Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിന പരേഡിൽ വീണ്ടും പറന്നുയരാൻ ഇന്ത്യ-പാക് യുദ്ധവിമാനം

ന്യൂദൽഹി-വീണ്ടും പറക്കാനൊരുങ്ങി 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ നിർണായക സാന്നിധ്യമായിരുന്ന ഡക്കോട്ട വിമാനം. റിപ്പബ്ലിക് ദിന പരേഡിലാണ് ഈ യുദ്ധവിമാനം വീണ്ടും പങ്കെടുക്കുക. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കാനും ഡക്കോട്ട വിമാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. റഷ്യൻ നിർമിത എംഐ 17 ഹെലികോപ്റ്ററുകൾക്കൊപ്പമാകും ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക.
1947-48 ലെ ഇന്ത്യ - പാക് സംഘർഷത്തിലും ഡക്കോട്ട ഇന്ത്യക്ക് ശക്തി പകർന്നിരുന്നു. 1947 ഒക്ടോബർ 26 ന് ശ്രീനഗറിനെ രക്ഷിച്ചതും ഈ വിമാനമായിരുന്നു. 
പാക് പിന്തുണയോടെ തീവ്രവാദികൾ ശ്രീനഗർ ആക്രമിച്ചപ്പോൾ സിക്ക് റജിമെന്റിനെ ഇവിടേക്ക് എത്തിച്ചത് ഡക്കോട്ടയായിരുന്നു. ആഴ്ചകൾക്ക് ശേഷം മുഴുവൻ സൈനികരെയും എയർ ലിഫ്റ്റ് ചെയ്തതും ഇതേ വിമാനത്തിലായിരുന്നു.


പാക്കിസ്ഥാനെതിരായ വിജയത്തിന്റെ 50 ാം വാർഷികത്തിൽ ബംഗ്ലാദേശ് സേന കണ്ടീജെന്റിനോട് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനായി 122 അംഗ ബംഗ്ലാദേശ് കണ്ടീജെന്റാണ് ദൽഹിയിൽ കഴിഞ്ഞ ആഴ്ച എത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള സംഘം വേദിയെ അഭിവാദ്യം ചെയ്യുന്ന അതേ സമയത്താകും ഡക്കോട്ട വിമാനവും വേദിയെ അഭിവാദ്യം ചെയ്യുക. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറാണ് വ്യോമസേനക്ക് ഈ വിമാനം സമ്മാനിച്ചത്. 
2011 ൽ ഉപേക്ഷിച്ച ഈ വിമാനത്തെ വീണ്ടും ഉപയോഗിക്കാവുന്ന നിലയിലേക്ക് എത്തിച്ച ശേഷമാണ് വിമാനം വ്യോമസേന്ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലും ജമ്മു കശ്മീരിന്റെ ചരിത്രത്തിലും നിർണായക സാന്നിധ്യമായിരുന്നു ഈ വിമാനമെന്നാണ് എംപി പറയുന്നത്. ആറു വർഷത്തോളം സമയമെടുത്താണ് ഈ വിന്റേജ് വിമാനത്തെ വീണ്ടും ഉപയോഗിക്കാവുന്ന നിലയിലേക്ക് എത്തിച്ചത്. 2018 ലാണ് വിന്റേജ് വിമാനങ്ങളുടെ നിരയിൽ ഉൾപ്പെടുത്തിയത്. ഗാസിയാബാദിലെ ഹിൻഡൻ എയർ ബേസിൽ വെച്ചായിരുന്നു ഇത്. 1988 വരെ ഡക്കോട്ട വിമാനങ്ങൾ രാജ്യത്തെ സേവിച്ചിട്ടുണ്ട്.


അതിനിടെ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാധാരണ സംഘടിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തുക. റിപ്പബ്ലിക് ദിന പരേഡികളിൽ സാധാരണ നടത്തിവരാറുള്ള ആകർഷകമായ നിരവധി പരിപാടികളാണ് ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. സാമൂഹ്യ അകലം കൃത്യമായി പാലിച്ചാകും ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷത്തിൽ നിന്നും റദ്ദാക്കിയ ഏറ്റവും ആകർഷകമായ പരിപാടികളിൽ ഒന്നാണ് പാരാമിലിറ്ററി ഫോഴ്‌സ് സാധാരണയായി പ്രദർശിപ്പിക്കുന്ന മോട്ടോർ സൈക്കിൾ അഭ്യാസം. സൈന്യത്തിൽ നിന്നും വിരമിച്ച പ്രായമായ സൈനികരുടെ പരേഡും ഇത്തവണ റദ്ദാക്കി. കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ 99 ഉം 100 ഉം വയസ്സു പ്രയമായ വിരമിച്ച സൈനികർ പരേഡിൽ പങ്കെടുത്തിരുന്നു. സ്‌കൂൾ കുട്ടികളെ ഇത്തവണ പരേഡിൽ പങ്കെടുപ്പിക്കില്ല. സാധാരണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷികളാവാൻ ഒന്നര ലക്ഷത്തിലധികം ആളുകൾ ഉണ്ടാവുമെങ്കിൽ ഇത്തവണ അത് വെറും 25,000 മാത്രമായിരിക്കും. 4000 പേർക്ക് മാത്രമേ ടിക്കറ്റ് മാർഗം പ്രവേശനമുള്ളൂ. ആളുകൾ കൂടുതൽ അടുത്തിരുന്നു നടത്തുന്ന പ്രദർശനമായതിനാലാണ് മോട്ടോർ സൈക്കിൾ അഭ്യാസം വേണ്ടെന്ന് വെക്കാൻ അധികൃതർ തീരുമാനിച്ചത്. 
 പ്രവേശനത്തിന് മാധ്യമ പ്രവർത്തകരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. സാധാരണ 300 മാധ്യമ പ്രവർത്തകർക്ക് വേദിയിൽ അനുമതി നൽകിയിരുന്നെങ്കിൽ ഇത്തവണ അത് 100 ആയി കുറച്ചു. സുരക്ഷാ ജിവനക്കാർ വിഐപികൾ അടക്കം എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. 


 

Tags

Latest News