അബുദാബി- അനധികൃതമായി വില്ലകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബി നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം താമസം മാറിയില്ലെങ്കില്‍ ജലവും വൈദ്യുതിയും വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഷക്ബൂത്ത് സിറ്റി, മഫ്‌റഖ്, ബനിയാസ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങി നഗരങ്ങളില്‍നിന്നും അല്‍പം മാറി വില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് നോട്ടിസ് ലഭിച്ചത്. ക്യാംപെയ്‌ന്റെ ഭാഗമായി എല്ലാ മേഖലകളിലും പരിശോധന വ്യാപകമാക്കിയതിനാല്‍ ശേഷിച്ചവര്‍ക്കും വൈകാതെ നോട്ടിസ് ലഭിക്കുമെന്നാണ് കരുതുന്നത്.
സ്വദേശികള്‍ക്കായി നിര്‍മിച്ച വില്ലകള്‍ ഇടനിലക്കാര്‍ വാടകക്കെടുത്ത് വിഭജിച്ച് എട്ടും പത്തും പതിനഞ്ചും കുടുംബങ്ങളെ വരെ താമസിപ്പിച്ചുവരുന്നുണ്ട്. കൂടാതെ നഗരസഭയുടെ അനുമതി എടുക്കാതെ വീടിനോടു ചേര്‍ന്നു കൂടുതല്‍ മുറികള്‍ പണിത് വാടകക്കു നല്‍കുന്നവരുമുണ്ട്. ഇതു ആരോഗ്യ, സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തിനും സേവനത്തിനും വിഘാതം സൃഷ്ടിക്കുന്നതായും നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമലംഘകര്‍ക്കു രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ഓര്‍മിപ്പിച്ചു.






