Sorry, you need to enable JavaScript to visit this website.

ട്രാക്ടർ റാലി നൂറ് കിലോമീറ്ററിൽ; അനുമതി കിട്ടിയെന്ന് കർഷകർ


ന്യൂദൽഹി - കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദൽഹി അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നത് നൂറ് കിലോമീറ്റർ ദൂരത്തിൽ. ഇതിന് ദൽഹി പോലീസിന്റെ അനുമതി ലഭിച്ചുവെന്ന് കർഷകർ അവകാശപ്പെട്ടപ്പോൾ പോലീസ് അത് നിഷേധിച്ചു. റാലിയുടെ റൂട്ട് മാപ്പ് കർഷകർ ഇതുവരെ നൽകിയിട്ടില്ലെന്നും അത് കിട്ടിയശേഷം മാത്രമേ, അനുമതി നൽകുന്ന കാര്യം തീരുമാനിക്കൂവെന്നുമാണ് ദൽഹി പോലീസ് കമ്മീഷണർ എസ്.എൻ. ശ്രീവാസ്തവ അറിയിച്ചത്.
ദൽഹി അതിർത്തി പോയന്റുകളായ ഗാസിപൂർ, സിംഗു, തിക്രി എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാവും ട്രാക്ടർ റാലിയെന്ന് കർഷക സംഘടനാ നേതാവ് അഭിമന്യു കോഹർ ഇന്നലെ ഉച്ചക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വിശദാംശങ്ങൾ രാത്രിയോടെ തയാറാക്കുമെന്നും, ഇതര യൂനിയൻ നേതാക്കളുമായും പോലീസുമായും നടത്തിയ ചർച്ചക്കുശേഷം അദ്ദേഹം പറഞ്ഞു. അതിർത്തി പോയന്റുകളിൽ ദൽഹി പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നീക്കം ചെയ്യുമെന്നും കർഷകർ ട്രാക്ടറുമായി തലസ്ഥാന നഗരത്തിൽ പ്രവേശിച്ച് റാലി നടത്തുമെന്നും മറ്റൊരു കർഷക സംഘടനാ നേതാവായ ദർശൻ പാൽ പറഞ്ഞു.


സർക്കാരുമായി നടത്തിയ പതിനൊന്നാംവട്ട ചർച്ചയും അലസിയതോടെ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് നീട്ടിവെക്കാമെന്ന സർക്കാരിന്റെ വാഗ്ദാനവും കർഷകർ തള്ളി. നിയമങ്ങൾ പാടെ പിൻവലിക്കുക, കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് പതിനൊന്നാം വട്ട ചർച്ചയിലും കർഷകർ നിലപാടെടുത്തു. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്ന മുൻ നിലപാട് സർക്കാർ ആവർത്തിക്കുന്നതുകൊണ്ടാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞതെന്ന് ദർശൻ പാൽ പറഞ്ഞു.


അതിനിടെ, ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ദൽഹി അതിർത്തി പോയന്റുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ ആയിരക്കണക്കിന് ട്രാക്ടറുകളുമായി കർഷകർ അതിർത്തികളിൽ തമ്പടിച്ചിട്ടുണ്ട്. സമരം ഏത് നിമിഷവും അക്രമാസക്തമായേക്കുമെന്ന് ചില മുൻ സർക്കാർ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, പ്രക്ഷോഭം തീർത്തും സമാധാനപരമായിരിക്കുമെന്നും, ട്രാക്ടർ റാലിക്ക് ദൽഹിയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകുകയാണ് വേണ്ടതെന്നും കർഷക നേതാക്കൾ പറഞ്ഞു.


അതിനിടെ, ദൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മധ്യപ്രദേശിൽ കോൺഗ്രസ് നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. ഭോപാലിൽ രാജ്ഭവന് മുന്നിൽ നടന്ന പ്രകടനം പോലീസ് തടയുകയും പ്രകടനക്കാരെ പിരിച്ചുവിടാൻ ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഏതാനും കോൺഗ്രസ് പ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

 

Latest News