ലോകത്തിലെ മികച്ച ഗോൾകീപ്പർമാരിലൊരാളാണ് സ്ലൊവേനിയയുടെ യാൻ ഒബ്‌ലാക്. സ്‌പെയിനിലെ അത്‌ലറ്റിക്കൊ മഡ്രീഡിന്റെ നായകനാണ് ഒബ്‌ലാക്. ഡിയേഗൊ സെമിയോണിയുടെ പ്രതിരോധ ഫുട്‌ബോൾ ശൈലിയുടെ അമരത്ത് നായകനായ ഒബ്‌ലാക്കാണ്. ഇത്തവണയും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ബഹുമതിക്കായി ഇരുപത്തേഴുകാരൻ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ചുറ്റും കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും പോസ്റ്റുകൾക്കിടയിൽ ശാന്തനാണ് ഒബ്‌ലാക്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ പ്രകടനം ഒബ്‌ലാക്കിന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. ഫിഫ വെബ്‌സൈറ്റിന് ഒബ്‌ലാക് നൽകിയ അഭിമുഖം...
ചോ: ഇരുപത് ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള കൊച്ചുരാജ്യമാണ് സ്ലൊവേനിയ. എന്നിട്ടും മുൻനിര സ്‌പോർട്‌സ്മാന്മാരുടെ നിര തന്നെയുണ്ട് ഈ രാജ്യത്ത്. എൻ.ബി.എ സ്റ്റാറുകൾ, താദേ പൊഗാസാറിനെ പോലെ സൈക്ലിംഗ് താരങ്ങൾ, താങ്കൾ... എന്താണ് ഇതിന്റെ രഹസ്യം?
ഉ: വ്യക്തിഗത സ്‌പോർട്‌സിലും ടീം സ്‌പോർട്‌സിലും മികച്ച കളിക്കാരുണ്ട് സ്ലൊവേനിയക്ക്. ബാസ്‌കറ്റ്‌ബോൾ എന്നും സ്ലൊവാക്യക്ക് പ്രിയപ്പെട്ട ഇനമാണ്. ഫുട്‌ബോളർമാരും ഏറെയുണ്ട്. സ്‌പോർട്‌സിനോട് ജനങ്ങൾക്കുള്ള അഭിനിവേശമാണ് ഇതിനു കാരണമെന്നു തോന്നുന്നു. കളിക്കാനുള്ള മനോഭാവവും. എളുപ്പം ക്ഷോഭിക്കുന്ന പ്രകൃതക്കാരല്ല സ്ലൊവേനിയക്കാർ. സ്‌പോർട്‌സിൽ അത് വലിയ നിക്ഷേപമാണ്.
ഉ: എപ്പോഴാണ് താങ്കൾ ഫുട്‌ബോൾ കളിച്ചു തുടങ്ങിയത്?
ഉ: ബാല്യകാലത്ത് ഒരുപാട് ഗെയിമുകൾ കളിച്ചിരുന്നു.എങ്കിലും ഫുട്‌ബോളിനോടായിരുന്നു ഇഷ്ടം കൂടുതൽ. പിതാവും പ്രൊഫഷനലായല്ലെങ്കിലും ഫുട്‌ബോൾ കളിച്ചിരുന്നു. അദ്ദേഹവും ഗോൾകീപ്പറായിരുന്നു. തുടക്കത്തിൽ മുൻനിരയിലാണ് ഞാൻ കളിച്ചിരുന്നത്. അപ്പോഴും ഇഷ്ടം ഗോൾകീപ്പിംഗായിരുന്നു. ബാസ്‌കറ്റ്‌ബോളും ടെന്നിസും പോലെ പല കളികളും ഇപ്പോഴും എനിക്ക് ഇഷ്ടമാണ്. കളിക്കാറുണ്ട്. ആസ്വദിക്കാറുമുണ്ട്. പ്രൊഫഷനൽ ഫുട്‌ബോളറാവുന്നതിന് മുമ്പ് സ്‌കീയിംഗ് ഹരമായിരുന്നു.
ചോ: വളരുന്ന കാലത്ത് ഏതെങ്കിലും ഗോൾകീപ്പർമാരെയോ കളിക്കാരെയോ ആരാധിച്ചിരുന്നുവോ?
ഉ: യൂറോപ്പിലെ മുൻനിര ടീമുകളുടെ കളി കാണുമ്പോൾ ഗോൾകീപ്പർമാരിലായിരിക്കും എന്റെ ശ്രദ്ധ. കളിക്കാരുടെ ഫോം ഓരോ സീസണിലും മാറുമല്ലോ? അതിനാൽ ചിലപ്പോൾ ജിയാൻലൂജി ബുഫോണായിരിക്കും ഇഷ്ടതാരം. അടുത്ത സീസണിൽ ഇകർ കസിയാസും. അല്ലെങ്കിൽ പീറ്റർ ഷ്‌മൈക്കലോ ദീദയോ ഒക്കെ. ഇവരെല്ലാം ഇഷ്ട ഗോൾകീപ്പർമാരാണ്. പക്ഷെ ആദ്യ ഹീറോ എന്റെ പിതാവാണ്.
ചോ: ലോകത്തെ മികച്ച ഗോൾകീപ്പറാവണമെന്ന് ആഗ്രഹിച്ചിരുന്നുവോ?
ഉ: എന്റെ ബാല്യകാലത്ത് അന്താരാഷ്ട്ര മത്സരങ്ങൾ അധികമൊന്നും ടി.വിയിൽ ഉണ്ടാവാറില്ല. അതിനാൽ എന്റെ ആദ്യ സ്വപ്‌നം പരിശീലനം നടത്തുന്ന ക്ലബ്ബിന് കളിക്കുകയെന്നതായിരുന്നു. വളർന്നുവന്നപ്പോഴാണ് സ്വപ്‌നങ്ങളും വളർന്നത്.
പ്രൊഫഷനലാവുകയും വലിയ മത്സരങ്ങളിൽ കളിക്കാൻ ആരംഭിക്കുകയും ചെയ്തപ്പോഴാണ് മികച്ച ഗോൾകീപ്പറാവണമെന്നും ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കണമെന്നും സ്വപ്‌നം കണ്ടു തുടങ്ങിയത്. അതിനാണ് ഓരോ ദിവസവും പരിശീലനം നടത്തുന്നത്.
ചോ: ഗോളടിക്കുന്നവരെയാണ്, ഗോൾ തടയുന്നവരെയല്ല ആരാധകർ ശ്രദ്ധിക്കുക?
ഉ: തീർച്ചയായും. ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോയ വലിയ ഗോൾകീപ്പർമാരുണ്ട്. പക്ഷെ കളിക്കളത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ചിലർ ഗോളടിക്കണം, ബാക്കിയുള്ളവർ ഗോൾ തടയണം. ഗോൾകീപ്പർമാർക്കുള്ള അവാർഡുകൾ ഏർപ്പെടുത്തിത്തുടങ്ങിയത് അതിനുള്ള അംഗീകാരമാണ്.
ചോ: അലിസൺ ബെക്കർ, തിബൊ കോർടവ, കയ്‌ലോർ നവാസ്, മാന്വേൽ നോയർ, ആന്ദ്രെ ടെർസ്‌റ്റേഗൻ... പ്രമുഖ ഗോൾകീപ്പർമാരുടെ പട്ടികയിൽ താങ്കളുമുണ്ട്.
ഉ: തീർച്ചയായും മികച്ച ഗോൾകീപ്പർമാരാണ് എല്ലാവരും. എന്നാൽ ടീമുകൾ നേട്ടമുണ്ടാക്കുമ്പോഴേ ഗോൾകീപ്പർമാരും തിരിച്ചറിയപ്പെടൂ.
ചാമ്പ്യൻസ് ലീഗും ദേശീയ ടീമിനൊപ്പമുള്ള ട്രോഫികളും നേടുന്ന ഗോൾകീപ്പർമാരാണ് ശ്രദ്ധിക്കപ്പെടുക. ടീം കിരീടം നേടുമ്പോഴാണ് ഗോൾകീപ്പർമാർക്കും അവാർഡ് കിട്ടുക
ചോ: സമീപകാലത്തെ താങ്കളുടെ ചില സെയ്‌വുകൾ അദ്ഭുതമാണ്. ബയർ ലെവർകൂസനെതിരായ കളിയിലെ ട്രിപ്പിൾ സെയ്‌വ് പ്രത്യേകിച്ചും. ഏതാണ് താങ്കൾക്ക് പ്രിയപ്പെട്ടത്?
ഉ: ട്രിപ്പിൾ സെയ്‌വാണ് എപ്പോഴും പരാമർശിക്കപ്പെടുന്നത്. ടി.വിയിലും ഇന്റർനെറ്റിലും അത് ഏറെക്കാലം കൂടി ആളുകൾ വീക്ഷിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും പ്രത്യേക സെയ്‌വ് മനസ്സിൽ കൊണ്ടുനടക്കുന്ന ആളല്ല ഞാൻ. ഗോൾ തടയുന്ന ഓരോ ശ്രമവും പ്രധാനമാണ്. പല സെയ്‌വുകളും കാണുമ്പോൾ എളുപ്പമായി തോന്നും. മുഴുനീളൻ ഡൈവിനെക്കാൾ പ്രയാസമായിരിക്കും യഥാർഥത്തിൽ അത്. പക്ഷെ ഫോട്ടോയിലും ടി.വിയിലും മുഴുനീളൻ ഡൈവാണ് കാണാൻ ഹരം. പൊസിഷനിംഗ് ഗോൾകീപ്പിംഗിൽ പ്രധാനമാണ്.
ചോ: താങ്കളുടെ ഏറ്റവും പ്രധാന കഴിവ് എന്താണ്?
ഉ: പ്ലെയ്‌സ്‌മെന്റാണ് എനിക്ക് പ്രിയം. ശരിയായ സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ, നിൽക്കാൻ ശ്രമിക്കുന്നതെങ്കിൽ ജോലി ഒരുപാട് എളുപ്പമായിരിക്കും. ഓരോ ടീമും വ്യത്യസ്ത രീതിയിലാണ് കളിക്കുക. കോച്ചുമാർ അതിനൊത്ത രീതിയിലാണ് ഗോളിമാരെ ഒരുക്കുക. അതിനാൽ കോച്ചുമാർക്ക് വലിയ പ്രാധാന്യമുണ്ട്. ചില കോച്ചുമാർ കാലുകൊണ്ട് കൂടുതൽ കളിക്കാൻ ആവശ്യപ്പെടും, മറ്റു ചിലർ പന്ത് നീട്ടിയെറിയാൻ നിർദേശിക്കും. എന്നെ സംബന്ധിച്ചിടത്തോളം പൊസിഷനിംഗാണ് എന്റെ ഏറ്റവും വലിയ കരുത്ത്.
ചോ: ഗോൾകീപ്പർക്ക് കളിക്കളം മുഴുവൻ കാണാം. താങ്കൾ സഹതാരങ്ങളോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണോ, വല്ലപ്പോഴും നിർദേശം നൽകുന്നയാളാണോ?
ഉ: എങ്ങനെ അടി വരുമെന്ന് പ്രതീക്ഷിക്കുന്ന ആളാണ് ഞാൻ. അതിനാൽ സംസാരിച്ചു കൊണ്ടിരിക്കും. സെന്റർ ബാക്കുകളെയും വിംഗ് ബാക്കുകളെയും സഹായിച്ചു കൊണ്ടിരിക്കും. പലപ്പോഴും അവർ കാണാത്ത വിടവുകൾ എനിക്ക് കാണാൻ സാധിക്കും. ചില എതിർ കളിക്കാർ നുഴഞ്ഞുകയറുന്നത് അവർ ശ്രദ്ധിച്ചെന്നു വരില്ല. ഗോൾകീപ്പർ കൂടുതൽ സംസാരിക്കുന്നത് ടീമിന് മൊത്തം ഗുണമാണ്. എല്ലാവരും പരസ്പരം സഹായിക്കുകയാണ്.
ചോ: ലാ ലിഗയിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതിനുള്ള സമോറ ട്രോഫി നാലു തവണ നേടിയിട്ടുണ്ട്. ഈ സീസണിലും പ്രതീക്ഷിക്കുന്നുണ്ടോ?
ഉ: സ്ഥിതിവിവരക്കണക്കുകളിൽ വലിയ വിശ്വാസമില്ല. ചിലപ്പോൾ തുടരെയുള്ള മത്സരങ്ങളിൽ നിരവധി ഗോളുകൾ വഴങ്ങിയേക്കാം. ഗോൾ വഴങ്ങാതിരിക്കാനാണ് ശ്രദ്ധ. അതാണ് വിജയസാധ്യത വർധിപ്പിക്കുന്നത്.
ചോ: ലാ ലിഗയിൽ റയൽ മഡ്രീഡിനെയും ബാഴ്‌സലോണയെയുംകാൾ മുന്നിലാണ് അത്‌ലറ്റിക്കൊ. പലതവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ഏത് ട്രോഫിയാണ് ഇഷ്ടം?
ഉ: എല്ലാം നേടുന്നതാണ് ഇഷ്ടം. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മുൻനിര ടീമുകളുണ്ട്. പലതവണ ഞങ്ങൾ ചാമ്പ്യൻസ് ലീഗിനടുത്തെത്തിയിട്ടുണ്ട്. ജയിക്കാനായിട്ടില്ല. ഈ വർഷം ഒരു കിരീടമെങ്കിലും നേടാനാവുമെന്നാണ് പ്രതീക്ഷ.
ചോ: സ്‌ട്രൈക്കർമാരാണ് പലപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ. എന്നാൽ അത്‌ലറ്റിക്കോയിൽ താങ്കളാണ് ഹീറോ?
ഉ: അത്‌ലറ്റിക്കോയിലെ തുടക്കകാലത്ത് പ്രയാസങ്ങളുണ്ടായിരുന്നു. പക്ഷെ വൈകാതെ ആരാധകരുടെ സ്‌നേഹം ലഭിച്ചു തുടങ്ങി. അവർ ഇല്ലാത്ത ഇപ്പോഴത്തെ സ്‌റ്റേഡിയങ്ങൾ വലിയ പ്രയാസമാണ്. ഒരു കളിക്കാരനുമറിയില്ല എത്ര കാലം ക്ലബ്ബിൽ തുടരാനാവുമെന്ന്. ഞാൻ ഈ ക്ലബ്ബിൽ ഏഴു വർഷമായി. ഇതുവരെ എല്ലാം ശുഭമാണ്. ആരാധകർ ഇഷ്ടപ്പെടുമ്പോൾ എല്ലാം എളുപ്പമായി തോന്നും. അത് ആത്മവിശ്വാസം പകരും.
ചോ: സ്ലൊവേനിയയെ പോലൊരു കൊച്ചു ടീമിനൊപ്പം ലോകകപ്പ് നേടുക പ്രയാസമായിരിക്കും.?
ഉ: എന്റെ കുട്ടിക്കാലത്ത് സ്ലൊവേനിയ യൂറോ 2000 നും 2002 ലെ ലോകകപ്പിനും യോഗ്യത നേടിയിരുന്നു. ഞങ്ങൾ 2010 ലെ ലോകകപ്പ് കളിച്ചു. ആ കാലത്ത് ജനങ്ങളുടെ ആഹ്ലാദം മനസ്സിലുണ്ട്. അത് തിരിച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹം. ലോകകപ്പോ യൂറോ ജയിക്കുക സ്വപ്‌നസാക്ഷാൽക്കാരമായിരിക്കും. അതിനായി സാധ്യമായ എല്ലാം ചെയ്യും.