ഹോങ്കോങുകാര്‍ക്ക് ബ്രിട്ടന്റെ പൗരത്വ ഓഫര്‍ ഇന്നു മുതല്‍

ഹോങ്കോങ്- ചൈനയുടെ ഭാഗമായ ഹോങ്കോങില്‍ കഴിയുന്ന പ്രവാസി ബ്രീട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പൂര്‍ണ ബ്രിട്ടീഷ് പൗരത്വത്തിന് വഴിയൊരുക്കു പുതിയ കുടിയേറ്റ പദ്ധതിക്ക് ഞായറാഴ്ച മുതല്‍ തുടക്കം. ബ്രിട്ടനില്‍ ജോലി ചെയ്യാനും ജീവിക്കാനുമുള്ള വീസയ്ക്ക് ഓണ്‍ലൈനായി ഇവര്‍ക്ക് അപേക്ഷിക്കാം. ഇതു നേടിയാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം ഇവര്‍ക്ക് ബ്രിട്ടീഷ് പൗരത്വവും നല്‍കും. ഹോങ്കോങിലെ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ചൈനയുടെ നടപടിയോടുള്ള പ്രതികരണമായാണ് ഈ കുടിയേറ്റ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ ബ്രിട്ടീഷ് കോളനിയാണ് ഹോങ്കോങ്. 1997ല്‍ ചൈനയ്ക്കു കൈമാറുമ്പോള്‍ ഇവിടുത്തെ സ്വാതന്ത്ര്യങ്ങള്‍ 50 വര്‍ഷത്തേക്ക് നിലനിര്‍ത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ ഉടമ്പടി ചൈന ലംഘിച്ചുവെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. മുന്‍ കോളനിയായ ഹോങ്കോങിനെ സംരക്ഷിക്കാന്‍ ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നാണ് ബ്രിട്ടന്റെ വാദം. ഹോങ്കോങിലെ ജനങ്ങളുമായി ചരിത്രപരമായ ബന്ധവും മികച്ച സൗഹൃദവും ബ്രിട്ടനുണ്ട്. അവരുടെ സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശനത്തിനും നമ്മുടെ പിന്തുണയുണ്ടാകും- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു. 

ബ്രിട്ടന്‍ പുതിയ ഹോങ്കോങുകാര്‍ക്ക് പുതിയ കുടിയേറ്റ പദ്ധതി അവതരിപ്പിച്ചതോടെ ചൈന ശക്തമായി പ്രതികരിച്ചു. പ്രവാസി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് മേലില്‍ യാത്രാ രേഖയായും തിരിച്ചറിയല്‍ രേഖയായും അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. അതേസമയം ഇത് വലി പ്രശ്‌നമാകില്ലെന്നാണ് വിലയിരുത്തല്‍. ഹോങ്കോങിന് പ്രത്യേകം പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡും നിലവിലുണ്ട്. എന്നാല്‍ ഹോങ്കോങുകാര്‍ ബ്രിട്ടിനിലേക്ക് പോകുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ക്കായി ചൈന ഒരുങ്ങുന്നതായും റിപോര്‍ട്ടുണ്ട്.
 

Latest News