ആർ. ശ്രീധർ, ഇന്ത്യൻ ഫീൽഡിംഗ് കോച്ച്
ഓസ്‌ട്രേലിയൻ പര്യടനത്തിന് ഇന്ത്യൻ ടീം എത്തുമ്പോൾ ട്വന്റി20 ടീമിലോ ഏകദിന ടീമിലോ റിഷഭ് പന്ത് ഉണ്ടായിരുന്നില്ല. ടെസ്റ്റ് ടീമിൽ റിസർവ് വിക്കറ്റ്കീപ്പറായിരുന്നു. എന്നാൽ ഇന്ത്യൻ ടീം മടങ്ങിയപ്പോൾ ഹീറോ റിഷഭായിരുന്നു. റിഷഭിനുണ്ടായ മാറ്റത്തെക്കുറിച്ച് ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ പറയുന്നു...
ചോ: എന്തുകൊണ്ട് ആദ്യം വൃദ്ധിമാൻ സാഹയെ പരിഗണിച്ചു?
ഉ: കീപ്പിംഗിലും ഫീൽഡിംഗിലും റിഷഭ് മെച്ചപ്പെടാനുണ്ടെന്നു തോന്നി. അതിനാൽ പരിചയസമ്പന്നനായ സാഹക്ക് മുൻഗണന നൽകുകയായിരുന്നു. റിഷഭിന്റെ ഫിറ്റ്‌നസിൽ ആശങ്കയുണ്ടായിരുന്നു. പക്ഷെ കഠിനാധ്വാനം ചെയ്യാൻ റിഷഭ് തയാറായി. ധാരാളം ഓടുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. 6-7 കിലോഗ്രാം ശരീരഭാരം കുറച്ചു. റിഷഭിനെ കളിയുടെ ചില കാര്യങ്ങൾ മാത്രം നോക്കിയല്ല, മൊത്തം പാക്കേജായാണ് പരിഗണിക്കേണ്ടത്. വെടിക്കെട്ട് ബാറ്റിംഗ്, എതിരാളികളെ പരിഹസിച്ച് വിക്കറ്റ്കീപ്പിംഗ് ആസ്വദിക്കുന്ന രീതി. ചില ക്യാച്ചുകൾ റിഷഭ് കൈവിടുമെന്ന് മനസ്സിലാക്കണം. എന്നാൽ ഫാസ്റ്റ്ബൗളിംഗിനെതിരെ കീപ്പിംഗ് ഉജ്വലമാണ്. സ്പിന്നർമാർക്കെതിരെ അത്ര മെച്ചമല്ല. അത് അംഗീകരിച്ചേ പറ്റൂ.
ചോ: മാറ്റം സാധ്യമാണോ?
ഉ: റിഷഭിന് 23 വയസ്സേ ആയുള്ളൂ. മനസ്സിലാക്കാനും തിരുത്താനും റിഷഭ് ഇപ്പോൾ തയാറാണ്. പരിശീലനത്തിൽ ബാറ്റിംഗ് പോലും ഉപേക്ഷിച്ച് കീപ്പിംഗിൽ ശ്രദ്ധിക്കാറുണ്ട്. അത് നല്ല സൂചനയാണ്. കീപ്പർമാർ പ്രായം കൂടുന്തോറും മെച്ചപ്പെടാറുണ്ട്.
ചോ: പരിശീലന മത്സരം പോലും കളിക്കാതെയാണ് റിഷഭ് മെൽബണിൽ ബാറ്റിംഗിനിറങ്ങിയത്?
ഉ: റിഷഭ് അങ്ങനെ പിരിമുറുക്കം പ്രകടിപ്പിക്കുന്ന കളിക്കാരനല്ല. വരുന്നത് സ്വീകരിക്കുന്ന രീതിയാണ്. തുടക്കത്തിൽ ബാറ്റിംഗ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു. അത് സാധാരണവുമാണ്.
ചോ: സിഡ്‌നിയിൽ ലക്ഷ്യം പിന്തുടരുമ്പോൾ സ്ഥാനക്കയറ്റം നൽകിയത് ആലോചിച്ചാണോ, പെട്ടെന്നെടുത്ത തീരുമാനമാണോ?
ഉ: അജിൻക്യ രഹാനെയും രവിശാസ്ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ആലോചിച്ചെടുത്ത തീരുമാനമാണ്. രണ്ടാം ന്യൂബോൾ വരുന്നതിന് മുമ്പ് റിഷഭിന് ഒരുപാട് പന്തുകൾ നേരിട്ട് താളം കണ്ടെത്താൻ അവസരം നൽകണമെന്ന് അവർ ചിന്തിച്ചു. ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താൻ ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾക്ക് എപ്പോഴും ഞങ്ങൾ തയാറായിരുന്നു.
ചോ: ഇംഗ്ലണ്ട് പര്യടനം ആസന്നമായിരിക്കുകയാണ്. സ്പിന്നനുകൂലമായ ഇന്ത്യൻ പിച്ചുകളിൽ റിഷഭിനെ വിശ്വസിക്കാമോ?
ഉ: റിഷഭിനെ തയാറാക്കിയെടുക്കണം. സിഡ്‌നിയിലെയും ബ്രിസ്‌ബെയ്‌നിലെയും പ്രകടനത്തോടെ റിഷഭിനെ ലോക ക്രിക്കറ്റ് ഉറ്റുനോക്കുകയാണ്. എങ്കിലും ഇന്ത്യൻ പിച്ചുകൾ ഏത് വിക്കറ്റ്കീപ്പർക്കും വെല്ലുവിളിയാണ്. റിഷഭിന് പ്രത്യേകിച്ചും. ഇംഗ്ലണ്ടിൽ പെയ്‌സ്ബൗളർമാർക്കെതിരെ കീപ്പ് ചെയ്യുക പ്രയാസമാണെന്നതു പോലെ. കഠിനാധ്വാനം ചെയ്യേണ്ടി വരും. പക്ഷെ ഒരു പരമ്പര കൊണ്ട് റിഷഭ് എല്ലാം പഠിക്കുമെന്ന് ആരാധകർ തെറ്റിദ്ധരിക്കരുത്. ഒരു വർഷത്തിനിടെ റിഷഭ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 100 ശതമാനം അർപ്പിക്കാൻ പഠിച്ചിരിക്കുന്നു.