Sorry, you need to enable JavaScript to visit this website.

സോണിയാ ഗാന്ധി വിളിച്ചു, പ്രശ്‌നങ്ങൾ തീർന്നെന്ന് കെ.വി തോമസ്

കൊച്ചി- സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതിനെ തുടർന്ന് കോൺഗ്രസ് വിടാനുള്ള നീക്കം പ്രൊഫ. കെ.വി തോമസ് ഉപേക്ഷിച്ചു. നാളെ കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി തിരുവനന്തപുരത്ത് എത്തുന്ന കെ വി തോമസ് ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായി ചർച്ച നടത്തും. കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 
സോണിയാ ഗാന്ധി വിളിച്ച വിവരം കെ വി തോമസ് തന്നെയാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഉടൻ തിരുവനന്തപുരത്തെത്താൻ സോണിയ നിർദേശിച്ചതിനുസരിച്ച് അദ്ദേഹം വെള്ളിയാഴ്ച രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അവഗണനയിലും അപമാനത്തിലും മനസ്സുവിഷമിച്ചാണ് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ തുറന്നു പറയാൻ ആലോചിച്ചതെന്ന് കെ വി തോമസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി കൂടിയാലോചന നടത്താൻ പോലും കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. തന്റെ നാട്ടിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ പോലും തന്റെ നിർദേശം അവഗണിച്ചു. പാർട്ടിയിൽ താൻ അപമാനിതനായി. ഒരു സർക്കാർ പരിപാടിയിൽ താൻ പങ്കൈടുത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ആക്രമണമുണ്ടായി. കോൺഗ്രസിലുള്ളവർ തന്നെ തന്നെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് വിട്ട് ഇടുതപക്ഷത്തേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചത് അവരാണ്. എന്തായാലും സോണിയാ ഗാന്ധി എന്ത് പറഞ്ഞാലും അതിനപ്പുറം താൻ ഒന്നും ചെയ്യില്ലെന്ന് തോമസ് വ്യക്തമാക്കി. 
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ കെ വി തോമസിനെ വിളിച്ച് തിരുവനന്തപുരത്തെ ചർച്ചകളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദൽഹിയിൽ നിന്ന് എ കെ ആന്റണിയുടെ വിളിയെത്തി. ആന്റണിയോട് കെ വി തോമസ് മനസ്സ് തുറന്ന് മിനിറ്റുകൾക്കുള്ളിൽ സോണിയാഗാന്ധിയുമായി കെ വി തോമസ് സംസാരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ എല്ലാ പരാതികളും അവസാനിക്കുകയായിരുന്നു.
സംഘടനയിൽ തുടർച്ചയായി അവഗണിക്കപ്പെട്ടതിനെ തുടർന്ന് കുറച്ചു നാളായി കോൺഗ്രസുമായി അദ്ദേഹം അകലം പാലിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും എം എം ഹസ്സനും തിരുവഞ്ചൂർ രാധാകൃഷ്ണനുമടക്കമുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടിയിൽ പ്രധാന ചുമതലകൾ വഹിക്കാമെങ്കിൽ തന്നെ എന്തു കൊണ്ട് മാറ്റി നിർത്തുന്നുവെന്നാണ് കെ വി തോമസിന്റെ പരിഭവം. പാർലമെന്ററി പദവികളേക്കാൾ അദ്ദേഹത്തെ വിഷമിപ്പിച്ചത് സംഘടനാ തലത്തിൽ ഉണ്ടായ അവഗണനയാണെന്ന് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങൾ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാകാമെന്നായിരുന്നു കെ.വി തോമസിന്റെ പ്രതീക്ഷ. എന്നാൽ പാർട്ടി ടിക്കറ്റ് ഹൈബി ഈഡനായിരുന്നു ടിക്കറ്റ് നൽകിയത്. സീറ്റ് നിഷേധിച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. സംഘടനാ തലത്തിൽ പരിഗണന ലഭിക്കുമെന്ന ഉറപ്പു വിശ്വസിച്ചാണ് അദ്ദേഹം മുന്നോട്ടു പോയത്. ബെന്നി ബഹന്നാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ച ഒഴിവിൽ തന്നെ പരിഗണിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ഇതോടെയാണ് വാർത്താസമ്മേളനം വിളിച്ച് പാർട്ടിയിൽ തനിക്ക് നേരിടുന്ന അവഗണന തുറന്നു പറയാൻ അദ്ദേഹം തീരുമാനിച്ചത്. ക്രൈസ്തവ സഭാ നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം ഈ ഘട്ടത്തിൽ കോൺഗ്രസ് വിടുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ആശങ്കയാണ് കോൺഗ്രസ് ഉന്നത നേതൃത്വത്തെ ഇടപെടാൻ പ്രേരിപ്പിച്ചത്.
കെ വി തോമസ് കോൺഗ്രസ് വിട്ടുവന്നാൽ സ്വീകരിക്കാൻ സി പി എം നേതൃത്വം പരസ്യമായി സന്നദ്ധത അറിയിച്ചിരുന്നു. കുറച്ചു കാലമായി സി പി എമ്മിനോടും ഇടതുമുന്നണിയോടും കെ വി തോമസ് മൃദുസമീപനമാണ് സ്വീകരിച്ചു വരുന്നത്. പരസ്യ സംവാദങ്ങളിൽ അദ്ദേഹം ഇത്തരമൊരു നിലപാടാണ് സ്വീകിരിച്ചുവന്നത്. എറണാകുളത്തെ സി പി എം നേതാക്കൾക്ക് ഇത് കെ വി തോമസിനെ പ്രിയങ്കരനാക്കി. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫിനകത്ത് സമ്മർദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മുതിർന്ന സി പി എം നേതാവ് എം എം ലോറൻസ് ചൂണ്ടിക്കാട്ടുകയുണ്ടായി. കെ വി തോമസിനല്ല, യുവാക്കൾക്കാണ് പാർട്ടി സീറ്റ് നൽകേണ്ടതെന്ന് അദ്ദേഹം തുറന്നു  പറയുകയും ചെയ്തു


 

Latest News