Sorry, you need to enable JavaScript to visit this website.

ഇന്ധന വില മുകളിലേക്ക് തന്നെ

കൊച്ചി- സംസ്ഥാത്ത് പെട്രോൾ, ഡീസൽ വില ഇന്നലെയും ഉയർന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.97 രൂപയും ഡീസലിന് 80.14 രൂപയുമായി. തിരുവനന്തപുരത്ത് വില യഥാക്രമം 87 രൂപയും 81 രൂപയുമായി. രാജ്യാന്തര അസംസ്‌കൃത എണ്ണവില ഉയർന്നതാണ് വില കൂടാൻ കാരണമായി എണ്ണക്കമ്പനികൾ നിരത്തുന്ന വാദം. ഇന്ധനവില ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിട്ടുണ്ട്. മുംബൈയിലും ദൽഹിയിലും എണ്ണവില സർവകാല റെക്കോഡിലേക്ക് എത്തിക്കഴിഞ്ഞു.
ലോക്ഡൗൺ കാലത്ത് അസംസ്‌കൃത എണ്ണവില ബാരലിന് 19 ഡോളർ എത്തിയിട്ടുപോലും രാജ്യത്ത് ഇന്ധനവിലയിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. എക്സൈസ് നികുതി വർധിപ്പിച്ചുകൊണ്ടാണ് വില താഴാതെ നോക്കിയത്. നിലവിൽ അസംസ്‌കൃത എണ്ണവില ബാരലിന് 55 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.


രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരവും എണ്ണവില വർധനയും കേന്ദ്ര സർക്കാരിനെതിരേ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എക്സൈസ് നികുതി കുറച്ച് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. 
കോവിഡ് കാലത്ത് വിവിധ നികുതി വരുമാനങ്ങളിൽ ഇടിവുണ്ടായപ്പോൾ ഇന്ധനവിലയിലാണ് കേന്ദ്ര സർക്കാർ പിടിച്ചു നിന്നത്. ഇന്ധനങ്ങളുടെ വിൽപനവിലയിൽ 69 ശതമാനവും നികുതിയാണ്. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതി. 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1.96 ലക്ഷം കോടിരൂപയാണ് കേന്ദ്രത്തിന് എക്സൈസ് നികുതിയായി ലഭിച്ചത്. മോഡി സർക്കാർ അധികാരമേറ്റ 2014 ൽ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്ന എക്സൈസ് നികുതി.

 

Latest News