മുംബൈ- അടുത്ത മാസം ഒന്നിനു റിലീസ് ചെയ്യാനിരുന്ന വിവാദ ബോളിവുഡ് സിനിമ സെന്‍സര്‍ ബോര്‍ഡ് മടക്കി. സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരിച്ചയച്ചത്. സിനിമക്ക് അനുമതി നല്‍കുന്നതിനു മുമ്പ് ജനവികാരം കണക്കിലെടുക്കണമെന്ന് യു.പി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി രജപുത്ര സംഘടനകളുടെ പ്രതിഷേധത്തിനു കാരണമായ സിനിമക്കെതിരെ സംഘ് പരിവാര്‍ സംഘനകളും രംഗത്തുവന്നിരുന്നു. അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ നിലവിലെ നിയമങ്ങള്‍ക്ക് അനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെങ്കിലും സിനിമാലോകം ആശങ്കയിലാണ്. കഴിഞ്ഞയാഴ്ചയാണു സര്‍ട്ടിഫിക്കറ്റിനായി സിനിമ സമര്‍പ്പിച്ചത്.
രേഖകളുടെ പരിശോധനക്കിടെയാണ് അപേക്ഷ പൂര്‍ണമല്ലെന്നു വ്യക്തമായതെന്ന് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധറിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപേക്ഷയിലെ പോരായ്മ വിശദീകരിച്ചിട്ടില്ല.
ചെറിയ സാങ്കേതിക പ്രശ്‌നമേയുള്ളൂവെന്ന് നിര്‍മാതാക്കളായ വിയാകോം 18 മോഷന്‍ പിക്‌ചേര്‍സ് സിഒഒ അജിത് അന്ധാരെ പ്രതികരിച്ചു. സിനിമ ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിലുണ്ടെന്നും കാണുന്നതിന് അവര്‍ക്കു തടസ്സമില്ലെന്നും അന്ധാരെ പറഞ്ഞു.






