Sorry, you need to enable JavaScript to visit this website.

അവസാന വര്‍ഷം ട്രംപിന് ലഭിച്ചത് വിലയേറിയ സമ്മാനങ്ങള്‍


വാഷിംഗ്ടണ്‍- പ്രസിഡന്റ് പദവിയിലിരുന്ന അവസാന വര്‍ഷം തനിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ വെളിപ്പെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം മാത്രം 40000 ഡോളര്‍ (29 ലക്ഷം രൂപ) വിലമതിക്കുന്ന സമ്മാനങ്ങള്‍ പലരില്‍നിന്നുമായി ലഭിച്ചതായി തന്റെ അവസാനത്തെ സാമ്പത്തിക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍ ട്രംപ് വ്യക്തമാക്കി.
വിമാനക്കമ്പനി ബോയിംഗ്, ടെക് ഭീമന്‍ ആപ്പിള്‍, ഫോര്‍ഡ് മോട്ടോര്‍ എന്നിവര്‍ നല്‍കിയ സമ്മാനങ്ങളും അതില്‍ പെടും. ഡെന്‍വര്‍ ആസ്ഥാനമായുള്ള ഗ്രേറ്റസ്റ്റ് ജനറേഷന്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് സമ്മാനിച്ച രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കന്‍ നാവികര്‍ ഇവോ ജിമയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുന്നത് ചിത്രീകരിക്കുന്ന 25,970 ഡോളറിന്റെ വെങ്കല പ്രതിയാണ് ഇതില്‍ ഏറ്റവും വില കൂടിയ സമ്മാനം. മുന്‍ പി.ജി.എ പ്രസിഡന്റ് ഡെറക് സ്പ്രാഗ്, മുന്‍ ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡെന്നിസ് മ്യുലന്‍ബര്‍ഗ്, പെറ്റ് പ്രൊഡക്ട്‌സ് ഡോട്ട് കോം സി.ഇ.ഒ അലന്‍ സൈമണ്‍, ഇല്ലിനോയ് കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ ബെറ്റിനാര്‍ഡി ഗോള്‍ഫ് എന്നിവര്‍ സമ്മാനിച്ച ഗോള്‍ഫ് ക്ലബ്ബുകളും സമ്മാനങ്ങളിലുണ്ട്.
അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ കോള്‍ബി കോവിംഗ്ടണില്‍നിന്നും ഗുസ്തി ആരാധകനായ നോര്‍ത്ത് കരോലിനയിലെ റാന്‍ഡി ജാക്‌സനില്‍നിന്നും രണ്ട് ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റുകളും സമ്മാനമായി ലഭിച്ചു. ഫോഡ് ചെയര്‍മാന്‍ ബില്‍ ഫോഡ് ജൂനിയര്‍ സമ്മാനിച്ചത് 529 ഡോളര്‍ വിലവരുന്ന ലെതര്‍ ബോംബര്‍ ജാക്കറ്റാണ്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ടെക്‌സസിലെ ഓസ്റ്റിനിലുള്ള ഒരു ആപ്പിള്‍ ഫാക്ടറിയില്‍ ആദ്യമായി നിര്‍മ്മിച്ച 5,999 ഡോളര്‍ വില വരുന്ന മാക് പ്രോ കംപ്യൂട്ടര്‍ സമ്മാനിച്ചു. സൗത്ത് ഡകോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയം മൗണ്ട് റഷ്‌മോറിന്റെ 1100 ഡോളര്‍ വിലമതിക്കുന്ന വെങ്കല പ്രതിമയാണ് ട്രംപിന് സമ്മാനിച്ചത്.

 

Latest News