമന്ത്രി പറഞ്ഞത് ഒരു സന്ദേശം എന്ന രീതിയിലാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ അവാര്‍ഡ് നേരിട്ട് കൊടുക്കുന്നത് തെറ്റായ സന്ദേശമായിരിക്കും. അവാര്‍ഡ് മേശപുറത്ത് വയ്ക്കും, നിങ്ങളത് സ്വീകരിക്കണം എന്ന് അഭ്യര്‍ഥന രീതിയിലാണ് മുഖ്യമന്ത്രി അത് പറഞ്ഞത്. ധാര്‍ഷ്ട്യത്തോടെയോ ആജ്ഞാപിക്കുകയോ അല്ല അദ്ദേഹം ചെയ്തത്. 53 അവാര്‍ഡുകളാണ് അന്ന് വിതരണം ചെയ്തത്. അവാര്‍ഡ് വാങ്ങിയ 53 പേരും അതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ക്കൊന്നും അതൊരു ഉചിതമല്ലാത്ത നടപടിയായി തോന്നിയിട്ടില്ല. പുറത്തുനില്‍ക്കുന്നവരാണ് അനാവശ്യവിവാദം സൃഷ്ടിക്കുന്നത്.നേരിട്ട് പുരസ്‌കാരം നല്‍കുന്ന രീതിക്ക് പകരം വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനാനുമതി.

Latest News