Sorry, you need to enable JavaScript to visit this website.

അമേരിക്കയ്ക്ക് സമ്മാനിച്ച ഗാന്ധി പ്രതിമ നശിപ്പിച്ച നിലയില്‍ 

ലോസ് ഏഞ്ചല്‍സ്- അമേരിക്കയില്‍ മഹാത്മാഗാന്ധിയുടെ  പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഗാന്ധി പാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍  2016ല്‍ സ്ഥാപിച്ച 6 അടി നീളമുള്ള വെങ്കല പ്രതിമയാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. പ്രതിമയുടെ മുഖ ഭാഗത്തിന്റെ പകുതിയോളം കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രതിമ അവിടെ നിന്ന് നീക്കം ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് ഡേവിസ് സിറ്റി കൗണ്‍സിലര്‍ അറിയിച്ചു.
2016ല്‍ ഇന്ത്യ യുഎസിന് സമ്മാനമായി നല്‍കിയതാണ് 6 അടി നീളമുള്ള ഗാന്ധിജിയുടെ  വെങ്കല പ്രതിമ. പ്രതിമ സ്ഥാപിക്കുന്ന സമയത്ത് അമേരിക്കയിലുള്ള ഇന്ത്യന്‍ വിഘടന സംഘടനകള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ അവരെ അവഗണിച്ച് ഡേവിസ് സിറ്റി ഭരണസമിതി പ്രതിമ സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.  പ്രതിമ നശിപ്പിച്ചെതിനെതിരെ അമേരിക്കയിലെ ഇന്ത്യ സംഘടനകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. നേരത്തെ കാലിഫോര്‍ണിയയിലെ ആറ്, ഏഴ് ക്ലാസുകളിലെ ഇന്ത്യയെ പറ്റിയുള്ള പാഠഭാഗങ്ങള്‍ നീക്കി ദക്ഷിണേഷ്യ എന്ന പേരാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ പരിഗണിച്ച ഇന്ത്യയെ പറ്റിയുള്ള പാഠ ഭാഗങ്ങള്‍ വീണ്ടും ചേര്‍ക്കുകയായിരുന്നു.  പ്രതിമ എന്നാണ് നശിപ്പിച്ചത് എന്നാണോ ആരാണ് ഇതിന്റെ പിന്നലെന്നോ അന്വേഷണ സംഘത്തിന് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാലിഫോര്‍ണിയിലെ പത്രങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. 


 

Latest News