Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന്റെ  മരക്കാര്‍ റിലീസ് അനിശ്ചിതമായി മാറ്റി

ഇരിങ്ങല്‍- ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബഡ്ജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തീയതി വീണ്ടും മാറ്റി. നേരത്തെ മാര്‍ച്ച് 26ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്യസംസ്ഥാന സിനിമകള്‍ക്ക് തീയറ്ററുകളില്‍ ആളുകള്‍ വരുന്നത് കുറയുന്നതിനാല്‍ വരുമാന നഷ്ടമുണ്ടാകുന്നുണ്ട്. അത് പരിഹരിച്ചതിനു ശേഷം മാത്രമേ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഫേസ്ബുക്കിലൂടെ നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചത്. എന്നാല്‍ വേള്‍ഡ്‌വൈഡ് റിലീസിന് നേരിടുന്ന പ്രശ്‌നങ്ങളും സിനിമയുടെ റിലീസ് തീയതി മാറ്റിവെയ്‌ക്കേണ്ടി വന്നതിനു കാരണമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള തയാറെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ലോക് ഡൗണ്‍ വന്നു തിയറ്ററുകള്‍ അടക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest News