ലഷ്കറില്‍ ചേര്‍ന്ന കശ്മീരി ഫുട്ബോള്‍ താരം തിരിച്ചെത്തി

ശ്രീനഗർ- കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് തീവ്രവാദ സംഘടനായ ലഷ്‌കർ ഇ ത്വയിബയിൽ ചേർന്ന യുവ ഫുട്‌ബോൾ താരം മാജിദ് അർഷിദ് ഖാൻ തിരിച്ചുവന്നു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അഭ്യർഥന മാനിച്ച് തിരിച്ചെത്തിയ മാജിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥിയായ മാജിദ് അർഷിദ് ഖാൻ താൻ തീവ്രവാദ ഗ്രൂപ്പിൽ ചേരുകയാണെന്ന വിവരം  ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ഏറെ ആരാധകരുള്ള ഗോൾ കീപ്പർ കൂടിയായ മാജിദ് നിരവധി കാരുണ്യപ്രവർത്തനങ്ങളുടെയും സംഘാടകനാണ്. 
കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണവും ആരോഗ്യ പരിപാലനവുമായിരുന്നു മാജിദിന്റെ പ്രവർത്തനമേഖല.  
കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യാവർ നിസാറിന്റെ അടുത്ത സുഹൃത്തായിരുന്നു മാജിദ്. നിസാറിന്റെ മരണാനന്ത ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്ത മാജിദ് അതിന് ശേഷമാണ് ലഷ്‌കറിൽ ചേരാൻ തീരുമാനിച്ചത്. സംസ്‌കാര ചടങ്ങിൽ എ.കെ 47 നുമായി നിൽക്കുന്ന മാജിദിൻെ ചിത്രവും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മാജിദിന്റെ കുടുംബവും സുഹൃത്തുക്കളും പോലീസും മാജിദിനോട് തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. മാജിദിന്റെ ഉമ്മ ആസിയാഖാൻ മകനോട് തിരിച്ചുവരാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പുറമെ, മാജിദിന്റെ നിരവധി സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് എക്കൗണ്ടിലെത്തി തിരികെ വരാൻ ആവശ്യപ്പെട്ടു. 
ഇതിനിടെയാണ് മാജിദ് തിരിച്ചെത്തിയതായി കാശ്മീർ ഐ.ജി മുനീർ അഹമ്മദ് ഖാൻ പറഞ്ഞത്. 
ഞങ്ങളവനെ തിരിച്ചുകൊണ്ടുവന്നു. ഇത് സന്തോഷകരമായ മുഹൂർത്തമാണ്. മാതാവിന്റെ പ്രാർത്ഥന ദൈവം കേട്ടു. മാജിദിനെ പോലെ എല്ലാ യുവാക്കളോടും ആയുധം താഴെയിടാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നിങ്ങൾ നിങ്ങളുടെ അമ്മമാരിലേക്ക് മടങ്ങിപ്പോകുക. അഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു.
 

Latest News