Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

എഴുത്തിന്റെ ലോകം

കേന്ദ്രസാഹിത്യ അക്കാദമി വടക്കു കിഴക്കൻ - ദക്ഷിണേന്ത്യൻ എഴുത്തുകാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാഹിത്യസമ്മേളനം പ്രശസ്ത എഴുത്തുകാരി സുഗതകുമാരി ഉദ്ഘാടനം ചെയ്തപ്പോൾ. 
ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻലൂഥർ കിംഗ് മൂന്നാമനുമായി ഒരു കൂടിക്കാഴ്ച: ഡോ.എൻ.രാധാകൃഷ്ണൻ (മധുര ഗാന്ധിഗ്രാം റൂറ  യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ), ഡോ. എൻ.എ. കരീം (മുൻ പ്രൊ- വൈസ് ചാൻസലർ) എന്നിവരോടൊപ്പം
ഡോ. കായംകുളം യൂനുസ് 

കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും എഴുത്തുകാരനും പ്രമുഖ സാമൂഹിക പ്രവർത്തകനും മുൻ ചീഫ് എൻജിനീയറുമായ ഡോ. കായംകുളം യൂനുസുമായി 
സി. റഹീം നടത്തിയ അഭിമുഖം.

? യാത്രാ വിവരണങ്ങൾക്കും ജീവചരിത്രങ്ങൾക്കും മുമ്പില്ലാത്തവിധമുള്ള സ്വീകാര്യത മലയാള ഭാഷയിലുണ്ടാകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ, എന്തായിരിക്കും കാരണം.

$ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചറിയാൻ എന്നും മനുഷ്യർക്ക് വലിയ താൽപര്യമാണ്. വായിക്കാനറിയാത്തവർ വാമൊഴിയായെങ്കിലും അത് കേൾക്കാൻ മോഹിക്കാറുണ്ട്. പ്രത്യേകിച്ച് പ്രമുഖരുടെ ജീവിതത്തെക്കുറിച്ചറിയാൻ വലിയ കമ്പമാണ്. സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനത്ത് വായനയും വർദ്ധിക്കുക സ്വാഭാവികമാണ്. ഇക്കാലത്ത് കൂടുതൽ പേർ ആത്മകഥകൾ എഴുതുകയും ജീവചരിത്രരചനകളിൽ  ഏർപ്പെടുകയും ചെയ്യുന്നുണ്ട്. സാധാരണക്കാർ പോലുമത് ചെയ്യുന്നുവെന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.  ഇതൊക്കെ വായിക്കാൻ കൂടുതൽ  ആളുകൾ ഉള്ളതുകൊണ്ടാണല്ലോ പുസ്തകം ഇറങ്ങുന്നത്. നോവലുകൾ ഭാവനയാണ്. എന്നാൽ  ജീവചരിത്രങ്ങൾ സത്യത്തോട് കൂടുതൽ  ചേർന്നുനിൽ ക്കുന്നവയാണെന്നതും ജിവിതാനുഭവങ്ങളാണ് അവയുടെ കാതൽ  എന്നതും ആളുകളെ ജീവചരിത്രവായനയിലേക്ക് ആകർഷിക്കുന്ന ഒരുഘടകമാണ്.
യാത്രാവിവരണങ്ങളുടെ കാര്യമെടുത്താൽ  എസ്.കെ. പൊറ്റക്കാടിനെപ്പോലെയുള്ളവരുടെ യാത്രാവിവരണങ്ങളായിരുന്നു ഒരു കാലത്ത് വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ. അപൂർവ്വം ചിലർ ഹിമാലയൻ യാത്രാനുഭവങ്ങളും എഴുതിയിരുന്നു. എന്നാൽ  ഇന്ന് യാത്രാസൗകര്യങ്ങൾ വർദ്ധിച്ചു.  സാമ്പത്തികശേഷിയുള്ളവരുടെ എണ്ണം വലിയതോതിൽ  ഉയർന്നു. തൊഴിൽ തേടി മലയാളികൾ ചെന്നുപെടാത്ത രാജ്യങ്ങളില്ലെന്ന് തന്നെ പറയാം. കൂടാതെ യാത്രചെയ്യാൻ വേണ്ടിമാത്രം ഇറങ്ങിപ്പുറപ്പെടുന്നവരുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. ചെറുപ്പക്കാരും പ്രായമുള്ളവരും ലോകസഞ്ചാരം നടത്തുന്നു. കോവിഡ് കാലത്ത് മാത്രമാണതിൽ  മാറ്റമുള്ളത്. യാത്രികരിൽ  പലരും യാത്രാവിവരണം എഴുതുന്നു. ഇപ്പോൾ ഹിമാലയൻ യാത്രാവിവരണങ്ങൾ ധാരാളമായി വരുന്നുണ്ട്. ലോകസഞ്ചാരം നടത്താൻ കഴിയാത്തവർ ഈ പുസ്തകങ്ങൾ വാങ്ങി വായിക്കുന്നു. ഏതെങ്കിലും രാജ്യത്തേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരും അവിടേക്ക് മുമ്പ് പോയവർ എഴുതിയതൊക്കെ വാങ്ങി വായിക്കുന്നു. ഇതുകൊണ്ടൊക്കെയാകാം യാത്രാവിവരണഗ്രന്ഥങ്ങൾ വർദ്ധിക്കാൻ കാരണം.

 

? കൊല്ലത്തെ പ്രമുഖവ്യവസായി ആയിരുന്ന തങ്ങൾകുഞ്ഞു മുസ്‌ലിയാരെക്കുറിച്ചുള്ളതാണ് താങ്കളുടെ ആദ്യ ജീവചരിത്രരചന. എന്താണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണം.

$ തങ്ങൾ കുഞ്ഞുമുസ്‌ലിയാർ കശുവണ്ടി മുതലാളിമാത്രമാണെന്നാണ് പൊതുജനങ്ങൾ ധരിച്ചിരുന്നത്. തങ്ങൾകുഞ്ഞുമുസലിയാർക്ക് അക്കാലത്ത് 26 കശുവണ്ടി ഫാക്ടറിയാണുണ്ടായിരുന്നത്. എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതും സാമ്പത്തിക ലക്ഷ്യത്തിനാകുമെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാൽ  അദ്ദേഹത്തിന് സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹത്തെ അടുത്തു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞാൻ വിസ്മയിച്ചുപോയി. ഒരു ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. പ്രായോഗികാദൈ്വതം: പ്രകൃതിനിയമം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണദ്ദേഹം. ശാസ്ത്രമടക്കം ചെറിയ ചെറിയ ജീവിത പ്രശ്‌നങ്ങളെയും പ്രഹേളികകളെയും സാധാരണക്കാർക്കു പറഞ്ഞുകൊടുക്കുവാനാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായുളള മുസലിയാർ  അതിലൊക്കെ ഉപരിയായി ഒരു പ്രതിഭാധനനായിരുന്നു.
പ്രകൃതിയെ പോറലേൽപ്പിക്കാതെ എങ്ങനെ വികസനം കൊണ്ടുവരാം; ഊർജം ഉൽപാദിപ്പിക്കാം എന്നൊക്കെ ചിന്തിക്കുകയും തന്നെകൊണ്ടാകുന്നവിധം അതൊക്കെ നടപ്പിൽ  വരുത്തുകയും ചെയ്തയാളാണ്. പെരിയാറിന്റെ തീരത്ത് അദ്ദേഹം വെള്ളത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാൻ ചെറുകിട വൈദ്യുതി നിലയം ഉണ്ടാക്കി യന്ത്രം പ്രവർത്തിപ്പിച്ചു. പ്രഭാതം എന്നപേരിൽ  ദിനപത്രം നടത്തി. പ്രഭാതത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു അദ്ദേഹം. വലിയ എഴുത്തുകാരുടെ എല്ലാം സുഹൃത്തായിരുന്നു. വള്ളത്തോളും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ  ഉൾപ്പെട്ടിരുന്നവരാണ്. 'കമ്മ്യൂണിസം സോഷ്യലിസം ജനാധിപത്യം: ഇന്നത്തെ പരിതഃസ്ഥിതിയിൽ എന്ന പേരിലൊരു പുസ്തകവും തങ്ങൾ കുഞ്ഞ് മുസലിയാരുടേതായുണ്ട്. അമേരിക്കയിൽ നിന്ന് ആദ്യം പറഞ്ഞ പുസ്തകത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള ഒരാളായിരുന്നു തങ്ങൾ കുഞ്ഞ് മുസലിയാരെന്ന് നാട്ടുകാർ  അറിയേണ്ടതാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ജീവിതം  ഒരു മാർഗ്ഗദീപമാണെന്ന കാര്യത്തിൽ  സംശയമില്ല.

? ലോകപ്രശസ്ത കാർട്ടൂണിസ്റ്റായിരുന്ന ശങ്കറിനെക്കുറിച്ചും ഒരു പുസ്തകം എഴുതുകയുണ്ടായി.

$ ശരിയാണ്. പുസ്തകത്തിന്റെ പേര് കാർട്ടൂണിസ്റ്റ് ശങ്കർ  എന്നുതന്നെയാണ്. കായംകുളത്തുകാരനായ ശങ്കരപിള്ളയാണ് കാർട്ടൂണിസ്റ്റ് ശങ്കറായി വളർന്നത്. ദൽഹിയിൽ  ശങ്കേഴ്‌സ് വീക്കിലിയിൽ  പോയി കുറെ വിവരങ്ങൾ ശേഖരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. എന്റെ കുട്ടിക്കാലം മുതൽ  ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിനെക്കുറിച്ച് കേൾക്കുന്നതാണ്. ശങ്കർ ഞങ്ങളുടെ നാട്ടുകാരനാണല്ലോയെന്ന് വലിയ അഭിമാനം തോന്നിയിരുന്നു. ശങ്കറിന്റെ തറവാടായ ഇല്ലികുളത്ത് വീടുമായി പിന്നീട് അടുപ്പമുണ്ടായി. അദ്ദേഹത്തിന്റെ അനന്തരവൻ എൻ.മോഹൻകുമാറുമായി നല്ല അടുപ്പമുണ്ടായിരുന്നു.  പിന്നീട് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ആയ എൻ. മോഹൻകുമാറിൽ നിന്ന് ധാരാളം വിവരങ്ങൾ ശങ്കറിനെക്കുറിച്ച് ശേഖരിച്ചു. ദൽഹിയിൽ പോയപ്പോൾ ശങ്കറിന്റെ മകനിൽ  നിന്നും വിവരങ്ങൾ കിട്ടി. ലോകമറിയുന്ന കാർട്ടൂണിസ്റ്റ് ശങ്കറിനെ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള പരിശ്രമമായിരുന്നു ആ പുസ്തകം.

 

? കഥയെഴുത്ത് കുട്ടിക്കാലം മുതൽ  കൂടെയുണ്ടായിരുന്നോ. ഈ അടുത്തകാലത്തായി പ്രസിദ്ധീകരിച്ച 'നിതാഖത്ത്' എന്ന കഥാസമാഹാരം  ശ്രദ്ധനേടുകയുണ്ടായല്ലോ. 

$ നിതാഖാത്ത്' അതേ പേരിലുളള സമാഹാരത്തിലെ ഒരു കഥയാണ്. പ്രവാസികളുടെ ദുഃഖമാണ് ഈ കഥയിലുള്ളത്. നാടും വീടും വിട്ട് വിദേശത്തുകഴിയുന്ന പ്രവാസികളുടെ മൗനനൊമ്പരങ്ങളാണതിലുള്ളത്. ജന്മനാട് പോലെതന്നെ പ്രിയപ്പെട്ടതാണ് ഓരോപ്രവാസിക്കും തങ്ങൾ ജീവിതം ചിലവിട്ട നാട്. പോറ്റമ്മയെപ്പോലെയാണത്.  ജനിച്ചമണ്ണിൽ  ജീവിച്ചതിലധികം പോറ്റിയ നാട്ടിൽ  കഴിഞ്ഞുകൂടുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. ഇങ്ങനെയുള്ള നാട് വിട്ട് മടങ്ങേണ്ടിവരുമ്പോൾ അവരുടെ ഹൃദയം വിങ്ങുക സ്വാഭാവികമാണ്. തങ്ങൾ കെട്ടിപ്പെടുത്ത കെട്ടിടങ്ങളും റോഡുകളും വിമാനത്താവളങ്ങളും ഓഫീസുകളുമൊക്കെ ഉപേക്ഷിച്ച് മടങ്ങുന്ന പ്രവാസിക്ക് എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന ചിന്തയാണ് ഇങ്ങനെയൊരു കഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. ചരിത്രം പറയുന്ന കുരിശ്, ബാരാമുള്ളയിലെ പെൺകുട്ടിയെന്നിങ്ങനെ രണ്ടു കഥാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

? ഇപ്പോൾ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്. കഥയാണോ, ജീവചരിത്രമാണോ.

$ കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി വക്കം അബ്ദുൽ ഖാദറിന്റെ ജീവചരിത്രമെഴുതികൊണ്ടിരിക്കുകയാണ്. വക്കം അബ്ദുൽ ഖാദർ എന്നപേരിൽ  മൂന്ന് പേർ അറിയപ്പെടുന്നുണ്ട്. ഐ.എൻ.എയുടെ  സ്വാതന്ത്ര്യപോരാളി വക്കം ഖാദർ ഒരാൾ. ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുകയായിരുന്നു. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സാമൂഹ്യപരിഷ്‌കർത്താവുമായ വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി മറ്റൊരാൾ. മൂന്നാമത്തെയാൾ മൗലവിയുടെ മകൻ സാഹിത്യകാരനായ വക്കം അബ്ദുൽ ഖാദർ. ഈ അബ്ദുൽ ഖാദറിന്റെ ജീവചരിത്രമാണ് എഴുതുന്നത്. 
അസാധാരണ പ്രതിഭാശാലിയായിരുന്ന വക്കം അബ്ദുൽ ഖാദറിന്റെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും പുതിയതലമുറക്ക് വലിയ അറിവില്ല. ലോകസാഹിത്യത്തെക്കുറിച്ച് വലിയ അറിവുള്ളയാളായിരുന്നു അദ്ദേഹം. ലോകത്തെവിടെയും സാഹിത്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാന്തംപോലെ മലയാളസാഹിത്യത്തിലേക്ക് ആവാഹിച്ചുകൊണ്ടുവന്ന വ്യക്തിയായിരുന്നു. അബ്ദുൽ ഖാദറിന് ജി. ശങ്കരക്കുറുപ്പ് അയച്ചകത്തുകൾ സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുത്താനതാഹയാണ് എഡിറ്റർ. കവി ജി.ശങ്കരക്കുറുപ്പും എഴുത്തുകാരി ലളിതാംബിക അന്തർജനവുമൊക്കെ അബ്ദുൽ ഖാദറിൽ നിന്ന് ഒരുപാട് ഉൾക്കൊണ്ടവരാണ്. ജിയുടെ കവിതകളെക്കുറിച്ചുള്ള അബ്ദുൽ ഖാദറിന്റെ  പഠനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളസാഹിത്യത്തിലെ തൂലികചിത്രങ്ങളുടെ പിതാവാണദ്ദേഹം. സാഹിത്യവിമർശനത്തിൽ  നാൽപതോളം ഗ്രന്ഥങ്ങളുടെ കർത്താവായ അബ്ദുൽ ഖാദറിന് അർഹിക്കുന്ന അംഗീകാരവും ലഭിച്ചില്ല. സാഹിത്യലോകം അദ്ദേഹത്തെ മറന്നു. എൻ.വി. കൃഷ്ണവാര്യരും ഗുപ്തൻനായരും എം. കൃഷ്ണൻനായരുമൊക്കെ ആദരവോടെ കണ്ടിരുന്ന വ്യക്തിത്വമാണ് അബ്ദുൽ ഖാദറിന്റേതെന്ന് ഓർക്കണം. കേസരിയുടെ മാനസ പുത്രൻ എന്നാണ് അദ്ദേഹം ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ജീവിതം പരിചയപ്പെടുത്താനുള്ള എളിയ പരിശ്രമമാണ്  ജീവചരിത്ര രചന.

?കുടുംബ വിശേഷങ്ങളൊന്നും പങ്കുവെച്ചില്ലല്ലോ.

$ ഭാര്യ ഡോ: ഫസീല യൂനുസ്. തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ടായിരുന്നു.  മകൾ: എഴുത്തുകാരിയും ഡോക്ടറുമായ ഫൗസിയ യൂനുസ്. മരുമകൻ: ഡോ. മൊഹ്‌സിൻ അലി വഹാബ്. ഓർത്തോപീഡീഷ്യനാണ്. മകൻ: ഡോ. ആഷിഖ് യൂനുസ്.
 

Latest News