തിരുവനന്തപുരം- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റമുണ്ടായത് സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചതാണ് വിജയത്തിന് ആധാരമെന്നും കോൺഗ്രസ് ഭാരവാഹി യോഗത്തിൽ ചെന്നിത്തല വ്യക്തമാക്കി.
താഴെത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്കറിയില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റി എന്നുള്ള ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.