Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

മനോജ്ഞം മലയാളം പഠന ശിബിരം 

മനോജ്ഞം ഭാഷാ പഠനശിബിരം പരിപാടിയിൽ പങ്കെടുത്തവർ മനോജ് കളരിക്കലിനൊപ്പം
മനോജ് കളരിക്കൽ

മലയാളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സാംസ്‌കാരിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ സംഘടിപ്പിക്കുന്ന മനോജ്ഞം ഭാഷാ പഠനശിബിരം ശ്രദ്ധേയമാകുന്നു. 
രണ്ട് പതിറ്റാണ്ടായി ഗൾഫിലും കേരളത്തിലുമായി കേരളീയ കലകളുടെയും മലയാളഭാഷയുടെയും ഉന്നമനത്തിനായി മനോജ് വിവിധ പരിപാടികൾ നടത്തി വരുന്നു. കാലാന്തരങ്ങളിൽ മലയാളിയുടെ ഓട്ട പാച്ചിലിൽ വിഘാതം വന്ന ഭാഷക്ക് ഉണർവേകാൻ ഭാഷാസ്‌നേഹികളുടെ പ്രലോഭനങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽനിന്നെല്ലാം വേറിട്ടൊരു പുതുമയാർന്ന ശബ്ദം, പ്രവർത്തനം, കർമ്മരംഗം ഇവിടെ കാണാൻ സാധിക്കും. 


മലയാള ഭാഷക്കും അതിന്റെ സാഹിത്യരൂപങ്ങൾക്കും പ്രാമുഖ്യം നൽകി മനോജ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യകളും കലാരൂപങ്ങളും ഒട്ടേറെ പ്രവാസി മലയാളികളെ ആകർഷിച്ചിരുന്നു. തന്റെ ഭാഷയെയും സാംസ്‌കാരിക തനിമകളെയും ചേർത്തുനിർത്താൻ പ്രേരിപ്പിക്കുന്ന സദ് പ്രവർത്തനമാണ് മനോജിനെ വ്യത്യസ്തനാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളിൽ മലയാളി കുടുംബങ്ങൾ അവരുടെ മക്കളെ പങ്കെടുപ്പിക്കുകയും പ്രവാസികളായ മലയാളികളിൽ മാതൃഭാഷയുടെ സ്‌നേഹവും തത്വവും ലാളിത്യവും പരിശുദ്ധിയും മനസ്സിലാക്കിക്കൊടുക്കുകയും അവരെ ഉത്തമന്മാരാക്കി മാറ്റാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. വിദ്യാർത്ഥികളിൽ മലയാളഭാഷയും വായനാശീലവും പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി മനോജ്ഞം മലയാളം എന്ന പേരിൽ നടത്തിവരുന്ന ഈ പരിപാടിയിലൂടെ ഏകദേശം 85,000 വിദ്യാർത്ഥികൾക്ക് മലയാളഭാഷ പഠിപ്പിച്ചു കഴിഞ്ഞു. 


തികച്ചും സൗജന്യമായി മനോജ് കളരിക്കൽ നടത്തി വരുന്ന പഠനശിബിരത്തിലൂടെ മലയാളത്തിന് സമഗ്ര സംഭാവനകൾ നൽകിയ മൺമറഞ്ഞ കവികളുടെയും സാഹിത്യകാരന്മാരുടെയും ഓർമ്മകൾക്ക് ആദരം അർപ്പിക്കുന്ന സാഹിത്യ പരിപാടികളും മനോജ് സംഘടിപ്പിക്കാറുണ്ട്. കലാപരിപാടികൾക്കൊപ്പം ശിൽപശാലകളും സെമിനാറുകളും മനോജ്ഞത്തിന്റെ  ഭാഗമായി അരങ്ങേറുന്നു. 


ഇരയിമ്മൻ തമ്പി, സ്വാതിതിരുനാൾ എന്നിവരുടെ കൃതികളെ ആസ്പദമാക്കി നടത്തുന്ന കാവ്യസന്ധ്യ മനോജ്ഞം നൂപുരം, കേരളീയ വാദ്യോപകരണ നൃത്തോത്സവം ആയ മനോജ്ഞം മോഹനം തുടങ്ങിയ കലാ വേദികൾക്ക് കൂടി ജീവൻ പകരുന്നു. പരിസ്ഥിതി, ആരോഗ്യ സംരക്ഷണം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു. യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും മനോജ് കാവ്യ സന്ധ്യകളും പഠനശിബിരങ്ങളും നടത്തിവരുന്നു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ മനോജ്ഞം മലയാളം കാവ്യകേളി വീക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് വരെ പ്രേക്ഷകർ എത്തിയതോടെ മലയാളഭാഷക്ക് മറുനാട്ടിൽ ലഭിച്ച വലിയ അംഗീകാരമായി മനോജ് കളരിക്കൽ കരുതുന്നു. വിസ്മയം, മനോജ്ഞം എന്നീ പേരുകളിൽ രണ്ട് കവിതാസമാഹാരങ്ങൾ പുറത്തിറക്കി. മലയാള ഭാഷ പ്രചാരണത്തിന് കർമ്മയാനം, കർമ്മശ്രീ എന്നീ പുരസ്‌കാരങ്ങൾ കൂടി ഇതിനകം മനോജിനെ തേടിയെത്തി. ദുബായിയിൽ ഒരു ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ മനോജ് കളരിക്കൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ വേണ്ടി ഇടക്കിടെ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ട്. കോവിഡ് കാലത്തും മനോജ് ഓൺലൈൻ പഠന ശിബിരങ്ങൾ തുടരുകയാണ്. 
മാതാപിതാക്കളിൽ നിന്നാണ് മനോജിന് മലയാള ഭാഷാസ്‌നേഹം പകർന്നു കിട്ടിയത്. ഇരവിപേരൂർ സെന്റ്  ജോൺസ് എച്ച്.എസ്.എസിലെ അധ്യാപകനായിരുന്ന  കുറ്റൂർ കുര്യൻ സർ, ഗൗരിഅമ്മ സർ എന്നിവരുടെ  ശിക്ഷണവും മനോജിന്റെ മലയാള ഭാഷയോടുള്ള താല്പര്യത്തിനു ഉണർവേകി. കോഴഞ്ചേരി  മേലുകര  സ്വദേശിയായ മനോജ് കളരിക്കൽ കെ.എൻ സരസമ്മയുടെയും രാമചന്ദ്രൻ നായരുടെയും പുത്രനാണ്. 
സീതത്തോട് എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ഭാര്യ മഞ്ജു മനോജും മക്കളായ ശ്രീലക്ഷ്മി മനോജ്, ശ്രീഹരി മനോജ് എന്നിവർ മനോജിനോടും കേരളീയ കലകളോടുമുള്ള സ്‌നേഹത്തിന് പിന്തുണ നൽകി വരുന്നു.

Latest News