ഒമാന്‍ വിസ നിരക്കുകളില്‍ വര്‍ധന, പ്രവാസികള്‍ക്ക് ചെലവേറും

മസ്‌കത്ത്- ഒമാന്‍ തൊഴില്‍ മന്ത്രാലയം ലേബര്‍ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. 

എട്ടു വിഭാഗങ്ങളിലാണ് വര്‍ധന. 2001 റിയാല്‍ വരെയാണ് ചില തസ്തികകളില്‍ വിസക്ക് ഇനി ചെലവ് വരിക. പ്രവാസികളെ ജോലിക്കു നിയമിക്കുന്നത് ഇതോടെ ചെലവേറും. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലാണു പുതിയ വിസാ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

മുതിര്‍ന്ന അല്ലെങ്കില്‍ സീനിയര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് 2001 റിയാലാണ് തൊഴില്‍ മന്ത്രാലയത്തില്‍ ഇനി അടക്കേണ്ടത്. മധ്യനിര തസ്തികകളില്‍ 1001 റിയാലാണ് പുതിയ നിരക്ക്. ടെക്‌നിക്കല്‍ ആന്റ് സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ വിസക്ക് 601 റിയാല്‍ ചെലവു വരും.

മൂന്നു വരെ വീട്ടുജോലിക്കാര്‍ക്ക് 141 റിയാലും നാലോ അതിനു മുകളിലോ വീട്ടു ജോലിക്കാരുടെ വിസക്ക് 241 റിയാലുമാണ് നിരക്ക്. മൂന്നു വരെ കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക് 201 റിയാലും നാലോ അതിനു മുകളിലോ 301 റിയാലും നിരക്ക് ഈടാക്കും. എന്നാല്‍, ഈ തസ്തികകളില്‍ പെടാത്ത വിഭാഗങ്ങളില്‍ വിസാ നിരക്ക് 301 റിയാലില്‍ തുടരും. തൊഴിലാളിയുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാല്‍ വീതം നല്‍കണം.

ഏതെല്ലാം തസ്തികകളിലാണ് വിസാ നിരക്ക് പ്രാബല്യമാകുക എന്നതില്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

 

Latest News