ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ടെലിഫോണില്‍ സംസാരിച്ചു. കോവിഡാനന്തര ലോകത്ത് ഇന്ത്യ-യു.എ.ഇ. പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വര്‍ധിച്ച കൂടിയാലോചനകളും സഹകരണവും തുടരാന്‍ തീരുമാനമായി. വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു.
കോവിഡ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ആരോഗ്യപ്രതിസന്ധിഘട്ടത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലച്ചിട്ടില്ലെന്ന അഭിപ്രായമാണ് ഇരുവരും പങ്കുവച്ചത്.
യു.എ.ഇയിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി കിരീടാവകാശി കാണിക്കുന്ന കരുതലിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു.