വാക്‌സിന്‍ പാക്കറ്റ് മോഷ്ടിച്ച് കടന്നു കളഞ്ഞ  ഡോക്ടര്‍ അറസ്റ്റില്‍  

ന്യൂയോര്‍ക്ക്- ടെക്‌സസിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്‌സിന്‍ പാക്കറ്റ് മോഷ്ടിച്ച് കടന്നു കളഞ്ഞ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 29നാണു ഒമ്പത് ഡോസ് കോവിഡ് വാക്‌സിന്‍  അടങ്ങിയ ഒരു പാക്കറ്റ് ഡോ.  ഗോകുല്‍ ഹാസന്‍ എന്നയാള്‍ മോഷ്ടിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത്  സിസ്റ്റത്തിന്റെ സ്‌റ്റോര്‍ മുറിയില്‍ നിന്നാണ് വാക്‌സിന്‍ മോഷണം നടന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടി സ്‌റ്റോറില്‍ നിന്ന് താന്‍ വാക്‌സിന്‍ മോഷ്ടിച്ച് കടത്തിയതായി ഡോ. ഗോകുല്‍  തന്റെ ഒരു സഹപ്രവര്‍ത്തകനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്റെ മാനേജരോടും, മാനേജര്‍ പോലീസിലും വിവരമറിയിച്ചതോടെയാണ് ഡോക്ടര്‍ അകത്തായത്. തന്റെ വീട്ടുകാര്‍ക്കും അടുത്ത സ്‌നേഹിതരില്‍ ചിലര്‍ക്കും കുത്തിവെക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഡോക്ടറുടെ ഈ പ്രവൃത്തി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ള പലര്‍ക്കും വാക്‌സിന്‍ നിഷേധിക്കും എന്നതുകൊണ്ട് അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ് എന്ന് പോലീസ് വ്യക്തമാക്കി. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.


 

Latest News