റിയാദ് - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടിവെക്കാനുള്ള കാരണം കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിലുള്ള കാലതാമസമെന്ന് റിപ്പോര്‍ട്ട്. കൊറോണ വാക്‌സിന്‍ നിര്‍മാതാക്കളായ കമ്പനികള്‍ കരാര്‍ പ്രകാരമുള്ള വാക്‌സിന്‍ ഡോസ് ഗഡുക്കള്‍ നിശ്ചിത സമയത്ത് കൈമാറുന്നതിന് കാലതാമസം വരുത്തിയതായി ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ വിദേശ യാത്രാനുമതി നല്‍കുന്നതിനു മുമ്പായി രാജ്യത്ത് ഉയര്‍ന്ന തോതിലുള്ള സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കേണ്ടത് പ്രധാനമാണ്. സൗദിയില്‍ പൊതുജനാരോഗ്യവും കുറഞ്ഞ രോഗബാധാ നിരക്കും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സൗദി പൗരന്മാരുടെ വിദേശ യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളയുന്നതും കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുന്നതും മാര്‍ച്ച് 31 നു പകരം മെയ് 17 ലേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
മെയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണ തോതില്‍ തുറക്കുകയും സൗദി പൗരന്മാര്‍ക്ക് വിദേശയാത്രാനുമതി നല്‍കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
നേരത്തെ ഓര്‍ഡര്‍ നല്‍കുകയും കരാറുകളുണ്ടാക്കുകയും ചെയ്തതു പ്രകാരം വാക്‌സിന്‍ ശേഖരം ലഭിക്കാത്തതാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും അതിര്‍ത്തികള്‍ തുറക്കുന്നതും നീട്ടിവെക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. നിലവില്‍ സൗദിയില്‍ ഫൈസര്‍-ബയോന്‍ടെക് വാക്‌സിനാണ് ഉപയോഗിക്കുന്നത്. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സെന്ററുകള്‍ തുറന്നിരിക്കുന്നത്. ആസ്ട്രസെനിക്ക, മോഡേണ വാക്‌സിനുകള്‍ സൗദിയില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മോഡേണ വാക്‌സിന്‍ ഇതുവരെ രാജ്യത്ത് എത്തിയിട്ടില്ല.
പത്തു ദിവസത്തിനുള്ളില്‍ സൗദിയിലേക്ക് മുപ്പതു ലക്ഷം ഡോസ് ആസ്ട്രസെനിക്ക വാക്‌സിന്‍ അയക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല അറിയിച്ചിരുന്നു. ഉല്‍പാദന ശേഷി ഉയര്‍ത്തുന്നതിന് ശ്രമിച്ച് ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ നിര്‍മാണം കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണ് സൗദി അറേബ്യക്കും മറ്റു ലോക രാജ്യങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണത്തിന് കാലതാമസമുണ്ടാക്കുന്നത്.
ഇതുമൂലം സൗദിയില്‍ വാക്‌സിന്‍ വിതരണ സമയം പുനക്രമീകരിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരണത്തിന് അപ്പോയിന്റ്‌മെന്റ് ലഭിച്ചവരുടെ സമയം പുനഃക്രമീകരിക്കുകയാണ് ആരോഗ്യ മന്ത്രാലയം ആദ്യം ചെയ്തത്. വൈകാതെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാമത് ഡോസിന് നിര്‍ണയിച്ച അപ്പോയിന്റ്‌മെന്റുകളും ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിക്കാന്‍ തുടങ്ങി. കൂടുതല്‍ വാക്‌സിന്‍ ശേഖരം ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കുമെന്നും മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ സെന്ററുകള്‍ തുറക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏതാനും രാജ്യങ്ങളില്‍ തീവ്രത കൂടിയ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും അതിര്‍ത്തികള്‍ അടക്കാനുമുള്ള തീരുമാനം കഴിഞ്ഞ മാസം 20 ന് ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പിന്നീട് ഒരാഴ്ചത്തേക്കു കൂടി നീട്ടി. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും അതിര്‍ത്തികള്‍ തുറക്കുന്നതും മാര്‍ച്ച് 31 ലേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചതായി ഈ മാസം എട്ടിനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 31 മുതല്‍ പൂര്‍ണ തോതില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും അതിര്‍ത്തികള്‍ തുറക്കുമെന്നും സൗദി പൗരന്മാര്‍ക്ക് വിദേശ യാത്രാനുമതി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.






