ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രവചിച്ചവർ ഏറെയുണ്ട്. പക്ഷെ തീർത്തും അപ്രതീക്ഷിത വഴികളിലൂടെയാണ് പരമ്പര സഞ്ചരിച്ചത്. ഒടുവിൽ ബ്രിസ്‌ബെയ്‌നിൽ അവസാന മണിക്കൂറിൽ ഇന്ത്യ അസാധ്യ വിജയം സ്വന്തമാക്കിയത് ഒരുപാട് കളിക്കാരുടെ വീറുറ്റ പ്രകടനം കാരണമാണ്. ഇവരിലധികം പേരും ഈ പരമ്പര കളിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു. സാഹചര്യങ്ങളാണ് അവരെ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് തള്ളിവിട്ടത്, പക്ഷെ അഗ്നിപരീക്ഷ അവർ വിജയകരമായി തരണം ചെയ്തു.
വിയോഗത്തിന്റെ വേദന
ഈയിടെ മാത്രം അന്തരിച്ച പിതാവിന്റെ വേദനയൂറുന്ന ഓർമകളിലാണ് മുഹമ്മദ് സിറാജ് ഈ പരമ്പര കളിച്ചത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ കളിക്കാരനായി സിറാജ്. അപ്രതീക്ഷിതമായാണ് സിറാജിന് അവസരം കിട്ടിയത്. നവംബറിൽ പിതാവ് മരണപ്പെട്ടപ്പോൾ നാട്ടിലേക്കു മടങ്ങാൻ ബി.സി.സി.ഐ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പരമ്പരയിൽ കളിക്കാനാവുമോയെന്ന് ഉറപ്പില്ലാതിരുന്നിട്ടും സിറാജ് ജൈവകവചത്തിൽ തുടർന്നു. നാട്ടിലേക്കു വന്ന് മടങ്ങിയിരുന്നുവെങ്കിൽ വീണ്ടും ക്വാറന്റൈനിൽ കഴിയേണ്ടി വരുമായിരുന്നു.
താൻ ഇന്ത്യൻ കുപ്പായമിടുകയാണ് പിതാവിന്റെ ആഗ്രഹം എന്നു മനസ്സിലാക്കിയ സിറാജ് ഓസ്‌ട്രേലിയയിൽ തുടർന്നു. മുൻനിര ബൗളർമാർ ഒന്നൊന്നായി പരിക്കിനെത്തുടർന്ന് പിന്മാറിയതോടെ മെൽബണിലെ രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. തഴക്കം ചെന്ന കളിക്കാരനെ പോലെ അരങ്ങേറ്റം ഗംഭീരമാക്കി. പരിക്കുകൾ ടീമിനെ വിടാതെ പിന്തുടർന്നതോടെ ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ, തന്റെ മൂന്നാമത്തെ മത്സരത്തിൽ ബൗളിംഗ് ആക്രമണം നയിക്കേണ്ട ചുമതലയായി. കന്നി അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് അത് ആഘോഷിച്ചത്.
ഹൈദരബാദിലെ ഓട്ടോ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ്. തന്റെ മകൻ ഇന്ത്യക്കു കളിക്കുന്നതു കാണുകയായിരുന്നു ഗൗസിന്റെ സ്വപ്നം. നവംബർ 20 നാണ് അദ്ദേഹം മരണപ്പെട്ടത്. സിറാജ് ഐ.പി.എല്ലിനായി അഞ്ചു മാസം മുമ്പ് വീട് വിടുമ്പോൾ തന്നെ പിതാവ് അസുഖബാധിതനായിരുന്നു. ഐ.പി.എല്ലിനിടെ വീട്ടിലേക്കുള്ള എല്ലാ വിളികളും കണ്ണീരിലാണ് അവസാനിച്ചത്.
'ഈ പരമ്പരയിൽ കുട്ടി ആണായി വളർന്നിരിക്കുന്നു. ആദ്യ പരമ്പരയിൽ ടീമിന്റെ ആക്രമണം നയിക്കേണ്ട ദൗത്യമേറ്റെടുത്ത സിറാജ് മുന്നിൽ നിന്ന് ആ ചുമതല നിർവഹിച്ചു' -മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു.
പേരിനു പിന്നിലെ കഥ
ബ്രിസ്‌ബെയ്ൻ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ മുൻനിരയെ ചുരുട്ടിക്കെട്ടിയ ഓസ്‌ട്രേലിയ ആവേശത്തിലായിരുന്നു.
അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിംഗ്ടൺ സുന്ദർ നടന്നടുത്തത് ആ ആഘോഷത്തിലേക്കാണ്. ഇരുപത്തൊന്നുകാരൻ വിട്ടുകൊടുത്തില്ല. കന്നി അർധ ശതകത്തിലൂടെ ഓസ്‌ട്രേലിയയുടെ സ്‌കോറിനോടടുപ്പിച്ചു ടീമിനെ. ലോക ഒന്നാം നമ്പർ ബൗളർ പാറ്റ് കമിൻസിനെ അചഞ്ചലനായി സിക്‌സറിലേക്ക് ഹുക്ക് ചെയ്തു. തിരിച്ചുവന്നപ്പോൾ ടീം ഒന്നടങ്കം എഴുന്നേറ്റു നിന്നാണ് പവിലിയനിലേക്ക് സുന്ദറിനെ സ്വീകരിച്ചത്. സ്റ്റീവ് സ്മിത്തിന്റേതുൾപ്പെടെ നാലു വിക്കറ്റും സ്വന്തമാക്കി.
വാഷിംഗ്ടൺ സുന്ദർ മാത്രമല്ല ആഘോഷിക്കപ്പെട്ടത്. ആ അപൂർവ പേരിന്റെ പിന്നിലെ കഥ കൂടിയാണ്. വാഷിംഗ്ടൺ സുന്ദറിന്റെ പേരിനെക്കുറിച്ച് പിതാവ് എം. സുന്ദറാണ് വെളിപ്പെടുത്തിയത്. തന്നിൽ ക്രിക്കറ്റ് പ്രേമം വളർത്തുകയും കളിക്കാൻ സഹായം നൽകുകയും ചെയ്ത പി.ഡി. വാഷിംഗ്ടൺ എന്ന വ്യക്തിയുടെ പേരാണ് സുന്ദർ തന്റെ മകന് ഇട്ടത്. വാഷിംഗ്ടണും സഹോദരി ശൈലജ സുന്ദറും ക്രിക്കറ്റ് താരങ്ങളായി വളർന്നു. തന്റെ കുടുംബത്തെ സഹായിച്ചതും പഠിക്കാൻ പുസ്തകങ്ങളും യൂനിഫോമും വാങ്ങിത്തന്നതും പി.ഡി വാഷിംഗ്ടൺ ആണെന്ന് സുന്ദർ വെളിപ്പെടുത്തി. പരിശീലനത്തിന് അദ്ദേഹത്തിന്റെ സൈക്കിളിലാണ് പോയിരുന്നത്. അതിന്റെ നന്ദിയിലാണ് മകന് വാഷിംഗ്ടൺ എന്നു പേരിട്ടത് -സുന്ദർ പറഞ്ഞു.
കോച്ചിന്റെ ഭാര്യയുടെ സ്‌നേഹം
വാഷിംഗ്ടൺ സുന്ദറും ശാർദുൽ താക്കൂറും തമ്മിലുള്ള 123 റൺസ് കൂട്ടുകെട്ടായിരുന്നു ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയെ കളിയിൽ നിലനിർത്തിയത്. എട്ടാം നമ്പർ സ്ഥാനത്ത് ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ടോപ്‌സ്‌കോററായി ഇരുപത്തൊമ്പതുകാരൻ. മഹാരാഷ്ട്രയിലെ പാൽഗർ ഗ്രാമത്തിലാണ് ശാർദുൽ ജനിച്ചത്. തിങ്ങിനിറഞ്ഞ ട്രെയിനിൽ ദിവസവും രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് മുംബൈയിലേക്ക് ട്രയ്‌നിംഗിന് വന്നിരുന്നത്. അതിരാവിലെ പുറപ്പെടുകയും ഏറെ വൈകി തിരിച്ചെത്തുകയും ചെയ്യും. ഒരു വർഷത്തോളം താമസിച്ചത് കോച്ച് ദിനേശ് ലാഡിന്റെ കൊച്ചുവീട്ടിലാണ്. കാരണം മറ്റൊരിടത്ത് താമസിക്കാനുള്ള സാമ്പത്തികാവസ്ഥയിലായിരുന്നില്ല. ബോറിവലിയിലെ ബി.എച്ച്.കെ ഫഌറ്റിൽ ചെറിയ സൗകര്യങ്ങളിൽ ശാർദുലിനെ താമസിപ്പിക്കാനുള്ള നിർദേശം ദിനേശ് ലാഡിന്റെ ഭാര്യയുടേതായിരുന്നു. അതേ പ്രായത്തിലുള്ള മകൾ വീട്ടിലുള്ളതിനാൽ ആദ്യം കുടുംബം മടിച്ചതായിരുന്നു. ബോറിവലിയിൽ നിന്ന് 86 കിലോമീറ്റർ അകലെയായിരുന്നു ശാർദുലിന്റെ ജന്മനാടായ പാൽഗർ.
ലാഡിന്റെ സ്‌കൂളായ സ്വാമി വിവേകാനന്ദ ഇന്റർനാഷനൽ സ്‌കൂളിനെതിരെ താരാപ്പൂർ വിദ്യാമന്ദിർ സ്‌കൂളിന് കളിച്ചതാണ് ശാർദുലിന് വഴിത്തിരിവായത്. 78 റൺസും അഞ്ചു വിക്കറ്റുമെടുത്ത ശാർദുലിനെ തന്റെ സ്‌കൂളിലേക്ക് ലാഡ് കൊണ്ടുവന്നു. സ്‌കൂൾ ക്രിക്കറ്റിൽ ശാർദുൽ തുടർച്ചയായി ആറ് സിക്‌സറടിച്ചു. അതൊരു തുടക്കമായിരുന്നു. ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ 69 റൺസും ഏഴു വിക്കറ്റുമാണ് ശാർദുലിന്റെ സംഭാവന.
കൃഷിക്കളത്തിൽ വിളഞ്ഞ മുത്ത്
ശുഭ്മാൻ ഗിൽ ഓസ്‌ട്രേലിയയിലേക്ക് പോയത് റിസർവ് ഓപണറായാണ്. ഓപണർമാരിൽ രോഹിത് ശർമ, മായാങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവർക്ക് പിന്നിലായിരുന്നു ഇരുപത്തൊന്നുകാരന് സ്ഥാനം. രോഹിതിന് പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റ് കളിക്കാനായില്ല. അണ്ടർ-19 ലോകകപ്പ് ടീമിൽ തന്റെ നായകനായിരുന്ന പൃഥ്വി ഷാക്ക് ആദ്യ ടെസ്റ്റിൽ തിളങ്ങാനുമായില്ല. അതാണ് ശുഭ്മാന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയത്. അരങ്ങേറ്റത്തിന്റെ യാതൊരു കൂസലുമില്ലാതെ ഗിൽ ഈ പരമ്പര കളിച്ചു.
കാർഷിക സംസ്ഥാനമായ പഞ്ചാബിലെ കൃഷിക്കുടുംബമാണ് ശുഭ്മാന്റേത്. അച്ഛനും മുത്തച്ഛനും കൃഷിക്കാരായിരുന്നു. വിശാലമായ കൊയ്ത്തുപാടങ്ങളിൽ കൃഷിത്തൊഴിലാളികൾ പന്തെറിഞ്ഞു കൊടുത്താണ് ശുഭ്മാന്റെ ബാറ്റിംഗ് മിനുക്കിയെടുത്തത്. കളിക്കാരനായില്ലെങ്കിൽ ശുഭ്മാൻ കൃഷിക്കാരനാവുമെന്നും ഇപ്പോഴും കൃഷിയിൽ വലിയ താൽപര്യമുണ്ടെന്നും പിതാവ് ലഖ്‌വീന്ദർ പറയുന്നു. ലഖ്‌വീന്ദറിന്റെ സ്വപ്‌നം ക്രിക്കറ്ററാവുകയായിരുന്നു. അത് സാധ്യമായില്ല. അതോടെ മകനെ ക്രിക്കറ്ററാക്കാൻ തീരുമാനിച്ചു. മൊഹാലി സ്‌റ്റേഡിയത്തിനടുത്ത് വീട് വാടകക്കെടുത്തു താമസിച്ചാണ് ശുഭ്മാനെ ക്രിക്കറ്റ് പഠിപ്പിച്ചത്. അണ്ടർ-16 ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടി അരങ്ങേറിയത് ഇരട്ട സെഞ്ചുറിയോടെയായിരുന്നു. 2018 ൽ അണ്ടർ-19 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ പ്ലയർ ഓഫ് ദ ടൂർണമെന്റായിരുന്നു ശുഭ്മാൻ.
ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത് ശുഭ്മാനായിരുന്നു. അവസാന ഇന്നിംഗ്‌സിൽ തകർന്ന പിച്ചിൽ ഓസ്‌ട്രേലിയൻ പെയ്‌സ്പടയെ നേരിട്ട് ശുഭ്മാൻ നേടിയ പ്രായത്തെക്കാൾ പക്വതയുള്ള 91 റൺസ് ഇന്ത്യക്ക് ആത്മവിശ്വാസം പകർന്നു.
ദാരിദ്ര്യത്തിൽ വളർന്ന്
പ്രതിസന്ധികളോട് പടവെട്ടിയാണ് തങ്കരസു നടരാജൻ ഇന്ത്യയുടെ ബൗളിംഗ് ഹീറോ ആയത്. അച്ഛൻ ദിവസക്കൂലിക്കാരനായിരുന്നു, അമ്മ തെരുവിലെ പെട്ടിക്കടക്കാരിയും. നടരാജനെ ആരും ബൗളിംഗ് പഠിപ്പിച്ചിട്ടില്ല, ബൗളിംഗ് കണ്ട് വളരാൻ വീട്ടിൽ ടി.വിയില്ലായിരുന്നു. സേലത്തെ ഗ്രാമങ്ങളിൽ കളിച്ചാണ് നടരാജൻ പെയ്‌സ്ബൗളിംഗ് സ്വയത്തമാക്കിയത്. ദരിദ്രമെന്നു പോലും വിശേഷിപ്പിക്കാൻ പറ്റാത്തവിധം ദയനീയമായിരുന്നു നടരാജന്റെ കുടുംബത്തിന്റെ അവസ്ഥയെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർ.എസ്. രാമസ്വാമി പറയുന്നു. സേലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയായിരുന്നു രാമസ്വാമി. സേലം ജില്ലാ ട്രയൽസിലാണ് ആദ്യമായി നടരാജൻ ക്രിക്കറ്റ് പന്ത് ഉപയോഗിച്ച് ബൗൾ ചെയ്തത്.
2015 ൽ നടരാജൻ രഞ്ജിയിൽ തമിഴ്‌നാടിന് വേണ്ടി അരങ്ങേറി. പക്ഷെ അത് സങ്കടത്തിലാണ് അവസാനിച്ചത്. തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. തമിഴ്‌നാട് പ്രീമിയർ ലീഗിൽ ആർ. അശ്വിനൊപ്പം താമസിച്ചത് വഴിത്തിരിവായി. ഐ.പി.എൽ ലേലത്തിൽ വൻ തുക നേടി. ഓസ്‌ട്രേലിയയിൽ നെറ്റ് ബൗളറായാണ് എത്തിയത്. എന്നാൽ 44 ദിവസത്തെ ഇടവേളയിൽ ഇന്ത്യയുടെ ട്വന്റി20, ഏകദിന, ടെസ്റ്റ് ടീമുകളിൽ അരങ്ങേറാൻ അവസരം കിട്ടി.
പെയ്‌സ്ബൗളർമാർ പലപ്പോഴും വികാരം തുറന്നു പ്രകടിപ്പിക്കുന്നവരാണ്. എന്നാൽ വിക്കറ്റെടുത്താലും തന്നെ സിക്‌സറടിച്ചാലും നടരാജന് ഒരേ പ്രതികരണമാണ്. ചെറുപ്പം മുതൽ ഇതാണ് നടരാജന്റെ രീതിയെന്ന് രാമസ്വാമി പറയുന്നു.