Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാടോ കളിക്കളമോ?  തിരിച്ചറിയാനാവാതെ കണ്ണൂർ ജവഹർ സ്‌റ്റേഡിയം

കണ്ണൂർ ജവഹർ സ്‌റ്റേഡിയം കാടുകയറിയ നിലയിൽ.

ഉത്തരമലബാറിന്റെ കളിയാരവങ്ങൾക്ക് എക്കാലവും ആവേശം പകർന്ന കണ്ണൂർ ജവഹർ സ്‌റ്റേഡിയം നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളായി. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറുകയും മറഡോണയുൾപ്പെടെയുളള പ്രമുഖതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്ത സ്‌റ്റേഡിയം ഇന്ന് കോർപ്പറേഷന്റെ മാലിന്യവണ്ടികൾ പാർക്ക് ചെയ്യാനുളള സ്ഥലമായി മാറിയിരിക്കുകയാണ്.

 

ലോക പ്രശസ്ത ഫുട്‌ബോൾ മാന്ത്രികൻ ഡിഗോ മറഡോണയുടെ പാദസ്പർശമേറ്റ കേരളത്തിലെ ഏക സ്‌റ്റേഡിയമായ കണ്ണൂർ ജവഹർ സ്‌റ്റേഡിയം ശാപമോക്ഷം കാത്ത് കഴിയുന്നു. അധികാരികളുടെ  പ്രഖ്യാപനങ്ങൾ ഇവിടെ പാഴ്‌വാക്കുകളാവുന്നു.


ഉത്തരമലബാറിന്റെ കളിയാരവങ്ങൾക്ക് എക്കാലവും ആവേശം പകർന്ന ഈ സ്‌റ്റേഡിയം നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളായി. മാറിമാറി സംസ്ഥാനവും നഗരസഭയും കോർപ്പറേഷനും ഭരിച്ച ഇടത് വലത് നേതാക്കൾ നവീകരണം സംബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ  നടത്തിയെങ്കിലും ഒന്നും ഇതുവരെ ലക്ഷ്യം കണ്ടില്ല. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറുകയും മറഡോണയുൾപ്പെടെയുളള പ്രമുഖതാരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്ത സ്‌റ്റേഡിയം ഇന്ന് കോർപ്പറേഷന്റെ മാലിന്യവണ്ടികൾ പാർക്ക് ചെയ്യാനുളള സ്ഥലമായി മാറിയിരിക്കുകയാണ്. കൂടാതെ മനോഹരമായ ഫുട്‌ബോൾ കോർട്ട് ഉൾപ്പെടെ സ്‌റ്റേഡിയത്തിന്റെ നല്ലൊരു ഭാഗം കാടുമൂടിയും കുണ്ടും കുഴിയും നിറഞ്ഞും നിൽക്കുകയാണ്. 30,000 പേർക്ക് കളി കാണാൻ ശേഷിയുളള സ്‌റ്റേഡിയം 2014 ൽ ചെറിയ തോതിൽ പുതുക്കി പണിതിരുന്നു. എന്നാൽ പിന്നീടുളള വർഷങ്ങളിൽ കോർപ്പറേഷന്റെ അവഗണനയെ തുടർന്ന് സ്‌റ്റേഡിയം പൂർണ്ണമായും നശിക്കുകയായിരുന്നു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഫുട്‌ബോൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും നിർമ്മിക്കുമെന്ന് 2018ൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ കോർപ്പറേഷൻ ഉടമസ്ഥതയിലുളള സ്‌റ്റേഡിയം നവീകരണത്തോടെ സ്‌പോർട്‌സ് കൗൺസിലിന് കൈമാറണമെന്ന സർക്കാർ നിർദ്ദേശം കോർപ്പറേഷൻ എതിർത്തതിനെ തുടർന്ന് നവീകരണം കടലാസിലൊതുങ്ങി. 
12 കോടി രൂപ ചെലവിൽ സ്‌റ്റേഡിയം നവീകരിക്കാനുള്ള പദ്ധതിക്കായിരുന്നു ഭരണാനുമതി ലഭിച്ചത്.  കിറ്റ്‌കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ) സ്‌റ്റേഡിയത്തിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിരുന്നു. കണ്ണൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിരേഖ തയ്യാറാക്കിയത്. എന്നാൽ ഇതെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു.


ഫെഡറേഷൻ കപ്പ് കണ്ണൂരിൽ നടന്നപ്പോഴാണ് ജവഹർ സ്‌റ്റേഡിയം ഫഌഡ്‌ലിറ്റ് സംവിധാനത്തോടെ ആദ്യമായി ഒരുക്കിയത്. എന്നാൽ പിന്നീട് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച ഫഌഡ്‌ലൈറ്റുകൾ അറ്റകുറ്റ പണി നടത്താതെ നശിക്കുകയായിരുന്നു. 
പിന്നീട് നായനാർ സ്മാരക ഫുട്‌ബോൾ ടൂർണമെന്റും മറ്റും നടന്നപ്പോൾ താൽക്കാലിക ഫഌഡ്‌ലൈറ്റാണ് ഉപയോഗിച്ചത്.
നിരവധി ഒളിമ്പ്യന്മാരെയും അന്താരാഷ്ട്ര താരങ്ങളെയും സമ്മാനിച്ച കണ്ണൂരിൽ  ഒരൊറ്റ നല്ല ഗ്രൗണ്ടും നിലവിലില്ലെന്നതാണ് അവസ്ഥ. കാൽപ്പന്തുകളിയിലുൾപ്പെടെ മികച്ച താരങ്ങളെ സംഭാവനചെയ്ത കണ്ണൂർ സമീപകാലത്ത് കായികനേട്ടങ്ങളിൽ പിന്നിലാകുന്ന സ്ഥിതിയാണ്. കളിക്കാനും പരിശീലനത്തിനും മൈതാനമില്ലെന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കായികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പോലീസ് മൈതാനവും കലക്ടറേറ്റ് മൈതാനവുമെല്ലാം സ്ഥിരം പരിശീലനത്തിന് പറ്റുന്ന വേദിയല്ലാതായി മാറി. പോലീസ് മൈതാനം വാണിജ്യാവശ്യത്തിന് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. 


അന്താരാഷ്ട്ര താരങ്ങളുടെ പാദം പതിഞ്ഞ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിന്റെ നവീകരണം ഉടൻ ആരംഭിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. കണ്ണൂരിന് പുറത്ത് തലശ്ശേരിയിലും ധർമ്മടത്തും മാങ്ങാട്ടുപറമ്പിലും അടക്കം അത്യന്താധുനിക സിന്തറ്റിക് ട്രാക്ക് സംവിധാനങ്ങൾ വരെയുള്ള സ്‌റ്റേഡിയങ്ങൾ പൂർത്തിയായിട്ടും, ജില്ലാ ആസ്ഥാനത്തുള്ള ജവഹർ സ്‌റ്റേഡിയം മാത്രം അവഗണനയിൽ നശിക്കുകയാണ്. സ്വാഭാവിക പുൽത്തകിടിയോടുകൂടിയ ഫുട്‌ബോൾ മൈതാനം,  400 മീറ്ററുള്ള എട്ടുനിര സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ചുറ്റും കമ്പിവേലി, പവിലിയൻ കെട്ടിടം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കണം. ലാൻഡ് സ്‌കേപ്പിങ്, മഴവെള്ള സംഭരണി, സൗരോർജ സംവിധാനം എന്നിവയും  യാഥാർത്ഥ്യമാവണം.


കായികകേരളത്തിന് കരുത്ത് പകർന്ന ഫുട്‌ബോൾ നഗരമായ കണ്ണൂരിന് അത്യന്താധുനിക സൗകര്യത്തോടുകൂടിയുള്ള മൈതാനവും അത്‌ലറ്റിക് ട്രാക്കും വേണമെന്നുള്ളത് വളരെക്കാലമായുളള കായിക പ്രേമികളുടെ ആവശ്യമാണ്. സ്പ്രിന്റ് റാണി പി.ടി. ഉഷയെപ്പോലുള്ളവർ ഓടിക്കളിച്ച മണ്ണിൽ നല്ലൊരു സിന്തറ്റിക് ട്രാക്ക് ഇനിയെന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യം ബാക്കിനിൽക്കുകയാണ്. പുതിയ കോർപ്പറേഷൻ ഭരണ സമിതി അധികാരത്തിലെത്തിയ ശേഷം മേയർ സ്‌റ്റേഡിയം നവീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഒപ്പം കേന്ദ്ര സർക്കാരിന്റെ ഖേൽ അഭിയാൻ പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുമെന്ന് സ്ഥലം എം.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങല്ലേ എന്നാണ് കണ്ണൂരിലെ കായികപ്രേമികളുടെ പ്രാർത്ഥന.

 

Latest News