കര്‍ഷക സമരത്തെ കുറിച്ച് പോസ്റ്റിട്ടതിന് ശശി തരൂരിനും 6 മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസ്

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരക്കാര്‍ നടത്തിയ ട്രാക്ടര്‍ റാലി സംബന്ധിച്ച് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും തെറ്റായ വിവര പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനും കാരവന്‍ എഡിറ്ററും മലയാളിയുമായ വിനോദ് കെ ജോസ്, രാജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, ശത്രുത പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന യുപിയിലെ നോയ്ഡയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു എന്ന ഇവരുടെ പോസ്റ്റുകളും വാര്‍ത്തകളുമാണ് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ഒരു നോയ്ഡ സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ നേരത്തെ ദല്‍ഹി പോലീസ് നടന്‍ ദീപ് സിദ്ദുവിനും മുന്‍ ഗുണ്ടാതലവനും പിന്നീട് ആക്ടിവിസ്റ്റുമായി മാറിയ ലഖ സിധാനയ്‌ക്കെതിരേയും കേസെടുത്തിരുന്നു. ബിജെപി എംപി സണ്ണി ഡിയോളിനോട് അടുപ്പമുള്ള ദീപ് സിദ്ദു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പ്രചരിച്ചിരുന്നു. കര്‍ഷക സമരം തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ദീപ് സിദ്ദുവെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News