യാങ്കൂൺ(മ്യാൻമർ)- മ്യാൻമറിൽ സൈനിക അട്ടിമറി. ദേശീയ നേതാവ് ഓങ് സാൻ സൂചി(75), പ്രസിഡന്റ് വിൻ വിൻ മയന്റ് എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളെ സൈന്യം തടങ്കലിലാക്കി. മ്യാൻമറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തു. പ്രധാന നഗരങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലായി. ഔദ്യോഗിക ടി.വിയും റേഡിയോയും പ്രവർത്തനം നിർത്തി. യാങ്കൂണിൽ മൊബൈൽ സേവനവും തടസപ്പെട്ടു. ഇക്കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി വൻ ഭൂരിപക്ഷം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി പ്രതിപക്ഷം ആരോപച്ചിരുന്നു. ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങൾക്കും റോഹിൻഗ്യകൾക്കും വോട്ടവകാശം സൂചി നിഷേധിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്. 476 സീറ്റിൽ 396 സീറ്റും സൂചിയുടെ പാർട്ടിക്കായിരുന്നു. 50 വർഷത്തെ സൈനിക ഭരണം അവസാനിപ്പിച്ച 2015-ലാണ് സൂചിയുടെ പാർട്ടി അധികാരത്തിലെത്തിയത്.