Sorry, you need to enable JavaScript to visit this website.

മൂന്നു മാസത്തിനിടെ രണ്ടര ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - മൂന്നു മാസത്തിനിടെ സൗദിയിൽ രണ്ടര ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഗാർഹിക തൊഴിലാളികളും സ്വകാര്യ മേഖലാ ജീവനക്കാരും അടക്കം 2,57,200 ഓളം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മൂന്നാം പാദത്തിൽ രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം രണ്ടര ശതമാനം തോതിൽ കുറഞ്ഞു. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളും കൃഷി തൊഴിലാളികളും സ്വകാര്യ മേഖലാ ജീവനക്കാരും അടക്കം ആകെ 10.2 ദശലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. രണ്ടാം പാദത്തിൽ ആകെ വിദേശ തൊഴിലാളികൾ 10.46 ദശലക്ഷമായിരുന്നു. 
രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനത്തിൽ നിന്ന് 14.9 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയെ കശക്കിയെറിഞ്ഞ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാദമായിരുന്നു 2020 രണ്ടാം പാദം. മൂന്നാം പാദത്തിൽ കൊറോണ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ നേരിയ മുക്തി നേടിയെങ്കിലും ഇതിന്റെ സ്വാധീനം തുടർന്നു. 
മൂന്നാം പാദത്തിൽ സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനം തോതിലും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 1.2 ശതമാനം തോതിലും കുറഞ്ഞു. പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.2 ശതമാനവുമാണ്. 
സൗദികളും വിദേശികളും അടക്കം രാജ്യത്ത് ആകെ 13.46 ദശലക്ഷം ജോലിക്കാരാണുള്ളത്. രണ്ടാം പാദത്തിൽ ആകെ ജോലിക്കാർ 13.63 ദശലക്ഷമായിരുന്നു. മൂന്നു മാസത്തിനിടെ ആകെ ജോലിക്കാരുടെ എണ്ണം 1.3 ശതമാനം തോതിൽ കുറഞ്ഞു. ആകെ ജീവനക്കാരുടെ എണ്ണത്തിൽ 1,75,300 ഓളം പേരുടെ കുറവാണുണ്ടായത്. 
സൗദി ജീവനക്കാർ 32.5 ലക്ഷമാണ്. ഇതിൽ 21 ലക്ഷം പുരുഷന്മാരും 11.5 ലക്ഷം വനിതകളുമാണ്. മൂന്നാം പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണം 2.6 ശതമാനം തോതിൽ വർധിച്ചു. സൗദി ജീവനക്കാരുടെ എണ്ണത്തിൽ 81,850 പേരുടെ വർധനവാണുണ്ടായത്. പുരുഷ ജീവനക്കാരുടെ എണ്ണം 2.2 ശതമാനം (44,900) തോതിലും വനിതാ ജീവനക്കാരുടെ എണ്ണം 3.3 ശതമാനം (36,900) തോതിലും മൂന്നാം പാദത്തിൽ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

Tags

Latest News