ഒഞ്ചിയം- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആർ.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. എന്നാൽ വടകരയിൽ ആർ.എം.പിക്ക് സ്ഥാനാർഥിയുണ്ടാവുമെന്നും അവർ പറഞ്ഞു. വടകര സീറ്റ് ആർ.എം.പിക്ക് ലഭിക്കുകയാണെങ്കിൽ കെ.കെ രമയുടേയും ആർ.എം.പി സംസ്ഥാന അധ്യക്ഷൻ എൻ.വേണുവിന്റേയും പേരായിരുന്നു ഉയർന്ന് കേട്ടത്. ആർ.എം.പി സ്ഥാനാർഥിയായി എൻ.വേണു വടകരയിൽ മത്സരിക്കുകയും മറ്റെവിടെയങ്കിലും പൊതു സ്വതന്ത്രയായി കെ.കെ രമയെ രംഗത്തിറക്കണമെന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിൽ കാര്യമില്ലെന്നാണ് രമ പറയുന്നത്. ആർ.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നൽകുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ യു.ഡി.എഫിനൊപ്പം ചേർന്ന ആർ.എം.പി കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് സീറ്റ് പങ്കിട്ടുകൊണ്ടായിരുന്നു വടകരയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.