റിയാദ് - അൽഉല പ്രഖ്യാപന കരാറിൽ ഒപ്പുവെച്ച ശേഷം പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കുള്ള ക്ഷണം ഖത്തർ അവഗണിക്കുന്നതായി ബഹ്‌റൈൻ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യമായത്ര വേഗത്തിൽ ഔദ്യോഗിക സംഘത്തെ ബഹ്‌റൈനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ വിദേശ മന്ത്രിക്ക് ബഹ്‌റൈൻ വിദേശ മന്ത്രാലയം കത്തയച്ചിരുന്നതായി ബഹ്‌റൈൻ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. എന്നാൽ ഈ കത്തിന് ഖത്തറിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ബഹ്‌റൈനിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അൽഉല പ്രഖ്യാപനത്തിലെ വകുപ്പുകൾ നടപ്പാക്കുന്നതിന് വ്യക്തമായ ഒരു നടപടികളും ഖത്തർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഖത്തറിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ തുടരുന്നതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഖത്തർ നയങ്ങൾമൂലം കഴിഞ്ഞ ദശകങ്ങളിൽ ബഹ്‌റൈന് നേരിട്ട നഷ്ടങ്ങൾ ഇല്ലാതാക്കുന്നതിന് മുന്നോടിയായി സദുദ്ദേശ്യം പ്രകടിപ്പിച്ചാണ് അൽഉല പ്രഖ്യാപനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്, രണ്ടു രാജ്യങ്ങളുടെയും അവകാശങ്ങളും താൽപര്യങ്ങളും കണക്കിലെടുത്തുള്ള പുതിയ ദിശാബോധം വേണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ സന്തുലിതവും സുസ്ഥിരവുമാകുന്നതിനുള്ള വ്യക്തായ സംവിധാനം വേണം.
രണ്ടു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് നിരന്തര അനുമതി ഉറപ്പുവരുത്തുന്ന നിലക്ക് കരാർ ഒപ്പുവെക്കുന്നതിന് ഖത്തറുമായി നേരിട്ട് ഉഭയകക്ഷി ചർച്ചകൾ നടത്താൻ ബഹ്‌റൈൻ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഹ്‌റൈൻ വിദേശ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ രണ്ടു ദിവസം മുമ്പ് ഈജിപ്തും ഖത്തറും ധാരണയിലെത്തിയിരുന്നു. അൽഉല പ്രഖ്യാപനത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും യു.എ.ഇയും ബന്ധങ്ങൾ പുനഃസ്ഥാപിച്ചിരുന്നു.