ദുബായ് - തട്ടിപ്പ് കേസ് പ്രതിയായ ഗൾഫ് വിദ്യാർഥിനിയെ ദുബായ് ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. വ്യാജ രേഖകൾ സമർപ്പിച്ച് പ്രാദേശിക ബാങ്കിൽ നിന്ന് 27 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിലാണ് വിദ്യാർഥിനിയെ കോടതി ശിക്ഷിച്ചത്. ബാങ്കിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് വിദ്യാർഥിനി ഭീമമായ തുക തട്ടിയെടുത്തത്.
പ്രതിമാസം 1,36,000 ദിർഹം ശമ്പളം ലഭിക്കുന്ന, മന്ത്രാലയ ഉദ്യോഗസ്ഥയാണെന്ന് വാദിച്ച് വ്യാജ രേഖകൾ സമർപ്പിച്ചാണ് വിദ്യാർഥിനി ബാങ്കിൽ നിന്ന് 27 ലക്ഷം ദിർഹം കൈക്കലാക്കിയത്.
വിദ്യാർഥിനിയെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥനെയും കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യ പ്രതിയായ വനിതയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മുഖ്യ പ്രതിയാണ് തനിക്ക് വ്യാജ രേഖകൾ കൈമാറിയതെന്നും ഈ രേഖകൾ ബാങ്ക് ഉദ്യോഗസ്ഥനെ ഏൽപിക്കുന്നതിന് അവർ ആവശ്യപ്പെടുകയായിരുന്നെന്നും വിദ്യാർഥിനി കോടതിയിൽ വാദിച്ചു. വ്യാജ രേഖകളാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥൻ ഇവ തന്റെ പക്കൽനിന്ന് കൈപ്പറ്റിയതെന്നും വിദ്യാർഥിനി കോടതിയിൽ പറഞ്ഞു.